തിരുവനന്തപുരം: പരിമിതികളെ മറികടന്ന് റോക്കറ്റ് വിക്ഷേപിച്ച് വഴുതക്കാട് അന്ധവിദ്യാലയത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. സ്പര്‍ശം 2023 പദ്ധതിയിലൂടെയാണ് മോഡൽ റോക്കറ്റുകളുടെ വിക്ഷേപണം നടത്തിയത്. ലോകത്ത് തന്നെ ആദ്യമായാണ് കാഴ്ച പരിമിതിയുള്ള കുട്ടികൾ റോക്കറ്റ് നിർമ്മാണത്തിന്റെ ഭാഗമാകുന്നതും അത് വിക്ഷേപിക്കുന്നതും. 15 പേരടങ്ങുന്ന സംഘമാണ് 5 റോക്കറ്റിന്റെ മാതൃക നിർമ്മിക്കുകയും വിക്ഷേപിക്കുകയും ചെയ്തത്. വഴുതക്കാട് പോലീസ് ഗ്രൗണ്ടിൽ വച്ചായിരുന്നു വിക്ഷേപണം.
ബ്രൂണോ, കൈസർ, സൂര്യ, സ്പേസ് മിഷൻ, പ്രതിഭ എന്നീ അഞ്ച് റോക്കറ്റുകളുടെ മാതൃകയായിരുന്നു വിക്ഷേപിച്ചത്. ഒറ്റ ദിവസം കൊണ്ടാണ് ഇവർ ഇതിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കിയത്. 2000ൽ കാഴ്ച വൈകല്യമുള്ള കുറച്ച് കൂട്ടികളുമായി ചേർന്ന് നാസ ഒരു റോക്കറ്റ് വിക്ഷേപിച്ചിരുന്നു. എന്നാൽ ലോകത്ത് തന്നെ ആദ്യമായാണ് കാഴ്ച പരിമിതിയുള്ളവർ റോക്കറ്റ് നിർമ്മാണത്തിന്റെ ഭാഗമാകുന്നത്. റോക്കറ്റ് നിർമ്മിക്കാനും വിക്ഷേപിക്കാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും.
ശാസ്ത്ര സാങ്കേതിക മേഖലകളിൽ നിന്നും മാറി നിൽക്കേണ്ടവരല്ല കാഴ്ച പരിമിതര്‍ എന്ന് കൂടി തെളിയിച്ചിരിക്കുകയാണ് ഈ വിക്ഷേപണ പരീക്ഷണത്തിലൂടെ. പരിമിതികളെ മറികടന്ന് വലിയ ഒരു ദൗത്യം കുട്ടികൾ പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് സ്കൂളിലെ പ്രധന അധ്യാപിക.
Also Read: Crime: ഇടുക്കിയിൽ ഗാനമേളക്കിടെ സംഘര്‍ഷം; തടയാന്‍ എത്തിയ പോലീസ് സംഘത്തിന് നേരെ അതിക്രമം
തിരുവനന്തപരം സ്വദേശി ആതിര പ്രീത റാണിയാണ് കൂട്ടികൾക്ക് ആവശ്യമായ സഹായം നൽകിയത്. ബഹിരാകാശ യാത്രയ്ക്ക് പരിശീലനം ലഭിച്ച ആളാണ് ആതിര. തൈക്കാട് ബ്ലൈൻഡ് സ്കൂളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു കുട്ടികൾ റോക്കറ്റ് കാണണം എന്ന ആഗ്രഹം ആതിരയുമായി പങ്ക് വയ്ക്കുന്നത്. റോക്കറ്റ് വിക്ഷേപണത്തിന്റെ മുഴുവൻ ചെലവും വഹിച്ചത് ആതിരയാണ്. രണ്ടായിരം രൂപയോളമാണ് ഒരു റോക്കറ്റ് നിർമ്മാണത്തിനായുള്ള ചെലവ്.
കരിമരുന്ന് ഉപയോഗിച്ച് കൊണ്ട് പ്രവർത്തിക്കുന്ന മോട്ടോർ ആണ് റോക്കറ്റിൽ ഉപയോഗിച്ചത്. 110 മീറ്ററോളം ഉയരത്തിൽ പോകാൻ ശേഷിയുള്ള റോക്കറ്റുകളാണ് നിർമ്മിച്ചത്. റോക്കറ്റിന്റെ മാതൃക നിർമ്മിക്കുകയും വിജയകരമായി അത് വിക്ഷേപിക്കുകയും ചെയ്തതോടെ അകകാഴ്ചയിലൂടെ കൂടുതൽ ഉയരങ്ങൾ കീഴടക്കണമെന്ന മോഹമാണ് വിദ്യർത്ഥികൾക്കുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...