INL Split | അനിവാര്യമായ പിളര്‍പ്പ്; ഐഎന്‍എലില്‍ ഇത് എന്നേ സംഭവിക്കേണ്ടിയിരുന്നത്... എന്തുകൊണ്ട് ഇപ്പോള്‍?

പാർട്ടിയെ ശക്തിപ്പെടുത്താൻ കിട്ടിയ ഏറ്റവും മികച്ച അവസരം ആണ് വിഭാ​ഗീയ പ്രവർത്തനങ്ങളിലൂടെ നഷ്ടമായത് എന്നതാണ് പ്രവർത്തക വികാരം. സംസ്ഥാന കൗൺസിലിൽ ഭൂരിപക്ഷം തെളിയിച്ചതോടെ വഹാബ് വിഭാ​ഗത്തിന് ഇടതുമുന്നണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമോ എന്നും അറിയേണ്ടതുണ്ട്.

Written by - Binu Phalgunan A | Last Updated : Feb 18, 2022, 04:13 PM IST
  • 2021 ജൂലായിൽ സംഭവിച്ച പിളർപ്പ് ഐഎൻഎലിലെ ഇരുപക്ഷങ്ങളേയും യോജിക്കാനാകാത്തവണ്ണം അകറ്റിയിരുന്നു
  • കാന്തപുരത്തിന്റെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ശ്രമങ്ങളെ തുടർന്നാണ് സമവായം സാധ്യമാക്കിയത്
  • ദേശീയ നേതൃത്വം കാസിം ഇരിക്കൂറിനൊപ്പമെങ്കിലും സംസ്ഥാന കൗൺസിലിൽ തനിക്കാണ് ഭൂരിപക്ഷമെന്ന് അബ്ദുൾ വഹാബ് ഇപ്പോൾ തെളിയിച്ചു
INL Split | അനിവാര്യമായ പിളര്‍പ്പ്; ഐഎന്‍എലില്‍ ഇത് എന്നേ സംഭവിക്കേണ്ടിയിരുന്നത്... എന്തുകൊണ്ട് ഇപ്പോള്‍?

കോഴിക്കോട്: മുസ്ലീം ലീഗ് പിളര്‍ന്ന് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചത് മുതല്‍ ഇന്നുവരെ ആ പാര്‍ട്ടി അഭിമുഖീകരിച്ചതില്‍ വച്ച് ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഒരുപക്ഷേ, രാഷ്ട്രീയമായി ഐഎന്‍എല്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അവര്‍ വലിയ താഴ്ചയിലേക്കാണ് പതിച്ചത്.

1994 ല്‍ പാര്‍ട്ടി രൂപീകൃതമായതിന് ശേഷം. ഇക്കാലമത്രയും എല്‍ഡിഎഫിനൊപ്പമാണ് നിലകൊണ്ടത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍, ഒരു എംഎല്‍എയെ സംഭാവന ചെയ്യാന്‍ ഐഎന്‍എലിന് കഴിഞ്ഞു. മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ഘടകക്ഷികളെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് സിപിഎം, ഐഎന്‍എലിന് മന്ത്രിസ്ഥാനം നല്‍കി. ഐഎന്‍എലിനെ പോലെ ഒരു പാര്‍ട്ടിയെ സംബന്ധിച്ച് വളരാനുള്ള ഏറ്റവും വലിയ സാഹചര്യമായിരുന്നു അത്. എന്നാല്‍, പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയായിരുന്നു ആ മന്ത്രിപദവി. ഒടുവില്‍ പാര്‍ട്ടിയുടെ യഥാര്‍ത്ഥ പിളര്‍പ്പിലേക്കും കാര്യങ്ങളെത്തിയിരിക്കുന്നു.

2021 ജൂലായ് മാസത്തിലായിരുന്നു ഐഎന്‍എല്‍ പിളര്‍ന്നു എന്ന വാര്‍ത്ത ആദ്യം പുറത്ത് വന്നത്. കൊച്ചിയില്‍ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ തര്‍ക്കം ഒടുവില്‍ തെരുവുയുദ്ധത്തിലേക്ക് വരെ നീങ്ങി. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ കാസിം ഇരിക്കൂറും സംഘവും എപി അബ്ദുള്‍ വഹാബിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. പാര്‍ട്ടിയിലെ പിന്തുണയുടെ ബലത്തില്‍ കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതായി എപി അബ്ദുള്‍ വഹാബും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐഎന്‍എല്‍ പിളര്‍ന്നു എന്ന് ഉറപ്പാക്കിയ സംഭവങ്ങളായിരുന്നു അത്. എന്നാല്‍ മന്ത്രിസ്ഥാനമുള്ള ഒരു ഘടകക്ഷിയുടെ പിളര്‍പ്പ് സിപിഎമ്മിനെ സംബന്ധിച്ച് അംഗീകരിക്കാന്‍ ആകുന്ന ഒന്നായിരുന്നില്ല. സിപിഎമ്മിന്റെ കൂടി താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു കാന്തപുരത്തിന്റെ മധ്യസ്ഥതയിൽ ഐഎന്‍എലില്‍ മഞ്ഞുരുക്കലും അനുരഞ്ജനവും എല്ലാം നടന്നത്.

2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടിയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടങ്ങിയിരുന്നു. കാസിം ഇരിക്കൂര്‍ പാര്‍ട്ടി പിടിച്ചടക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു വഹാബ് വിഭാഗത്തിന്റെ ആക്ഷേപം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എപി അബ്ദുള്‍ വഹാബിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആയിരുന്നു സിപിഎമ്മിന്റെ താത്പര്യം. എന്നാല്‍ അഹമ്മദ് ദേവര്‍കോവിലിന്റെ അഭ്യര്‍ത്ഥന മാനിച്ച്, അബ്ദുള്‍ വഹാബ് മണ്ഡലം വിട്ടുനല്‍കുകയായിരുന്നു എന്നാണ് വിവരം. അതിന് ശേഷവും, വഹാബ് വിഭാഗത്തിലെ എന്‍കെ അബ്ദുള്‍ അസീസിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചില നീക്കങ്ങള്‍ സിപിഎം നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നാല്‍, ഒടുവില്‍ അന്തിമ തീരുമാനം ഐഎന്‍എലിന് തന്നെ വിടുകയും ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന അഹമ്മദ് ദേവര്‍കോവിലിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ ദേവര്‍കോവില്‍ അട്ടിമറി വിജയം നേടി, ഒടുവില്‍ മന്ത്രിസഭയില്‍ എത്തുകയും ചെയ്തു.

മന്ത്രിസ്ഥാനം കിട്ടിയതോടെ, കാസിം ഇരിക്കൂര്‍- ദേവര്‍കോവില്‍ വിഭാഗം എപി അബ്ദുള്‍ വഹാബിനേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരേയും തീര്‍ത്തും ഒറ്റപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചു എന്നാണ് ആക്ഷേപം. മുന്നണിയ്ക്കും പാര്‍ട്ടിയ്ക്കും അപകീര്‍ത്തികരമായ പല പ്രവര്‍ത്തനങ്ങളും കാസിം ഇരിക്കൂര്‍- ദേവര്‍കോവില്‍ അച്ചുതണ്ടിന്റെ നേതൃത്വത്തില്‍ നടന്നു എന്ന ആക്ഷേപവും ഉയര്‍ന്നു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങളെ നിർണയിക്കുന്നതിലും അധികാര സ്ഥാനങ്ങളിലേക്ക് ആളുകളെ നോമിനേറ്റ് ചെയ്യുന്നതിലും എല്ലാം ഏകപക്ഷീയമായ തീരുമാനങ്ങൾ സ്വീകരിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. സിപിഎം തന്നെ ചില വിഷയങ്ങളില്‍ കാസിം- ദേവർകോവിൽ വിഭാ​ഗത്തിനെതിരെ വിമര്‍ശനാത്മക നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് പരസ്യ പോരാട്ടത്തിലേക്ക് എപി അബ്ദുള്‍ വഹാബും കാസിം ഇരിക്കൂറും കടക്കുന്നത്. ഒടുവില്‍ അത് കൊച്ചിയിലെ സംഘര്‍ഷത്തിലേക്ക് വരെ എത്തി.

കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ മധ്യസ്ഥതയില്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സമവായം സാധ്യമാക്കിയത്. എന്നാല്‍ ഈ സമവായ നിര്‍ദ്ദേശങ്ങള്‍ കാസിം ഇരിക്കൂറും അഹമ്മദ് ദേവര്‍കോവിലും തുടര്‍ച്ചയായി ലംഘിച്ചു എന്ന ആക്ഷേപം വഹാബ് പക്ഷത്തിനുണ്ട്. അത്തരമൊരു ഘട്ടത്തില്‍ ഒത്തുതീര്‍പ്പ് തന്നെ അപ്രസക്തമാണെന്ന നിലപാടിലാണ് അവര്‍.

ഈ വിഷയം എരിഞ്ഞുകത്തിക്കൊണ്ടിരിക്കവെയാണ് വഖഫ് നിയമനങ്ങള്‍ സംബന്ധിച്ച വിവാദങ്ങളും തുടങ്ങുന്നത്. മുസ്ലീം ലീഗിനെതിരെ ആഞ്ഞടിക്കാനുള്ള അവസരമായി വഹാബ് പക്ഷം ഇതിനെ കണ്ടെങ്കിലും അതിനോട് അനുകൂല നിലപാടായിരുന്നില്ല കാസിം- ദേവര്‍കോവില്‍ പക്ഷത്തിന്.  വഖഫ് സംരക്ഷണ സമിതി യോഗത്തില്‍ ദേവര്‍കോവില്‍ പങ്കെടുക്കുകയും ചെയ്തില്ല. വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗിനെ പരോക്ഷമായി പിന്തുണയ്ക്ക നിലപാടാണ് കാസിം വിഭാഗത്തിന്റേത് എന്നായിരുന്നു വഹാബ് പക്ഷത്തിന്റെ ആരോപണം. ഒടുവില്‍ പാര്‍ട്ടിയ്ക്കുള്ളിലെ തര്‍ക്കം മുറുകുകയും പരസ്യ പ്രതികരണങ്ങളിലേക്ക് നീങ്ങുകയും ചെയ്തു.

ഘടകകക്ഷിയെങ്കിലും ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനത്തില്‍ എല്‍ഡിഎഫ് ഐഎന്‍എലിന് വേണ്ട പരിഗണന നല്‍കിയിരുന്നില്ല. പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതിന് ശേഷം അക്കാര്യം പരിഗണിക്കാം എന്ന നിലപാടാണ് സിപിഎമ്മിന് ഇക്കാര്യത്തിലുള്ളത്. അധികാര സ്ഥാനങ്ങളിലേക്ക് കാസിം- ദേവര്‍കോവില്‍ സംഘത്തിന് വേണ്ടപ്പെട്ടവരെ മാത്രമേ പരിഗണിക്കുന്നുള്ളു എന്ന ആക്ഷേപം ഇതിനകം തന്നെ ഉയരുകയും ചെയ്തിരുന്നു. 

കേരളത്തിലെ പാര്‍ട്ടിയ്ക്കുള്ളില്‍ തര്‍ക്കം ഉടലെടുത്തപ്പോഴെല്ലാം ദേശീയ നേതൃത്വം കാസിം ഇരിക്കൂറിനൊപ്പമാണ് നിന്നത്. ഇപ്പോഴും ദേശീയ നേതൃത്വത്തിന് അതേ നിലപാടാണ് ഉള്ളത്. സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാനുള്ള ദേശീയ എക്‌സിക്യൂട്ടീവിന്റെ തീരുമാനത്തിന് കാരണവും ഇതാണെന്നാണ് വഹാബ് പക്ഷത്തിന്റെ ആരോപണം. എന്തായാലും ഇതിന് പിറകെ ആയിരുന്നു എപി അബ്ദുള്‍ വഹാബ് സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തതും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതും. 120 അംഗങ്ങളുള്ള സംസ്ഥാന കൗണ്‍സിലില്‍ 77 പേര്‍ പങ്കെടുത്തു പോഷക സംഘടനകളില്‍ നിന്നായി 20 പേര്‍ വേറേയും പങ്കെടുത്തിട്ടുണ്ട്. ഇതോടെ പാര്‍ട്ടിയില്‍ എപി അബ്ദുള്‍ വഹാബിന് ഭൂരിപക്ഷം തെളിയിക്കാനായിട്ടുണ്ട്.  എപി അബ്ദുള്‍ വഹാബിനെ പ്രസിഡന്റ് ആയും നാസര്‍ കോയ തങ്ങളെ ജനറല്‍ സെക്രട്ടറിയായും സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുത്തു. വഹാബ് ഹാജിയാണ് ട്രഷറര്‍.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ പിളര്‍ന്ന പാര്‍ട്ടി ഏഴ് മാസക്കാലം ഏച്ചുകെട്ടിയ കയര്‍ പോലെ എങ്ങനെ മുന്നോട്ട് പോയി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ആശ്ച്വര്യപ്പെടുന്നത്. അന്നേ പിളര്‍പ്പ് പൂര്‍ണമായിരുന്നെങ്കില്‍ ഇരുവിഭാഗങ്ങളുടേയും രാഷ്ട്രീയ സാന്നിധ്യം എത്തരത്തിലുള്ളതാകുമെന്ന് ഈ കാലയളവില്‍ നിര്‍ണയിക്കപ്പെടുകയും ചെയ്യുമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News