കോഴിക്കോട്: യഥാർത്ഥത്തിൽ ഐഎൻഎൽ പിളർപ്പോടെ ചെറുതല്ലാത്ത ആശങ്ക ഉടലെടുത്തത് എൽഡിഎഫിലാണ്. മുന്നണി ഇടതാണെങ്കിലും ഐഎൻഎൽ കാസിം ഇരിക്കൂർ വിഭാഗത്തിൻറെ അപ്രഖ്യാപിത വിധേയത്വം മുസ്ലീം ലീഗിനോടാണെന്നാണ് ആരോപണം. അതല്ലായിരുന്നെങ്കിൽ മുസ്ലീം ലീഗ് വിരുദ്ധരുടെ കൂട്ടായ്മയില്‍ കോഴിക്കോട് സംഘടിപ്പിക്കപ്പെട്ട വഖഫ് ആക്ഷന്‍ കൗണ്‍സില്‍ കൺവെൻഷനിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ പങ്കെടുത്തേനെ എന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഐ.എൻ.എൽ പാര്‍ട്ടി പ്രസിഡന്റായ എ പി അബ്ദുല്‍ വഹാബ് പിടിഎ റഹീം എംഎല്‍എക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത് കാസിം ഇരിക്കൂർ വിഭാഗത്തിന് ഒരു തരത്തിൽ മുഖത്തേറ്റ അടിയായിരുന്നു. എന്ന് മാത്രമല്ല ഒറ്റ വെട്ടിന് രണ്ട് തുണ്ട് എന്ന പോലെയായിരുന്നു പിന്നീട് ഐഎൻഎല്ലിൻറെ പിളർപ്പും.
മുസ്ലീം ലീഗിനെതിരെ സമുദായത്തിനകത്തു തന്നെ ബഹുജന അഭിപ്രായം സ്വരൂപിക്കപ്പെടുന്ന പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവർ കോവിൽ പങ്കെടുക്കാതിരുന്നത് ലീഗ് നേതൃത്വവുമായുള്ള ബാന്ധവം കൊണ്ടാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് ശരിവെച്ച പോലെയാണ് മുസ്ലീം ലീഗ് കോഴിക്കോട് സൗത്ത് മണ്ഡലം പിരിച്ചുവിട്ടത്.
വഖഫ് വിവാദത്തിൽ എൽഡിഎഫിന് മുസ്ലീം ലീഗിനെതിരെ പൊരുതാൻ ഐഎന്‍എല്ലിനെ മുന്നിൽ നിർത്തുകയാണ് വഴി. അത് കൊണ്ട് തന്നെ ഇടതുപക്ഷത്തിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നത് വഹാബ് വിഭാഗക്കാരനും ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എന്‍കെ അബ്ദുല്‍ അസീസ് ആയിരുന്നു.
മുസ്ലീം ലീഗിനെ അടിമുടി പ്രതിരോധത്തിലാക്കുന്ന വഖഫ് ആക്ഷന്‍ കൗണ്‍സിലുമായി അബ്ദുല്‍ വഹാബ് രംഗത്ത് വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് കാസിം ഇരിക്കൂര്‍ വിഭാഗം ശ്രമിച്ചത്. ഇത് സംബന്ധിച്ച് വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സമസ്ത മുശാവറ അംഗം പോലും പിന്തുണ പ്രഖ്യാപിക്കാനുള്ള സാഹചര്യമുണ്ടാക്കിയ വഖഫ് ആക്ഷന്‍കൗണ്‍സിലിനെ ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറിയും മന്ത്രി ദേവര്‍കോവിലും എതിര്‍ക്കുന്നതിന്റെ രാഷ്ട്രീയം എന്താണെന്നാണ് വഹാബ് വിഭാഗം ഉയര്‍ത്തുന്ന ചോദ്യം.
കാസിം ഇരിക്കൂർ വിഭാഗത്തിൻറെയും മന്ത്രി അഹമ്മദ് ദേവർ കോവിലിൻറെയും പ്രവർത്തനങ്ങൾ നോക്കിയാൽ തന്നെ ഇത് കൃത്യമായി മനസ്സിലാക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.മുസ്ലിം സമുദായത്തിന്റെ വലിയ ഐക്യവേദിക്കായി എ പി അബ്ദുല്‍വഹാബ് നേതൃത്വം നല്‍കി വരുമ്പോഴാണ് കാന്തപുരത്തിന്റെ മധ്യസ്ഥതയില്‍ എടുത്ത തീരുമാനങ്ങള്‍ റദ്ദ് ചെയ്തുകൊണ്ട് അഖിലേന്ത്യാ നേതൃത്വത്തെ കൂട്ടുപിടിച്ച് ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടപ്പെടുന്നതും മന്ത്രി ദേവര്‍കോവില്‍ അഡ്‌ഹോക് കമ്മിറ്റിയുടെ ചെയര്‍മാനാകുന്നതും.
ഇപ്പോൾ പിളരും എന്ന അവസ്ഥയിൽ നിന്നും അൽപ്പം പ്രതീക്ഷകൾ ഐഎൻഎല്ലിൽ ഉയർന്ന് വരുന്ന ഘട്ടത്തിലാണ് പുതിയ പിളർപ്പും വിവാദങ്ങളും ഉണ്ടാവുന്നതെന്നത് ശ്രദ്ധേയമാണ്. പിളർച്ചയോടെ താരതമ്യേനെ ശക്തി കുറഞ്ഞ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളുടെ ഭാവി എങ്ങിനെ എന്നതും ചോദ്യ ചിഹ്നമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...