തിരുവനന്തപുരം: ബ്രഹ്മപുരം പ്രശ്നത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരായ പോലീസ് നടപടിയിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ എ.എൻ ഷംസീർ അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം ഉയർത്തിയത്. വിഷയം അടിയന്തരപ്രമേയമായി പരിഗണിക്കാനാവില്ലെന്നും സബ്മിഷൻ ആയി ഉന്നയിക്കാം എന്നുമായിരുന്നു സ്പീക്കറുടെ നിലപാട്.
മുതിർന്ന കോൺഗ്രസ് നേതാക്കളെ പോലും പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും ഗൗരവമുള്ള വിഷയമാണിതെന്നും വിഡി സതീശന്‍ സഭയിൽ പറഞ്ഞു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരും എന്നതിനാലാണ് അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഈ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിനെതിരെ സ്പീക്കര്‍ നടത്തിയ പരാമര്‍ശം പ്രതിപക്ഷ പ്രതിഷേധത്തിന് ആക്കം കൂട്ടി. ഷാഫി അടുത്ത തവണ തോല്‍ക്കുമെന്നാണ് സ്പീക്കർ പറഞ്ഞത്.
Also Read: സ്വപ്നയുടെ പരാതിയിൽ വിജേഷിനെതിരെ കേസെടുത്ത് കർണാടക പോലീസ്
കോര്‍പറേഷന്‍ കൗണ്‍സിലില്‍ യുഡിഎഫ് കൗൺസിലർമാർ പങ്കെടുക്കില്ല എന്ന് അറിയിച്ചതാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും പ്രശ്നങ്ങൾ സഭയിൽ ചർച്ച ചെയ്യാൻ സാധിക്കില്ലെന്ന് സ്പീക്കർ സഭയില്‍ റൂളിംഗ് നല്‍കി. ഇതോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് സ്പീക്കർ ഷാഫിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ് എല്ലാവരും, അത് മറക്കേണ്ട, അടുത്ത തവണ തോൽക്കും എന്ന് ഷാഫി പറമ്പിലിനോട് സ്പീക്കർ പറഞ്ഞു.
അതേസമയം സ്പീക്കറുടെ വിവാദ പരാമർശത്തിന് ഷാഫി പറമ്പിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകി. അത് പാലക്കാട്ടുകാരും എന്റെ പാർട്ടിയും തീരുമാനിക്കും എന്നായിരുന്നു ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പിന്തുണയുമായി എത്തിയത്. ഷംസീർ അല്ല, പാലക്കാട്ടെ ജനങ്ങളാണ് ഷാഫി തോൽക്കുമോ ജയിക്കുമോ എന്ന കാര്യം തീരുമാനിക്കുന്നതെന്നായിരുന്നു കൂടുതൽ കമന്റുകളും. കഴിഞ്ഞതവണ ബിജെപിക്ക് വോട്ട് സിപിഎം മറിച്ചു നൽകി എന്നിട്ടും ഷാഫി ജയിച്ചു എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. പാലക്കാടിന്റെ ഉയിരാണ് ഷാഫിക്ക എന്നാണ് മറ്റ് ചിലർ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...