Saji Cheriyan : പിണറായി സർക്കാരിന്റെ രണ്ടാം ഇന്നിങ്സിലെ ആദ്യ വിക്കറ്റ്; സജി ചെറിയാൻ

Saji Cheriyan Resignantion സംസ്ഥാന നേതൃത്വം ഒന്നടങ്കം സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തെ ന്യായികരിച്ചെങ്കിലും അവസാനം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ രണ്ടാം പിണറായി മന്ത്രിസഭയുടെ പുറത്തേക്ക് സജി ചെറിയാന് പോകേണ്ടി വന്നു.

Written by - Jenish Thomas | Last Updated : Jul 6, 2022, 08:53 PM IST
  • അപ്പർ-കുട്ടനാടൻ ഭാഷശൈലിയും രാജിയും
  • വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ആലപ്പുഴയിലെ ശക്തനായ സിപിഎം നേതാവിലേക്ക്
  • ചെങ്ങന്നൂരിൽ നിന്ന് ആലപ്പുഴയിലേക്ക്
  • കോൺഗ്രസിന്റെ കോട്ട തകർത്ത ചെറിയാൻ മാജിക്ക്
Saji Cheriyan : പിണറായി സർക്കാരിന്റെ രണ്ടാം ഇന്നിങ്സിലെ ആദ്യ വിക്കറ്റ്; സജി ചെറിയാൻ

Saji Cheriyan Resignation : സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലിൽ സംസ്ഥാന സർക്കാരും അതിനാസ്പദമായി മുഖ്യമന്ത്രിയുടെ മകളുടെ പേരും മറ്റും വന്ന് പിണറായി വിജയനും പ്രതിരോധത്തിലായിരുന്ന സമയത്താണ് ക്രിക്കറ്റിൽ പറയുന്നത് പോലെ ഒരു ഹിറ്റ് വിക്കറ്റായി സജി ചെറിയാന്റെ വിവാദവും രാജിയും. സംസ്ഥാന നേതൃത്വം ഒന്നടങ്കം സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തെ ന്യായികരിച്ചെങ്കിലും അവസാനം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ രണ്ടാം പിണറായി മന്ത്രിസഭയുടെ പുറത്തേക്ക് സജി ചെറിയാന് പോകേണ്ടി വന്നു.

അപ്പർ-കുട്ടനാടൻ ഭാഷശൈലിയും രാജിയും 

അപ്പർ-കുട്ടനാടൻ സ്വദേശം ചെങ്ങന്നൂരാണ് സജി ചെറിയാന്റെ ജന്മസ്ഥലം. കൊഴുവല്ലൂർ തെങ്ങുംതറയിൽ ടി.ടി ചെറിയാന്റെയും ശോശാമ്മ ചെറിയാന്റെയും മകനായി ജനിച്ച സജി ചെറിയാൻ പ്രാദേശിക തലത്തിലെ വിദ്യഭ്യാസ രാഷ്ട്രീയത്തിലൂടെയാണ് ഇടതുപക്ഷത്തിന്റെ ഭാഗമാകുന്നത്. മന്ത്രി തന്റെ വിവാദ പ്രസംഗത്തിലും ആ പ്രദേശിക തലത്തിലുള്ള ഭാഷശൈലിയെ ന്യായികരിക്കാൻ ഉപയോഗിക്കുകയും ചെയ്തു. ചെങ്ങന്നൂരിനോട് അടുത്ത പത്തനംതിട്ടയിലെ അതിർത്തി ഗ്രമമായ മല്ലപ്പള്ളിയിലെ പ്രസംഗത്തിനും മന്ത്രി അതെ ഭാഷശൈലി ഉപയോഗിക്കേണ്ടി വന്നു എന്നാണ് മന്ത്രി നൽകുന്ന വാദം. 

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ആലപ്പുഴയിലെ ശക്തനായ സിപിഎം നേതാവിലേക്ക്

ആലപ്പുഴ നഗരത്തിന് പുറത്ത് നിന്ന് പാർട്ടിയുടെ ആലപ്പുഴ ജില്ല നേതൃത്വത്തിന്റെ തലപ്പത്തേക്ക് വരിക എന്ന് പറയുന്നത് അത്രകണ്ട് എളുപ്പകരമല്ല. പ്രത്യേകിച്ച് മാവേലിക്കര, ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെത്തുന്നവർക്ക്. സജി ചെറിയാൻ വിദ്യാഭ്യാസ രാഷ്ട്രീയങ്ങൾക്ക് തുടക്കമിടുന്നത് ഈ മേഖലകളിൽ നിന്നായിരുന്നു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ നിന്ന് പ്രീ ഡിഗ്രിയെടുത്ത് ബിരുദത്തിനായി എത്തിയത് എസ്എഫ്ഐയുടെ പൊന്നാപുരം കോട്ടയെന്ന് മാവേലിക്കരക്കാർ വിശേഷിപ്പിക്കുന്ന ബിഷപ് മൂർ കോളജിൽ. അവിടെ നിന്ന് യൂണിവേഴ്സിറ്റി കൌൺസിലർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 

ALSO READ : Saji Cheriyan Resigns : 'സജി ചെറിയാനെ തിരികെ കൊണ്ടുവരാൻ ഡാമൊന്നും തുറന്ന് വിടരുതെ': വി.ടി ബലറാം

ആലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് നേതാക്കൾ എന്ന് പറയുമ്പോൾ അച്യുതാനന്ദൻ, ഗൌരിയമ്മ, ജി.സുധാകരൻ, തോമസ് ഐസക്ക് എന്നിങ്ങനെ പേരുകളാൽ സംപുഷ്ടമായി നിൽക്കുമ്പോഴാണ് പ്രാദേശിക തലത്തിൽ നിന്നുള്ള ചെറിയാന്റെ വളർച്ച. എസ്എഫ്ഐ ആലപ്പുഴ ജില്ല സെക്രട്ടറി പിന്നീട് പ്രസിഡന്റ് എന്നീ പദവികളിലൂടെ സജി ചെറിയാൻ തന്റെ പേര് വിപ്ലവ നാട്ടിൽ എഴുതി ചേർക്കുകയും ചെയ്തു. 

ചെങ്ങന്നൂരിൽ നിന്ന് ആലപ്പുഴയിലേക്ക്

തിരുവനന്തപുരം ലോ അക്കാദമിയിലെ നിയമബിരുദത്തിന് ശേഷം സജി ചെറിയാൻ തന്റെ രാഷ്ട്രീയ പ്രവർത്തനം പ്രാദേശികമായി ഒന്നും കൂടി ആരംഭിച്ചു എന്ന് പറയാം. 1990ൽ ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായി. പിന്നീട് 1995ൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുളക്കുഴ ഡിവിഷനിൽ നിന്ന് ആലപ്പുഴ ജില്ല പഞ്ചായത്തംഗമായി. അടുത്ത തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തു.

എന്നാൽ ചെറിയാന് നിയമസഭയിലേക്കുള്ള ആദ്യ പോരാട്ടം പൊള്ളി. 2006ൽ ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി സി വിഷ്ണുനാഥിന്റെ മുന്നിൽ തോൽക്കേണ്ടി വന്നു. തുടർന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് അൽപം മാറി നിന്ന് സിപിഎമ്മിന്റെ പാർട്ടി പ്രവർത്തനങ്ങൾ ചെറിയാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 

ALSO READ : Saji Cheriyan Resigns : ഭരണഘടന വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവച്ചു

സജി ചെറിയാനും സിപിഎമ്മും ആലപ്പുഴയും

ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും വിശ്വസ്തനായ ഒരു നേതാവുണ്ടെങ്കിൽ അത് സജി ചെറിയാൻ എന്നാണ് പാർട്ടിക്കുള്ളിൽ ഉള്ളവർ പോലും അഭിപ്രായപ്പെടുന്നത്. സുധാകരനും ഐസക്കും എന്ന പേരിൽ നിന്നിരുന്ന ആലപ്പുഴ പാർട്ടി നേതൃത്വത്തിലേക്ക് പിണറായി വിജയൻ കൊണ്ടുവന്ന തുറുപ്പ് ചീട്ടായിരുന്നു സജി ചെറിയാൻ. അത് വിജയം കണ്ടു എന്ന് തന്നെ പറയാം. 2014 ജില്ല സെക്രട്ടറിയായിരുന്ന ചെറിയാൻ 2018ലും അതേ സ്ഥാനത്ത് തന്നെ തുടർന്നു. 

കോൺഗ്രസിന്റെ കോട്ട തകർത്ത ചെറിയാൻ മാജിക്ക്

ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നെങ്കിലും സജി ചെറിയാന് മേൽ ഉണ്ടായിരുന്ന ഏറ്റവും വലിയ സമ്മർദം ചെങ്ങന്നൂർ എന്ന കോൺഗ്രസിന്റെ കോട്ടയായിരുന്നു. അത് എങ്ങനെയെങ്കിലും പിടിച്ചെടുത്താലെ ചെറിയാന് രാഷ്ട്രീയപരമായ വിജയം നേടിയെന്ന് പറയാൻ സാധിക്കു. 2006 മണ്ഡലത്തിൽ പുറത്ത് നിന്നെത്തിയ വിഷ്ണുനാഥിനോട് തോറ്റെങ്കിൽ അതെ നാണയത്തിൽ പത്ത് വർഷങ്ങൾക്ക് ശേഷം ചെറിയാൻ മറുപടി നൽകി.

പൊതുവെ നായർ ക്രിസ്ത്യൻ ഈഴവ വോട്ടുകളാൽ സമ്പന്നമായ ചെങ്ങന്നൂർ മണ്ഡലത്തിൽ നായർ വോട്ടുകൾ വിഭജിക്കാനുള്ള ചെറിയാന്റെ തന്ത്രം ഫലിച്ചു. സ്ഥാനർഥിയായി നിർത്തിയത് കെ.കെ രാമചന്ദ്രൻ നായരെ നിർത്തിയാണ് ചെറിയാന്റെ പരീക്ഷണം. കൂടാതെ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ബിജെപി സ്ഥാനാർഥിയായി എത്തിയതോടെ നായർ വോട്ട് ഒന്നും കൂടി വിഭജിച്ചു. 8,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാമചന്ദ്രൻ നായർ സംസ്ഥാന നിയമസഭയിലെത്തി. 

2018ൽ അസുഖ ബാധിതനായി രാമചന്ദ്രൻ അന്തരിച്ചതോടെ ചെങ്ങന്നൂരിലെ സ്ഥാനാർഥിക്കായി സിപിഎമ്മിന് ആരെയും തേടി പോകേണ്ടി വന്നില്ല. സഹതാപ തരംഗവും ഒപ്പം യുഡിഎഫിന്റെ സ്ഥാനാർഥിത്വത്തിലുള്ള ആശയക്കഴുപ്പവും ചെങ്ങന്നൂർ മണ്ഡലത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ചെറിയാൻ ആദ്യമായി നിയമസഭയിലേക്കെത്തി. 2018ലെ വെള്ളപ്പൊക്ക സമയത്ത് സജി ചെറിയാന്റെ ഇടപെടലുകളും തുടങ്ങിയവ വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തു.

ALSO READ : Saji Cherian Constituion Controvery: 'ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും...' ഇതാണ് സത്യപ്രതിജ്ഞയിലെ ആ വാചകം

മന്ത്രിയും വിവാദവും

2021 രണ്ടാം പിണറായി വിജയൻ സർക്കാരിൽ ആലപ്പുഴ നിന്ന് ഒരു സിപിഎം മന്ത്രിയുണ്ടെങ്കിൽ അത് സജി ചെറിയാനാണെന്ന് എല്ലാവരും ഉറപ്പിച്ചു. തുറമുഖം, സിനിമ, സാംസ്കാരികം തുടങ്ങിയ പ്രധാന വകുപ്പുകൾ പിണറായി വിജയൻ സജി ചെറിയാന് നൽകി. കെ.റെയിൽ സമരത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തിയതും നടിയെ ആക്രമിച്ച സംഭവത്തിൽ ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ കാര്യത്തിലുള്ള മന്ത്രിയും നിലപാടും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പക്ഷെ വീണത് ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ.

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം

പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം  സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി ഭരണഘടനയിൽ അവിശ്വാസം പ്രകടിപ്പിച്ച് പ്രസം​ഗിച്ചത്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് എഴുതി വച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറയുന്നത്.

തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിൽ ഉള്ളതെന്നും സജി ചെറിയാൻ പ്രസംഗത്തിൽ പറയുന്നു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു പരാമർശമുണ്ടായത് വലിയ നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കമുള്ള നേതാക്കൾ പങ്കെടുത്ത വേദിയിലാണ് സജി ചെറിയാന്റെ വിവാദ പ്രസംഗം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News