തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും സര്‍ക്കാര്‍ അഴിച്ചുപണി നടത്തി . ഡി.ജി.പി ഋഷിരാജ് സിങ്ങിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. സുദേഷ് കുമാര്‍ ഉത്തരമേഖലാ എ.ഡി.ജി.പിയാകും. അനില്‍കാന്ത് ജയില്‍ എ.ഡി.ജി.പി സ്ഥാനത്തെത്തും. ഇൻറലിജന്‍സ് മേധാവിയായി ശ്രീലേഖ ഐ.പി.എസിനെ നിയമിച്ചു.
എ.ഹേമചന്ദ്രൻ ആയിരുന്നു ഇൻറലിജന്‍സ് മേധാവിയായി ചുമതല വഹിച്ചിരുന്നത്. നിതിന്‍ അഗര്‍വാളിനെ ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പിയാക്കാനും സർക്കാർ തീരുമാനിച്ചു. എസ്.ശ്രീജിത്താണ് പുതിയ എറണാകുളം റേഞ്ച് ഐ.ജി.ഐ.ജി ജയരാജിനെ മനുഷ്യാവകാശ കമ്മീഷനിലേക്കും ഐ.ജി ടി.ജെ.ജോസിനെ പോലീസ് ആസ്ഥാനത്തും നിയമിച്ചു. ഐ.ജി കെ. പത്മകുമാറിനെ കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസറായും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.
സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും വിജിലന്‍സ് ഡയറക്ടറായി ഡിജിപി ഡോ. ജേക്കബ് തോമസിനെയും കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. ടി.പി. സെന്‍കുമാറിനെ മാറ്റി ബെഹ്‌റയെ ഡിജിപിയാക്കിയത് വിവാദത്തിന് വഴിതെളിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം വലിയ അഴിച്ചുപണിയാണ് പൊലീസ് തലപ്പത്ത് നടത്തുന്നത്.