തിരുവനന്തപുരം: കാട്ടു പന്നികളെ വെടിവെക്കാനുള്ള ശുപാർശ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നൽകും. അടുത്ത മന്ത്രിസഭായോഗത്തിൽ ശുപാർശ അവതരിപ്പിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. പഞ്ചായത്തിരാജ് നിയമത്തിലെ വകുപ്പുകൾ പ്രകാരമായിരിക്കും പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഇതിനുള്ള അധികാരം നൽകുക. മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്ന ശുപാർശയ്ക്ക് അംഗീകാരം നൽകിയ ശേഷം നിയമസഭ പാസാക്കുന്നതോടെ നിയമം നിലവിൽ വന്നേക്കും.
കേരളത്തിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നിയുടെ ശല്യം കാരണം ബുദ്ധിമുട്ടുന്ന കർഷകർക്ക് ആശ്വാസമാണ് വനം മന്ത്രിയുടെ പ്രഖ്യാപനം. താമരശ്ശേരി ബിഷപ്പുമായി കൂടിയാലോചന നടത്തിയശേഷമാണ് ഇത് സംബന്ധിച്ച ശുപാർശ മന്ത്രിസഭായോഗത്തിൽ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് നിലവിൽ പ്രായോഗിക ബുദ്ധിമുട്ടുകളും നിലനിൽക്കുന്നുണ്ട്.
വനം വന്യജീവി നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്കാണ് കാട്ടുപന്നികളെ വെടിവയ്ക്കാൻ അധികാരം നൽകിയിട്ടുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്കുള്ള ചുമതല പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും നൽകുന്നതിന്റെ നിയമവശവും പ്രധാനമാണ്. കേന്ദ്ര സർക്കാർ വനം-വന്യജീവി വകുപ്പ് നിയമം ഭേദഗതി ചെയ്യാനിരിക്കുന്ന സാഹചര്യത്തിൽ അതിനുള്ള പ്രൊപ്പോസൽ നൽകണമെന്ന കാര്യം സംസ്ഥാന സർക്കാരും ആലോചിച്ച് വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം.
പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം കൈമാറുന്ന ഭേദഗതിയാണ് സർക്കാർ പരിഗണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എക്സിക്യൂട്ടീവ് അധികാരം നൽകികൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാനാണ് സർക്കാർ നിർദ്ദേശം തയ്യാറാക്കിയിട്ടുള്ളത്.നിർദ്ദേശത്തെ താമരശ്ശേരി ബിഷപ്പും സ്വാഗതം ചെയ്തിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ശുപാർശ അവതരിപ്പിക്കുമെന്നും എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...