Puthuppally By-Election Result: പുതുപ്പള്ളിയില്‍ ഒരു അത്ഭുതവും സംഭവിച്ചിട്ടില്ല... ഈ ഭൂരിപക്ഷം സ്വാഭാവികം! കാരണം എന്തെന്നല്ലേ...

Puthuppally By Election Results: പുതുപ്പള്ളി നിയമസഭാ മണ്ഡലം എന്നത് കോൺഗ്രസ് ശക്തികേന്ദ്രം  എന്നതിനപ്പുറം ഉമ്മൻ ചാണ്ടി ശക്തികേന്ദ്രം ആണെന്ന് പറയേണ്ടിവരും.

Written by - Zee Malayalam News Desk | Last Updated : Sep 8, 2023, 02:56 PM IST
  • ഉമ്മൻ ചാണ്ടിയ്ക്ക് കഴിഞ്ഞ ഒരു ദശാബ്ദമായി പുതുപ്പള്ളിയിൽ 20000 ന് മുകളിലായിരുന്നു ഭൂരിപക്ഷം
  • ഉമ്മൻ ചാണ്ടി ശക്തികേന്ദ്രത്തിൽ ഇത്തവണ പ്രവർത്തിച്ചത് സഹതാപ തരംഗം തന്നെ ആകാനാണ് സാധ്യത
  • 2021 ലെ ഇടത് തരംഗത്തിൽ പോലും ഒമ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിജയം
Puthuppally By-Election Result: പുതുപ്പള്ളിയില്‍ ഒരു അത്ഭുതവും സംഭവിച്ചിട്ടില്ല... ഈ ഭൂരിപക്ഷം സ്വാഭാവികം! കാരണം എന്തെന്നല്ലേ...

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ മിന്നും വിജയം കോണ്‍ഗ്രസിനും യുഡിഎഫിനും ഏറെ ആഘോഷിക്കാനുള്ള വകയാണ്. എന്നാല്‍, ഈ ഒരു വിജയത്തെ സിപിഎമ്മോ എല്‍ഡിഎഫോ അത്രകണ്ട് ഭയത്തോടെ കാണേണ്ടതുണ്ടോ? ഇല്ലെന്ന് തന്നെ പറയാം. അതിന് കൃത്യമായ കാരണവും ഉണ്ട്.

അരനൂറ്റാണ്ടിലേറെ ഉമ്മന്‍ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലം ആണ് പുതുപ്പള്ളി. കടുത്ത യുഡിഎഫ്-കോണ്‍ഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിച്ച 2021 ലെ തിരഞ്ഞെടുപ്പില്‍ പോലും ഒമ്പതിനായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ച മണ്ഡലം ആയിരുന്നു അത് എന്നോര്‍ക്കണം. കടുത്ത സര്‍ക്കാര്‍ അനുകൂല തരംഗം പോലും അരനൂറ്റാണ്ടുകാലം ഒരു മണ്ഡലം കൈപ്പിടിയില്‍ അടക്കിപ്പിടിച്ച ഉമ്മന്‍ ചാണ്ടിയെ പരാജയപ്പെടുത്താന്‍ പ്രാപ്തമായ ഒന്നായിരുന്നില്ല.

Read Also: പുതുപ്പള്ളിയിലെ ബിജെപി വോട്ടുകള്‍ എവിടെപ്പോയി? സിപിഎമ്മിന്റെ വോട്ടുകളും ചോര്‍ന്നു... സഹതാപതരംഗം മാത്രമോ?

ചുരുക്കിപ്പറഞ്ഞാല്‍, പുതുപ്പള്ളി എന്നത് കോണ്‍ഗ്രസിന്റെ ഒരു ഉരുക്കുകോട്ടയാണ്. കുറച്ചുകൂടി കടന്നുപറഞ്ഞാല്‍, ആ മണ്ഡലം ഉമ്മന്‍ ചാണ്ടിയുടെ ഒരു ഉരുക്കു കോട്ടയാണ്. ഉമ്മന്‍ ചാണ്ടി കാണുകയോ മിണ്ടുകയോ ചെയ്യാത്ത ഒരു വോട്ടര്‍ പോലും ആ മണ്ഡലത്തില്‍ ഉണ്ടാകാനിടയില്ല. അങ്ങനെയുള്ള ഉമ്മന്‍ ചാണ്ടി മരിക്കുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക പ്രതികരണങ്ങള്‍ വോട്ടായി മാറുന്നതില്‍ ഒരു തെറ്റുമില്ല.

കഴിഞ്ഞ കുറച്ച് കാലത്തെ പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒന്ന് പരിശോധിക്കാം. 2021 ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9,044 വോട്ടുകളായിരുന്നു. 2016 ല്‍ 27,092 വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു ഉണ്ടായിരുന്നത്. രണ്ട് തവണയും ജെയ്ക്ക് സി തോമസ് ആയിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി. അതിലും പിറകോട്ട് പോയാല്‍, 2011 ല്‍ ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കി- 33,255 വോട്ടുകള്‍. 2006 ല്‍ സിന്ധു ജോയ് എതിര്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 19,863 വോട്ടുകളായിരുന്നു. 2001 ല്‍ ചെറിയാന്‍ ഫിലിപ്പ് എതിരാളിയായപ്പോള്‍ ഭൂരിപക്ഷം 12,575 വോട്ടുകള്‍. 1996 ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 10,155 വോട്ടുകള്‍. 1991 ല്‍ ഇത് 13,811 വോട്ടുകളായിരുന്നു. 1987 ല്‍ ഭൂരിപക്ഷം 9,164 ഉം 1982 ല്‍ 15,983 ഉം, 1980 ല്‍ 13,659 ഉം 1977 ല്‍ 15,910 ഉം ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം. 1970 ല്‍ ആദ്യമായി മത്സരിച്ച് ജയിക്കുമ്പോള്‍ 7,288 വോട്ടുകളായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം.

ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. 2011 മുതല്‍ ആണ് ഉമ്മന്‍ ചാണ്ടി തന്റെ ഭൂരിപക്ഷം ഇരുപതിനായിരത്തിന് മുകളില്‍ എത്തിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പുതുപ്പള്ളി മണ്ഡലത്തെ ഉമ്മന്‍ ചാണ്ടി എങ്ങനെ ഒരു കോട്ടയാക്കി വളര്‍ത്തിയെടുത്തു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഇടതുതരംഗം ആഞ്ഞടിച്ചിട്ടും ഒമ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 2021 ല്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ജയിക്കാനായത് ഇതിന്റെ പിന്‍ബലത്തിലാണ്. 

Read Also: 'സ്നേഹം', വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത് - കെ സുധാകരൻ

ചുരുക്കിപ്പറഞ്ഞാല്‍ ഇരുപത്തി അയ്യായിരത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ഒരു മണ്ഡലം ആണ് പുതുപ്പള്ളി. അവിടെയാണ്, എംഎല്‍എ ആയിരിക്കെ ഉമ്മന്‍ ചാണ്ടി അന്തരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മകനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ, ആ സഹതാപം മുതലെടുക്കുക എന്നത് തന്നെയാണ് കോണ്‍ഗ്രസും ലക്ഷ്യം വച്ചത്. അത് യഥാര്‍ത്ഥത്തില്‍ വിജയം കാണുകയും ചെയ്തു. ബിജെപിയുടെ വോട്ടു ചോര്‍ച്ചയും സഹതാപ തരംഗവും ആണ് ചാണ്ടി ഉമ്മന് ഇത്രയും ഉയര്‍ന്ന ഒരു ഭൂരിപക്ഷം സമ്മാനിച്ചത് എന്ന് പറയാം. 

ഇനി മറ്റൊരു സാഹചര്യം പരിഗണിച്ച് നോക്കൂ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മകനോ, മകളോ അല്ലാത്ത ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ആയിരുന്നു സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത് എങ്കില്‍ എന്താകും സംഭവിക്കുക? ഇപ്പോള്‍ ചാണ്ടി ഉമ്മന് കിട്ടിയ ഭൂരിപക്ഷം കിട്ടുകയില്ല എന്നത് മാത്രമല്ല, ഒരുപക്ഷേ, ഇടത് സ്ഥാനാര്‍ത്ഥി ജയിക്കുന്ന സാഹചര്യം പോലും പുതുപ്പള്ളിയില്‍ സംജാതമാകുമായിരുന്നു. അതിന് കാരണം നേരത്തേ പറഞ്ഞത് തന്നെയാണ്- പുതുപ്പള്ളി എന്നത് കോണ്‍ഗ്രസ് മണ്ഡലം എന്നതിനപ്പുറം ഒരു ഉമ്മന്‍ ചാണ്ടി മണ്ഡലം ആണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായാല്‍ ഈ മണ്ഡലം എന്ത് സ്വഭാവം ആയിരിക്കും പ്രകടിപ്പിക്കുക എന്നത് കാത്തിരുന്ന കാണുക തന്നെ വേണം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News