തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതായി കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ സംഘടന പിരിച്ചുവിട്ടതായി പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ സത്താര്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി സംഘടന പിരിച്ചുവിട്ടതായി അറിയിച്ചത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ഥിക്കുന്നതായും എ.അബ്ദുൾ വ്യക്തമാക്കി.
അതേസമയം, പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കേന്ദ്ര ഏജന്‍സികളുടെ റെയ്ഡിനെ തുടര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഒളിവില്‍ പോയ അബ്ദുള്‍ സത്താറിനെ ബുധനാഴ്ചയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ എടുത്തത്. കരുനാഗപ്പള്ളി ഓഫീസില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്‍ഐഎ അബ്ദുൾ സത്താറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം അബ്ദുൾ സത്താറിനെ എൻഐഎയ്ക്ക് കൈമാറും.
ALSO READ: Popular Front of India: പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്ത് തുടങ്ങി; സംസ്ഥാനത്ത് കനത്ത സുരക്ഷ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. എല്ലാ ഇന്ത്യൻ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിത്. പക്ഷേ, മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു.
എ അബ്ദുൽ സത്താർ
സംസ്ഥാന ജനറൽ സെക്രട്ടറി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...