മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ (Nedumudi Venu) നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) അനുശോചിച്ചു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് (Actor) അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ (Literature) വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ (Drama) അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു.
അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരിക രംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Also Read: Breaking News: മലയാളികളെ വിസ്മയിപ്പിച്ച പ്രിയ നടൻ നെടുമുടിവേണു ഓർമ്മയായി
നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ സ്പീക്കർ എം.ബി. രാജേഷും അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലത്തിലേറെയായി നെടുമുടി വേണുവുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നു. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ വേണുവിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. സിനിമാ സുഹൃത്തുക്കളുടെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് സ്പീക്കർ പറഞ്ഞു.
അഞ്ചു പതിറ്റാണ്ടോളം നീണ്ട കലാസപര്യയ്ക്ക് അന്ത്യമായെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറിച്ചത്. നെടുമുടി വേണു എന്ന അതുല്യ കലാകാരൻ മലയാളിയുടെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമ്മയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. നാടകവും, സിനിമയും, മൃദംഗവും ഒക്കെയായി അർത്ഥപൂർണ്ണമായ ഒരു ജീവിതം. അദ്ദേഹത്തിന് വഴങ്ങാത്ത കഥാപാത്രങ്ങൾ ഉണ്ടായിരുന്നില്ല. സ്വഭാവ നടനായും, വില്ലനായും, ഹാസ്യ നടനായും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ നമ്മുടെ ഓരോരുത്തരുടെയും മനസ്സിലൂടെ ഇപ്പോൾ കടന്നു പോവുന്നുണ്ടാവും. മൂന്നു പ്രാവശ്യം ദേശീയ പുരസ്കാരവും ആറ് പ്രാവശ്യം സംസ്ഥാന പുരസ്കാരവും നേടിയ അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. അതുല്യ നടന് വിട, ആദരാഞ്ജലികൾ!!
പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രിയുമായ വി ശിവൻകുട്ടിയും നടൻ നെടുമുടി വേണുവിന് ആദരാഞ്ജലികൾ അർപ്പിച്ചു. മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കുറിപ്പ് :
നെടുമുടിവേണു അരങ്ങൊഴിഞ്ഞിരിക്കുന്നു. എന്തു വിശേഷണമാണ് നെടുമുടി വേണുവിന് നൽകുക . അതിനൊക്കെ മുകളിലാണ് അദ്ദേഹത്തിന്റെ പ്രതിഭ!
അഭിനയരംഗത്ത് സജീവമായി അരനൂറ്റാണ്ട് പിന്നിടുക ... അഞ്ഞൂറിലധികം വേഷങ്ങളിൽ പകർന്നാടുക... നായകനായി വില്ലനായി സഹനടനായി... പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭയായി അദ്ദേഹം മലയാളിക്കൊപ്പം ജീവിച്ചു. മലയാളത്തിലെ എക്കാലത്തേയും മികച്ച നടന്മാരുടെ പട്ടികയിൽ അദ്ദേഹം ഉണ്ടാകുമെന്ന് തീർച്ച. സകലകലാവല്ലഭനായിരുന്നു അദ്ദേഹം.
ആദരാഞ്ജലികൾ..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...