തൃശൂർ: ട്രെയിനിൽ നിന്ന് പിടിവിട്ട് വീഴാൻ പോയ മധ്യവയസ്കനെ തിരികെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തി കേരള പോലീസ്. പ്രതീഷ് എന്ന പോലീസുകാരനാണ് മധ്യവയസ്കന്റെ ജീവൻ രക്ഷിച്ചത്. മദ്ധ്യവയസ്കൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിലേയ്ക്ക് ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഷാലിമാർ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.
കൊൽക്കത്തയിൽ ഒരു കേസിന്റെ അന്വേഷണം കഴിഞ്ഞ് തിരികെ വരികയായിരുന്നു പ്രതീഷ് ഉൾപ്പെടുന്ന നാലംഗ പോലീസ് സംഘം. ഉച്ചയ്ക്ക് ഒന്നരയോടെ ട്രെയിൻ തൃശ്ശൂർ എത്തിയ സമയം ഇവർ പ്ലാറ്റ്‌ഫോമിൽ ഇറങ്ങി ഭക്ഷണം വാങ്ങി തിരികെ കയറി. പ്രതീഷ് മാത്രം ഡോറിൽ ട്രെയിൻ വിടുന്നതും നോക്കി നിന്നു. ഈ സമയത്താണ് മദ്ധ്യവയസ്കൻ ഓടിക്കൊണ്ടിരുന്ന ആ ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ചത്. ചാടി കയറരുത് അപകടം സംഭവിക്കും എന്ന് പ്രതീഷ് പറഞ്ഞെങ്കിലും മദ്ധ്യവയസ്കൻ ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, പിടിവിട്ടതോടെ മദ്ധ്യവയസ്കന്റെ ശരീരത്തിന്റെ പകുതിയും ട്രെയിനിന്റെ അടിയിലേയ്ക്ക് പോയി.
ALSO READ: നിരവധി കേസുകളിലെ പ്രതി സൈജു തങ്കച്ചൻ കാർ തട്ടിയെടുത്ത കേസിൽ പിടിയിൽ!
ഈ സമയത്ത് പ്രതീഷിന് മദ്ധ്യവയസ്കന്റെ കയ്യിൽ പിടികിട്ടിയതാണ് വൻ അപകടം ഒഴിവാക്കിയത്. പ്രതീഷ് മദ്ധ്യവയ്കനെ പിടിച്ച് കയറ്റി പ്ലാറ്റ്ഫോമിലേയ്ക്കിട്ടു. ഇയാളുടെ ശരീരത്തിൽ അരയ്ക്ക് താഴേയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ മദ്ധ്യവയസ്കനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് സംഘാംഗമായ ജ്യോതിഷ് ആർ കെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
കൊൽക്കത്തയിൽ ഒരു കേസിന്റെ അന്വേഷണം കഴിഞ്ഞ് ഞങ്ങൾ നാലുപേർ ഷാലിമാർ തിരുവനന്തപുരം സൂപ്പർഫാസ്റ്റിൽ തിരിച്ചു വരുന്ന വഴി ഇന്നലെ ഉച്ചയ്ക്ക് ഒന്നരമണിക്ക് ട്രെയിൻ തൃശ്ശൂർ എത്തിയ സമയം ഞങ്ങൾ പ്ലാറ്റ്‌ഫോമിൽ ഇറങ്ങി ഭക്ഷണം വാങ്ങി തിരികെ കയറി. ഞങ്ങളുടെ കൂട്ടത്തിലെ പ്രതീഷ് മാത്രം ഡോറിൽ ട്രെയിൻ വിടുന്നതും നോക്കി നിന്നു. അതെസമയം പ്ലാറ്റ്‌ഫോമിൽ നിന്നും ട്രെയിൻ വിടുന്ന സമയം ഒരു മദ്ധ്യവയസ്കൻ ഓടിക്കൊണ്ടിരുന്ന ആ ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ചു. പ്രതീഷ് B5 കമ്പാർട്ട്മെന്റിൽ ഡോറിനടുത്ത് നിൽക്കുകയായിരുന്നു. ട്രെയിൻ വേഗതയിൽ ആയതിനാൽ അവൻ അയാളോട് ചാടി കയറരുത് അപകടം സംഭവിക്കും എന്ന് പറഞ്ഞു. അയാൾ കേട്ടോ ഇല്ലയോ അറിയില്ല. ചാടി കയറാൻ ശ്രമിച്ചു. പിടിവിട്ട് ട്രെയിനിൻ്റെ അടിയിലേക്ക് ശരീരത്തിൻറെ പകുതിയും പോയി. ഭാഗ്യത്തിന് അയാളുടെ ഒരു കൈയിൽ അവന് പിടികിട്ടി. അവന്റെ കഴിവിന്റെ പരമാവധി ശക്തിയെടുത്ത് അയാളെ വലിച്ചുകയറ്റി പ്ലാറ്റ്ഫോമിലേക്ക് ഇട്ടു. വളരെ പെട്ടന്ന് ട്രെയിൻ നിറുത്തുകയും ചെയ്തു. അരയ്ക്കു താഴോട്ട് നല്ല മുറിവ് പറ്റി. റെയിൽവേ ഉദ്യോഗസ്ഥർ അയാളെ ആശുപത്രിയിൽ എത്തിച്ചു എന്നും മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല എന്നും പിന്നീട് അറിഞ്ഞു. ഫോട്ടോസ് അവർ അയച്ചുതന്നതാണ്. ആ മനുഷ്യൻ്റെ ജീവൻ രക്ഷിക്കാൻ ആയതിൽ ഞങ്ങളിലൊരുവന്റെ കൈകൾക്കു സാധിച്ചതിൽ സന്തോഷമുണ്ട്. ട്രെയിൻ വിട്ടതിനു ശേഷം ഞങ്ങളുടെ അടുത്ത് വന്നു പ്രതീഷിനോടായി ഒരാൾ പറയുന്നുണ്ടായിരുന്നു ഇങ്ങനെ പിടിക്കുമ്പോൾ സൂക്ഷിക്കണം ആ പിടിത്തത്തിൽ നിങ്ങളും അടിയിൽ പോകാൻ സാധ്യത കൂടുതലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy