Marunadan Malayali Office Raid: മറുനാടന്‍ മലയാളി ഓഫീസ് പൂട്ടി? ഓഫീസില്‍ റെയ്ഡ്, കംപ്യൂട്ടറുകളും സാമഗ്രികളും പിടിച്ചെടുത്തു, ഷാജന്‍ സ്‌കറിയ ഇപ്പോഴും ഒളിവില്‍

The case against Shajan Scaria: മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോൾ രൂക്ഷമായ വിമർശനം ആയിരുന്നു ഷാജൻ സ്കറിയയും മറുനാടൻ മലയാളിയും ഏറ്റുവാങ്ങിയത്.

Written by - Zee Malayalam News Desk | Last Updated : Jul 4, 2023, 01:52 PM IST
  • പിവി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ആണ് നടപടി
  • അപകീർത്തി കേസ് മാത്രമല്ല, പട്ടികജാതി-പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമ പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്
  • ഷാജൻ സ്കറിയയെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല
Marunadan Malayali Office Raid: മറുനാടന്‍ മലയാളി ഓഫീസ് പൂട്ടി? ഓഫീസില്‍ റെയ്ഡ്, കംപ്യൂട്ടറുകളും സാമഗ്രികളും പിടിച്ചെടുത്തു, ഷാജന്‍ സ്‌കറിയ ഇപ്പോഴും ഒളിവില്‍

തിരുവനന്തപുരം: പിവി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഓഫീസുകളില്‍ പോലീസ് പരിശോധന. മറുനാടന്‍ മലയാളിയുടെ മേധാവിയായ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിറകെയാണ് പോലീസ് നടപടികള്‍ ശക്തമാക്കിയത്. ഷാജന്‍ സ്‌കറിയ ഇപ്പോഴും ഒളിവിലാണ്.

പിവി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കി എന്നതാണ് പരാതിയ്ക്ക് ആധാരം. ഇതില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമ പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഷാജന്‍ സ്‌കറിയ ശ്രമിച്ചിരുന്നെങ്കിലും ആദ്യം എറണാകുളം ജില്ലാ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും ജാമ്യഹര്‍ജി തള്ളിയിരുന്നു. കടുത്ത വിമര്‍ശനം ആയിരുന്നു ഹൈക്കോടതിയില്‍ ജസ്റ്റിസ് വിജി അരുണ്‍ ഹര്‍ജി തള്ളിക്കൊണ്ട് ഉന്നയിച്ചത്.

മറുനാടന്‍ മലയാളിയുടെ പല ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പരിശോധനങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം പട്ടത്തുള്ള പ്രധാന ഓഫീസില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് പോലീസെത്തി കമ്പ്യൂട്ടറുകളും ക്യാമറകളും ഉള്‍പ്പെടെയുള്ളവ കസ്റ്റഡിയില്‍ എടുത്തത്. 29 കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മറുനാടന്‍ മലയാളിയിലെ രണ്ട് ജീവനക്കാരുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. 

സ്ഥാപനത്തില്‍ പ്രവേശിക്കരുത് എന്ന് ജീവനക്കാര്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇതിനെതിരെ പല കോണുകളില്‍ നിന്ന് പ്രതിഷേധവും ഉയരുന്നുണ്ട്. എന്തായാലും ഷാജന്‍ സ്‌കറിയയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിറകെ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി ഷാജന്‍ സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറും ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ പിവി അന്‍വറും ഷാജന്‍ സ്‌കറിയയും തമ്മിലുള്ള പോസ്റ്റ് യുദ്ധങ്ങളായിരുന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. വ്യാജ വാര്‍ത്തകളും മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്നു എന്നതാണ് പിവി അന്‍വര്‍ മറുനാടന്‍ മലയാളിയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണം.

ഒരു ദശാബ്ദത്തിലേറെ കാലമായി മലയാളത്തിലെ ഡിജിറ്റല്‍ മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണ് മറുനാടന്‍ മലയാളി. വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന രീതിയുടെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും മറുനാടന്‍ മലയാളി ഏറ്റുവാങ്ങിയിട്ടുണ്ട്. അടുത്തിടെ പ്രവാസി വ്യവസായി എംഎ യൂസഫലിയ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മകന്‍ വിവേക് ഡോവലിനും എതിരെ നല്‍കിയ വാര്‍ത്തകള്‍ വിവാദമായിരുന്നു. ഇതോടെ ലുലു ഗ്രൂപ്പ്  മറുനാടന്‍ മലയാളിയ്‌ക്കെതിരെ നിയമനടപടിയുമായി രംഗത്ത് വന്നു. വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ വ്യാജവാര്‍ത്ത നല്‍കി എന്നതായിരുന്നു ഇതിന് ആധാരം. ഈ വിഷയത്തില്‍ എംഎ യൂസഫലിയോട്  ഷാജന്‍ സ്‌കറിയ മാപ്പ് പറഞ്ഞിരുന്നു. പിന്നീട് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വാര്‍ത്തകള്‍ പിന്‍വലിക്കുകയും ചെയ്തു. നടനും നിര്‍മാതാവും സംവിധായകനും ആയ പൃഥ്വിരാജ് സുകുമാരനും ഷാജന്‍ സ്‌കറിയക്കെതിരെ നിയമനടപടിയുമായി രംഗത്തുണ്ട്. ആദായനികുതിയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ ആയിരുന്നു ഇത്. മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവും ആയ ഉമ്മൻ ചാണ്ടിയുടെ കുടുംബവും ഷാജൻ സ്കറിയയ്ക്കെതിരെ നിയമ നടപടിയുമായി രം​ഗത്ത് വന്നിട്ടുണ്ട്. അതേസമയം, നിലവിലെ പ്രതിപക്ഷ നേതാവായ വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഷാജൻ സ്കറിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്ത് വന്നത് കോൺ​ഗ്രസിനുള്ളിൽ എതിർപ്പ് സൃഷ്ടിച്ചിരുന്നു.

ഇതിനിടെ ഷാജന്‍ സ്‌കറിയക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രംഗത്ത് വന്നിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഒരുവട്ടം നോട്ടീസ് അയച്ചെങ്കിലും ഇത് കൈപ്പറ്റിയിട്ടില്ല. ഷാജന്‍ സ്‌കറിയയ്ക്ക് ഇഡി വീണ്ടും നോട്ടീസ് അയക്കും എന്നാണ് വിവരം. ഫെമ നിയമ പ്രകാരം ആണ് ഇഡിയുടെ നോട്ടീസ്. ഷാജൻ സ്കറിയയുടെ പത്ത് വർഷത്തെ വരുമാന വിവരങ്ങളും രേഖകളും ഹാജരാക്കാനും ഇഡി നിർദ്ദേശിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News