തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വര്‍ദ്ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന ‘ഓപ്പറേഷന്‍ റേസ്.’ എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും. രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കും.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിഴിഞ്ഞം ബൈപ്പാസിൽ ബൈക്കുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചത്. നെട്ടയം സ്വദേശി ഫിറോസ്, ചൊവ്വര സ്വദേശി ശരത് എന്നിവരാണ് മരിച്ചത്. എതിർദിശയിൽ നിന്ന് അമിത വേഗത്തിൽ എത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
മലപ്പുറത്ത് ഇന്ധന ടാങ്കർ ഡിവൈഡറിൽ ഇടിച്ച് അപകടം
മഞ്ചേരിയിൽ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് അപകടം. ഞായറാഴച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ഇന്ധന ടാങ്കറിൽ ചോർച്ച കണ്ടെത്തിയതോടെ മറ്റൊരു ടാങ്കർ എത്തിച്ച് ഇന്ധനം മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ടാങ്കർ റോഡിൽ നിന്ന് മാറ്റി. ആനക്കയം ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് വരികയായിരുന്നു ടാങ്കർ ലോറി. ഇരുപത്തി രണ്ടാം മൈലിലെ വളവിൽ വച്ചാണ് ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.