തിരുവനന്തപുരം: ഒഎൻവി പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നൽകാൻ തീരുമാനിച്ചതിൽ പുന:പരിശോധന നടത്തുമെന്ന് ഒഎൻവി (ONV) കൾച്ചറൽ അക്കാദമി. തീരുമാനം പുന:പരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണനാണ് വാർത്താകുറിപ്പ് (Press Release) വഴി അറിയിച്ചത്. പുരസ്കാര നിർണയവുമായി ബന്ധപ്പെട്ട തുടർനടപടികൾ പിന്നീട് തീരുമാനിക്കും.
ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ ആൾക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് (Protest) വഴിവച്ചിരുന്നു. പ്രഭാ വർമ, ആലങ്കോട് ലീലാകൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകാനുള്ള തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷവിമർശനമാണ് ഉയർന്നുവന്നത്. 17 സ്ത്രീകൾ വൈരമുത്തുവിനെതിരെ മീ ടൂ ക്യാമ്പെയിനിൽ (Me Too Campaign) രംഗത്തെത്തിയിരുന്നു.
മീ ടൂ ക്യാമ്പെയ്നിന്റെ ഭാഗമായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുവതിയാണ് ആദ്യം വൈരമുത്തുവിനെതിരെ രംഗത്തെത്തിയത്. തുടർന്ന് ഗായിക ചിന്മയി ശ്രീപാദയും ഗുരുതര ആരോപണം വൈരമുത്തുവിനെതിരെ ഉന്നയിച്ചു. തുടർന്നും നിരവധി ആരോപണങ്ങൾ വൈരമുത്തുവിനെതിരെ ഉയർന്നുവന്നു.
വൈരമുത്തുവിന് പുരസ്കാരം നൽകിയത് കണ്ട് യശശരീരനായ ശ്രീ ഒഎൻവി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകുമെന്നാണ് ചിന്മയി പരിഹാസരൂപേണ ട്വിറ്ററിൽ കുറിച്ചത്. കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും കല ഒരിക്കലും പീഡനങ്ങൾക്കുള്ള മറയാകരുതെന്നും ഡബ്ല്യുസിസി അഭിപ്രായപ്പെട്ടിരുന്നു. 17 സ്ത്രീകൾ വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമം ആരോപിച്ചത് ചൂണ്ടിക്കാട്ടി നടി റിമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു. ലൈംഗികാതിക്രമം ചുമത്തപ്പെട്ട വ്യക്തിക്ക് ഒഎൻവി കുറുപ്പിന്റെ പേരിലുള്ള പുരസ്കാരം നൽകുന്നത് അന്യായം ചെയ്യുന്നവരോട് തെറ്റ് ചെയ്യുന്നത് തുടരുന്നതിന് തുല്യമാണെന്ന് നടി പാർവതി തിരുവോത്ത് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...