തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി ആരോഗ്യവകുപ്പ്. വിദേശത്തു നിന്നും എത്തുന്നവർ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായലി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ക്വാറന്റൈൻ ഉൾപ്പെടെ കർശനമായ വ്യവസ്ഥകൾ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് സ്വയം നിരീക്ഷണം മാത്രമാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്യുന്നത്. ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ഒമിക്രോൺ സ്ഥരീകരിക്കുന്ന സാഹചര്യത്തിലാണ് സ്വയം നിരീക്ഷണം ഉറപ്പാക്കാൻ നിർദ്ദേശം നൽകിയത്.
ഇന്നലെ നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയിൽ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയിൽ നിന്നുമെത്തിയ യുവതി (27), നൈജീരിയയിൽ നിന്നുമെത്തിയ യുവാവ് (32) എന്നിവർക്കാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്.
അതേസമയം, രാജ്യത്തെ പ്രമുഖ ആറ് വിമാനത്താവളങ്ങളില്‍ ആർടിപിസിആർ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപനം ശക്തമായ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. ടെസ്റ്റ് നടത്തുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ ലഭ്യമാക്കും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
നിലവില്‍ രാജ്യത്തെ പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങളായ ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരാണ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്. ആർടിപിസിആർ പരിശോധനയ്ക്ക് 500 രൂപയാണ് നിരക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. എട്ട് മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. പെട്ടെന്ന് ഫലം ലഭിക്കുന്ന റാപ്പിഡ് പരിശോധനയ്ക്ക് 3500 രൂപയായിരിക്കും. 30 മിനിറ്റ് മുതല്‍ ഒന്നര മണിക്കൂറിനുള്ളില്‍ റാപ്പിഡ് ടെസ്റ്റ് പരിശോധനാഫലങ്ങള്‍ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...