തിരുവനന്തപുരം: കര്‍ഷകസംഘം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി ആരംഭിച്ച അഗ്രിഫെസ്റ്റിൽ താരമായി നെല്ലമ്മ. പരമ്പരാഗത രീതിയിൽ നെല്ലുകുത്തി അരിയാക്കി, പരുവപ്പെട്ട അരിയെ പായസമാക്കിയാണ് നെല്ലമ്മ കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
പനവൂര്‍ ചെല്ലഞ്ചി സ്വദേശിയാണ് നെല്ലമ്മ എന്ന പാറുക്കുട്ടി. കൃഷി ഓഫീസര്‍ സുരേഷിന്റെ നേതൃത്വത്തിലാണ് നെല്ലമ്മ തന്റെ കാര്‍ഷികോപകരണങ്ങളും നെല്ലും അനുബന്ധ സാമഗ്രികളുമായി മേളയ്‌ക്കെത്തിയത്. ആദ്യം തന്നെ ജനക്കൂട്ടം നിറഞ്ഞ ഗ്രൗണ്ടിൽ ഒരു നല്ല സ്ഥലം നോക്കി നെല്ലമ്മ തടിയുരൽ സ്ഥാപിച്ചു.
അതിലേക്ക് നെല്ല് പാകത്തിന് നിറച്ച്, ഉടുത്തിരുന്ന നേര്യത് ഒന്നുകൂടി ഞൊറിഞ്ഞുകുത്തി, ഉലക്ക ഉഴിഞ്ഞെടുത്ത്, കൃഷിപ്പാട്ടും മൂളി നെല്ലുകുത്താന്‍ തുടങ്ങി. നിമിഷങ്ങൾക്കകം ആൾക്കൂട്ടം നെല്ലമ്മയ്‌ക്ക് ചുറ്റും കൂടി. അവരുടെ ആര്‍പ്പും ആവേശവും ഊര്‍ജമാക്കി നെല്ലമ്മ നെല്ലുപാറ്റി അരിയാക്കി, അരിയെ പായസമാക്കി കൂടിനിന്നവർക്കായി വിളമ്പി.
അന്യമായ കാര്‍ഷിക സംസ്കാരവും സമൃദ്ധിയും പുതുതലമുറയെ ബോധ്യപ്പെടുത്തുകയും പഴയ തലമുറയെ അനുഭവിപ്പിച്ചുണര്‍ത്തുകയുമായിരുന്നു നെല്ലമ്മയുടെ ലക്ഷ്യം. ലക്ഷ്യം വിജയിച്ചതിലെ ആനന്ദം അവർ മറയില്ലാതെതന്നെ ജനക്കൂട്ടത്തിനിടയില്‍ പ്രകടിപ്പിച്ചു.
Read Also: Ponniyin Selvan: പ്രേക്ഷകരിലേക്കെത്താൻ ഇനി ആറ് നാൾ മാത്രം; 'പൊന്നിയിൻ സെൽവന്' യു സർട്ടിഫിക്കറ്റ്
കൗതുകംപൂണ്ട് അടുത്തെത്തിയവർക്കെല്ലാം നെല്ലുകുത്താനും നെല്ലമ്മ അവസരം നല്‍കി. എഴുത്തുകാരന്‍ വി ഷിനിലാലും എസ് ആര്‍ ഷൈന്‍ലാലുമടക്കം പലരും നെല്ലുകുത്തി. പുരാതന കാർഷിക- ഗാർഹിക ഉപകരണ പ്രദർശനം നടത്തുന്ന നാട്ടുപഴമ സ്റ്റാളിന് മുന്നിലായിരുന്നു നെല്ലമ്മയുടെ പ്രകടനം. മികച്ച കർഷകയ്ക്കുള്ള കൃഷിവകുപ്പിന്റെ പുരസ്കാരജേതാവുകൂടിയായ നെല്ലമ്മയുടെ ചിത്രം തത്സമയം ചിത്രകാരനായ നിബു മീനാങ്കല്‍ വരച്ചു.
അഗ്രിഫെസ്റ്റ് സംഘാടക സമിതിക്ക് വേണ്ടി എസ് എസ് ബിജു നെല്ലമ്മയെ ആദരിച്ചു. മണ്ണൊലി, നെല്ലൊലി, ഞാറ്റൊലിപ്പഴമ തുടങ്ങി കാർഷിക സംസ്കാരത്തിന്‍റെ ഭാഗമായ കാര്യങ്ങൾ പുതുതലമുറയിൽ എത്തിക്കാനാണ് ഇത്തരമൊരു പരിപാടി ഒരുക്കിയതെന്ന് നാട്ടൊരുമ സംഘാടകൻ വലിയമല സുരേഷും കൃഷി ഓഫീസർ ജയകുമാറും ചടങ്ങിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...