ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കായി പുന്നമടക്കായലൊരുങ്ങി. അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫി ജലമേള ആലപ്പുഴ പുന്നമടക്കായലിൽ ഇന്ന് നടക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വള്ളംകളി നടക്കുന്നത്. രാവിലെ 11:30ഓടെ ചെറുവള്ളങ്ങളുടെ മത്സരം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷമാണ് ഉദ്ഘാടന സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് മണിക്ക് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യും.
ഒമ്പത് വിഭാഗങ്ങളിലായി 77 വള്ളങ്ങളാണ് മത്സരിക്കുക. ഉച്ചയ്ക്ക് ശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരം. അഞ്ച് ഹീറ്റ്സുകളിലായി 20 ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുന്നത്. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് നെഹ്റു ട്രോഫിക്ക് വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിന് ഇറങ്ങുക. വൈകിട്ട് നാല് മുതൽ അഞ്ച് വരെയാണ് ഫൈനൽ മത്സരം. മത്സരം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനായി യന്ത്രവൽകൃത സ്റ്റാർട്ടിങ് സംവിധാനവും ഫോട്ടോ ഫിനിഷിങ് സംവിധാനവും സജ്ജമാണ്. ക്രമസമാധാന പാലനത്തിനും സുരക്ഷയ്ക്കുമായി രണ്ടായിരത്തോളം പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷം നടത്തുന്ന മത്സരം എന്ന നിലയിൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.
ALSO READ: പുന്നമടയിൽ തുഴയുടെ തുടിതാളത്തിന് ദിവസങ്ങൾ മാത്രം; വാശിയേറി അവസാനഘട്ട തയ്യാറെടുപ്പുകൾ
വള്ളംകളിയുടെ നിയമാവലി പാലിക്കാത്തെ വള്ളങ്ങളെയും തുഴച്ചില്‍ക്കാരെയും കണ്ടെത്തുന്നതിനും മറ്റ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനും വീഡിയോ ക്യാമറകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സര സമയത്ത് കായലില്‍ ഇറങ്ങിയോ മറ്റ് തരത്തിലോ മത്സരം തടസപ്പെടുത്താൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും. പാസില്ലാതെ കയറുന്നവര്‍ക്കും വ്യാജ പാസുകളുമായി എത്തുന്നവര്‍ക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനില്‍ നിന്ന് തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പ് യാത്രാ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാസുള്ളവര്‍ക്കു മാത്രമാണ് വള്ളംകളി കാണുന്നതിനായി ഗാലറികളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുക. ഇതിനായി ഫിനിഷിംഗ് പോയിന്‍റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡ് സ്ഥാപിക്കും. സി ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് നൽകുന്നത്. ടൂറിസ്റ്റ് ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുത്തിട്ടുള്ളവര്‍ ബോട്ടില്‍ നെഹ്റു പവലിയനിലേക്ക് പോകുന്നതിന് രാവിലെ പത്തിന് ഡിടിപിസി ജെട്ടിയില്‍ എത്തണം. വള്ളംകളി കാണുന്നതിന് ബോട്ട് ഉള്‍പ്പെടെ പാസ് എടുത്തിട്ടുള്ളവരും രാവിലെ പത്തിന് മുന്‍പ് എത്തേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. രാവിലെ പത്തിന് ശേഷം ഡിടിപിസി ജെട്ടി മുതല്‍ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സര്‍വീസ് ഉണ്ടായിരിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...