തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ 28, 29 തീയതികളിൽ ആഹ്വാനം ചെയ്തിരിക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിൽ സംസ്‌ഥാനത്തെ വ്യവസായ, വാണിജ്യ മേഖലകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദീപക് എൽ അസ്വാനി, കോ- ചെയർ ഡോ.എം. ഐ.സഹദുള്ള എന്നിവരാണ് കത്ത് നൽകിയത്.
സംസ്‌ഥാനത്തേക്ക് നിക്ഷേപകരെ ആകർഷിക്കാൻ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും നിക്ഷേപകർക്കായി കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പണിമുടക്കിൽ വ്യാപാര, വാണിജ്യ മേഖലകൾ തടസമില്ലാതെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.
കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ വാണിജ്യ വ്യവസായ മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ രണ്ട് ദിവസങ്ങളിൽ പ്രവർത്തനം തസ്സപ്പെടുന്നത് വ്യാപാര വാണിജ്യ മേഖലയ്ക്ക് കനത്ത തിരിച്ചടിയും പ്രതിസന്ധിയും സൃഷ്ടിക്കും. ബിസിനസ് അവസരങ്ങൾ നഷ്ടപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് സംസ്‌ഥാനത്തിന്റെ സാമ്പത്തിക മേഖലയിലുള്ളത്.
സമാധാനപരമായി സമരം ചെയ്യാനുള്ള എല്ലാ അവകാശങ്ങളും തൊഴിലാളി സംഘടനകൾക്ക് ഉണ്ടെന്നും എന്നാൽ വാണിജ്യ വ്യവസായ മേഖലയിൽ ഉള്ളവർക്ക് സ്‌ഥാപനങ്ങളും പ്രവർത്തനങ്ങളും തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള തുല്യ അവകാശം ഉണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി. പണിമുടക്ക് ദിവസങ്ങളിൽ വാണിജ്യ, വ്യവസായ മേഖലയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് സ്വീകരിക്കണമെന്നും ഫിക്കി സ്റ്റേറ്റ് കൗൺസിൽ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...