ഇടുക്കി: മൂന്നാർ പുതുക്കടിക്ക് സമീപം ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മുത്തപ്പൻ കാവ് കല്ലട വീട്ടിൽ രൂപേഷാണ് (40) മരിച്ചത്. വിനോദ സഞ്ചാരത്തിനെത്തിയ രൂപേഷിനെ പുതുക്കടിക്ക് സമീപം ഇന്നലെ ഉണ്ടായ ഉരുൾപൊട്ടലിലാണ് കാണാതായത്. രൂപേഷ് അടക്കമുള്ള പതിനൊന്നംഗ സംഘം സഞ്ചരിച്ച ട്രാവലറിന് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു. മണ്ണിടിച്ചിലിൽ നൂറടി താഴ്ചയിലേക്ക് ട്രാവലർ മറിഞ്ഞു.
ഇന്ന് രാവിലെ പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ ട്രാവലർ 750 മീറ്റർ താഴെനിന്നാണ് കണ്ടെത്തിയത്. ട്രാവലർ പൂർണമായും തകർന്ന നിലയിലാണ്. ഉരുൾപൊട്ടലിൽപെട്ട ട്രാവലറിന് സമീപം കല്ലും മണ്ണും കൂടി കിടന്നിടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ടോപ്പ് സ്റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായത്. വടകരയിൽനിന്ന് രണ്ട് വാഹനങ്ങളിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘം ടോപ്പ് സ്റ്റേഷൻ സന്ദർശിച്ച് അണക്കെട്ട് കാണാൻ വരുന്ന വഴിയാണ് അപകടം ഉണ്ടായത്.
ALSO READ: Heavy Rain : അതിശക്തമായ മഴ; മൂന്നാറിൽ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു
റോഡിലേക്ക് പാറക്കഷ്ണങ്ങളും ചെളിയും വന്ന് മുൻപിൽ പോയ ട്രാവലർ ചെളിയിൽ പുതഞ്ഞു. അപകടം മനസ്സിലാക്കിയ ഡ്രൈവർ നികേഷ് സഞ്ചാരികളോട് ഇറങ്ങാനാവശ്യപ്പെട്ടു. രൂപേഷാണ് പലരേയും ഇറങ്ങാൻ സഹായിച്ചത്. ഇതിനിടെ പുറകിലുണ്ടായിരുന്ന വാഹനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. അപ്പോഴേക്കും ചെളിയും വെള്ളവും കൂറ്റൻപാറകളും മലമുകളിൽ നിന്ന് ഒഴുകിയെത്തി. ഈ സമയം ഡ്രൈവറും രൂപേഷും വാഹനം തള്ളിനീക്കുകയായിരുന്നു. പാറക്കഷ്ണങ്ങളും ചെളിയും വരുന്നത് കണ്ട് ഡ്രൈവർ ഓടിമാറി.
ശക്തമായ ഒഴുക്കിൽ വാഹനം കൊക്കയിലേക്ക് ഒഴുകിപ്പോയി. പിന്നീടാണ് രൂപേഷിനെ കാണാനില്ലെന്നറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാർ-വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...