വനം വകുപ്പിലെ സംരക്ഷിതവിഭാഗം ജീവനക്കാര്‍ക്ക് ആധുനിക വാഹനങ്ങളും സംവിധാനങ്ങളും അടിയന്തരമായി ലഭ്യമാക്കും: മന്ത്രി എ.കെ.ശശീന്ദ്രന്‍

സംരക്ഷണവിഭാഗം ജീവനക്കാര്‍ക്കാണ് ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ പ്രഥമപരിണന നല്‍കുക

Written by - Zee Malayalam News Desk | Last Updated : May 30, 2022, 07:48 PM IST
  • വനംവകുപ്പ് ആസ്ഥാനത്ത് ഓണ്‍ഗ്രിഡാക്കി മാറ്റിയ 20 കിലോവാട്ട് വീതം ശേഷിയുള്ള രണ്ട് സൗരോര്‍ജ്ജ പ്ലാന്റുകൾ
  • ആധുനീക സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പലപ്പോഴും കാര്യക്ഷമമായി കൃത്യനിര്‍വഹണം നടത്തുന്നതിന് തടസ്സമുണ്ടാക്കുന്നു
വനം വകുപ്പിലെ സംരക്ഷിതവിഭാഗം ജീവനക്കാര്‍ക്ക് ആധുനിക വാഹനങ്ങളും സംവിധാനങ്ങളും അടിയന്തരമായി ലഭ്യമാക്കും: മന്ത്രി എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: വനം വകുപ്പിലെ സംരക്ഷിതവിഭാഗം ജീവനക്കാര്‍ക്ക് ആധുനിക വാഹനങ്ങളും സംവിധാനങ്ങളും അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍. പരിമിതികള്‍ക്കിടയിലും വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ മികച്ച സേവനമാണ് കാഴ്ചവെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം വഴുതക്കാട്  വനംവകുപ്പ് ആസ്ഥാനത്ത് ഓണ്‍ഗ്രിഡ് സൗരോര്‍ജ്ജ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
വന്യജീവികളെ സംരക്ഷിക്കുന്നതിനും അവ മനുഷ്യര്‍ക്കുണ്ടാക്കുന്ന അക്രമണങ്ങളും നാശങ്ങളും തടയുന്നതിനും ഒരു പോലെ ബാധ്യസ്ഥരാണ് വനപാലകര്‍. എന്നാല്‍ ആധുനീക സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പലപ്പോഴും അവര്‍ക്ക് കാര്യക്ഷമമായി  കൃത്യനിര്‍വഹണം നടത്തുന്നതിന് തടസ്സമുണ്ടാക്കുന്നു.  മലയോരമേഖലകള്‍ പോലെ ദുര്‍ഘട സ്ഥലങ്ങളില്‍ അത്യാഹിതങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകുമ്പോള്‍ ഓടിയെത്താന്‍ ഇത്തരം കാരണങ്ങളാല്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെപോകുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് പരിഹരിക്കുന്നതിന് വനം വകുപ്പ് നടപടികള്‍ വേഗത്തിലാക്കും.

SASEEDRAN
മനുഷ്യ- വന്യജീവി സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളിലെ സംരക്ഷണവിഭാഗം ജീവനക്കാര്‍ക്കാണ് ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ പ്രഥമപരിണന നല്‍കുക. ഇതിന്റെ ഭാഗമായി പുതിയ 26 വാഹനങ്ങള്‍ കൂടി മലമേഖലയിലെ വിവിധ റെയിഞ്ച് ഓഫീസുകള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആധുനിക ആയുധങ്ങളും സംവിധാനങ്ങളും,  മികച്ച പരിശീലനം,   ആവശ്യമായ വാഹനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിലൂടെ മാത്രമേ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ വനംവകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

FOREST

വനംവകുപ്പ് ആസ്ഥാനത്ത് ഓണ്‍ഗ്രിഡാക്കി മാറ്റിയ 20 കിലോവാട്ട് വീതം ശേഷിയുള്ള രണ്ട് സൗരോര്‍ജ്ജ പ്ലാന്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും മന്ത്രി നിര്‍വഹിച്ചു. നിലവില്‍ പ്രവര്‍ത്തനരഹിതമായിരുന്ന ഓഫ് ഗ്രിഡ് പ്ലാന്റുകളാണ്  16.30 ലക്ഷം രൂപ ചെലവില്‍ പ്രവര്‍ത്തനസജ്ജമാക്കി ഓണ്‍ഗ്രിഡ് സംവിധാനത്തിലേക്ക് മാറ്റിയത്. 
പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ വനം വകുപ്പ് ആസ്ഥാനത്തെ  ആഭ്യന്തര വൈദ്യുതി ഉപഭോഗ ചെലവിന്റെ 20 ശതമാനത്തോളം  ലാഭിക്കാന്‍  സാധിക്കുമെന്നും  ഇതിനായി മുടക്കിയ തുക  മൂന്ന് വര്‍ഷം കൊണ്ട് തിരിച്ചുപിടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.  

MINISTER
ഇരുപത് ഗൂര്‍ഖ ജീപ്പുകളും ആറ് കാമ്പറുകളുമാണ് വിവിധ ഓഫീസുകള്‍ക്കായി അനുവദിച്ചത്.  ആദ്യവാഹനത്തിന്റെ താക്കോല്‍ മന്ത്രിയില്‍ നിന്നും മുഖ്യവനംമേധാവി പി.കെ.കേശവന്‍ ഏറ്റുവാങ്ങി പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി.  ചടങ്ങില്‍   ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും നിയുക്ത വനം മേധവിയുമായ ബെന്നിച്ചന്‍ തോമസ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഗംഗാസിംഗ്,  ഡി.ജയപ്രസാദ്, നോയല്‍ തോമസ്, അഡീ. പിസിസിഎഫുമാരായ ഇ. പ്രദീപ് കുമാര്‍, രാജേഷ് രവീന്ദ്രന്‍, ഡോ.പി.പുകഴേന്തി  തുടങ്ങിയവര്‍ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News