അത്യാധുനിക ആയുധ ശേഖര പ്രദര്‍ശനവുമായി 'എന്‍റെ കേരളം' മെഗാ എക്സിബിഷനില്‍ കേരളാ പോലീസ്

ശത്രുവിനെ മാത്രം വകവരുത്തുന്നതിന് ഓരോ ഷോട്ടായി വെടി ഉതിര്‍ക്കാന്‍ കഴിയുന്നതാണ് ആയുധങ്ങൾ

Written by - Zee Malayalam News Desk | Last Updated : May 30, 2022, 07:22 PM IST
  • മൊബൈല്‍ ഗെയിമുകളിലൂടെ അടുത്തറിഞ്ഞ മെഷിന്‍ ഗണ്ണുകള്‍ കുട്ടികളും മുതിര്‍ന്നവരും കൗതുകമായി
  • ഒരേ സമയം ആറ് ഗ്രനേഡുകള്‍ വരെ നിറയ്ക്കാന്‍ കഴിയുന്ന മള്‍ട്ടി ഷെല്‍ ലോഞ്ചര്‍ ആണ് മറ്റൊരു ആകര്‍ഷണം
അത്യാധുനിക ആയുധ ശേഖര പ്രദര്‍ശനവുമായി 'എന്‍റെ കേരളം' മെഗാ എക്സിബിഷനില്‍ കേരളാ പോലീസ്
തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കുന്ന എന്‍റെ കേരളം മെഗാ എക്സിബിഷനിലെ പോലീസ് സ്റ്റാളില്‍ എത്തിയാല്‍ പോലീസിന്‍റെ  ഭീകര വിരുദ്ധസേനയ്ക്ക് പ്രത്യേകമായി അനുവദിച്ച അത്യാധുനിക 7.6 സ്നൈപ്പര്‍ റൈഫിള്‍ അടുത്തറിയാം . അതിസൂക്ഷ്മമായി ലക്ഷ്യം കാണാനാവുന്ന ഈ ആയുധം വളരെ ദൂരത്തില്‍ ക്രമീകരിച്ച് ശത്രുവിനെ കൃത്യമായി വകവരുത്താന്‍ സഹായിക്കും.
പശ്ചിമ ബംഗാളിലെ ഇഷാപ്പൂര്‍ ആയുധ നിര്‍മ്മാണ ഫാക്ടറിയുടെ ഉല്‍പ്പന്നമായ 7.6 സ്നൈപ്പര്‍ റൈഫിളില്‍ അമേരിക്കന്‍ നിര്‍മ്മിത ടെലസ്കോപ്പ് ആണ് ഘടിപ്പിച്ചിരിക്കുന്നത്.  കൃത്യമായി ഉന്നംപിടിച്ച് മറ്റാര്‍ക്കും അപകടം ഏല്‍ക്കാതെ ശത്രുവിനെ മാത്രം വകവരുത്തുന്നതിന് ഓരോ ഷോട്ടായി വെടി ഉതിര്‍ക്കാന്‍ കഴിയുന്നതാണ് ഈ ആയുധം. കേരളാ പോലീസിന്‍റെ കൈവശമുളള ആയുധങ്ങളുടെ പ്രത്യേകതയും അവയുടെ പ്രവര്‍ത്തന രീതിയും പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ച് നല്‍കും എന്‍റെ കേരളം എക്സിബിഷനിലെ പോലീസ് സ്റ്റാളില്‍.
 
POLICE
 
ഒരു മിനിറ്റില്‍ 600 റൗണ്ടുവരെ ഫയര്‍ ചെയ്യാന്‍ കഴിയുന്ന ഇസ്രായേല്‍ നിര്‍മ്മിത 9 എം.എം എസ്.എം.ജി തോക്കാണ് ആയുധ ശേഖരത്തിലെ മറ്റൊരു ആകര്‍ഷണം.  ഓട്ടോമാറ്റിക് ആയും ഒറ്റയായും ഫയര്‍ ചെയ്യാം. ഓടിക്കൊണ്ടിരിക്കുന്ന അക്രമിയെ കീഴ്പ്പെടുത്തുന്നതിന് ഒരു തവണ കാഞ്ചി വലിച്ചാല്‍ രണ്ട് വെടി ഉതിര്‍ക്കുന്ന വിധത്തിലും ഈ ആയുധം ക്രമീകരിക്കാം.  വളരെ ലളിതമായി കൈകാര്യം ചെയ്യാവുന്ന ഈ തോക്ക് സുരക്ഷാഡ്യൂട്ടിക്ക് സ്ഥിരമായി ഉപയോഗിക്കുന്നു. ഇതിന് പുറമെ ഇന്ത്യന്‍ നിര്‍മ്മിതവും റഷ്യന്‍ നിര്‍മ്മിതവുമായ എ.കെ.47 തോക്കുകളും പ്രദര്‍ശനത്തിലുണ്ട്. 30 റൗണ്ട് മെഗസിന്‍ കപ്പാസിറ്റി ഉളളവയാണ് ഓരോ തോക്കും. തൃച്ചിയിലെ ആയുധ ഫാക്ടറിയില്‍ നിന്നുളളതാണ് താര്‍ എന്ന പേരിലുള്ള ഇന്ത്യന്‍ നിര്‍മ്മിത എ.കെ.47 തോക്ക്. മൊബൈല്‍ ഗെയിമുകളിലൂടെ അടുത്തറിഞ്ഞ മെഷിന്‍ ഗണ്ണുകള്‍ കുട്ടികളും മുതിര്‍ന്നവരും കൗതുകപൂര്‍വ്വം വീക്ഷിക്കുന്നു.
 
 
പോലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടുനടക്കുന്ന ഇന്‍സാസ് റൈഫിള്‍, ഓസ്ട്രിയന്‍ നിര്‍മ്മിത ഗ്ലോക്ക് പിസ്റ്റല്‍, മുപ്പത് റൗണ്ട് മെഗസിന്‍ കപ്പാസിറ്റിയുളള ലൈറ്റ് മെഷീന്‍ ഗണ്‍ എന്നിവയും കാണാം പോലീസിന്‍റെ തോക്ക് ശേഖരത്തില്‍.
ഒരേ സമയം ആറ് ഗ്രനേഡുകള്‍ വരെ നിറയ്ക്കാന്‍ കഴിയുന്ന  മള്‍ട്ടി ഷെല്‍ ലോഞ്ചര്‍ ആണ് മറ്റൊരു ആകര്‍ഷണം. റിവോള്‍വിംഗ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ആയുധത്തില്‍ ഷെല്ലുകളും റബ്ബര്‍ ബുളളറ്റുകളും ലോഡ് ചെയ്യാന്‍ കഴിയും. കളര്‍ ഗ്രനേഡ് ഉള്‍പ്പെടെ വിവിധതരം ഗ്രനേഡുകളും പ്രദര്‍ശനത്തിലുണ്ട്.  പോലീസിന്‍റെ ആയുധങ്ങള്‍ക്ക് പുറമെ ഓരോന്നിലും ഉപയോഗിക്കുന്ന വെടിക്കോപ്പുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി ആര്‍മറര്‍ സബ് ഇന്‍സ്പെക്ടര്‍ വി.സുരേഷ് കുമാറിന്‍റെ  നേതൃത്വത്തിലുളള അഞ്ചംഗ പോലീസ് സംഘമാണ് കേരളാ പോലീസിന്‍റെ ആയുധങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ജൂൺ രണ്ടിന് അവസാനിക്കുന്ന പ്രദർശനത്തിൽ പോലീസിന്റെ സ്റ്റാളുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ ആണ്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News