Thiruvananthapuram : പൂന്തുറ മുതല്‍ വേളി വരെയുള്ള തീരപ്രദേശത്തെ കടലാക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനായി ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ (Roshy Augustine) അറിയിച്ചു. കടലാക്രമണ ഭീഷണി നേരിടുന്ന വലിയതുറ - തോപ്പ് പ്രദേശങ്ങള്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനൊപ്പം (Antony Raju) സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. പ്രദേശവാസികളോട് നേരിട്ടു സംസാരിച്ച മന്ത്രിമാര്‍ അവരുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും ഉറപ്പു നല്‍കി.
വലിയതുറ അടക്കമുള്ള പ്രദേശങ്ങള്‍ കടല്‍ക്ഷോഭം നേരിടാന്‍ സാധ്യതയുള്ള കേരളത്തിലെ 10 ഹോട്ട് സ്പോട്ടുകളില്‍ ഉള്‍പ്പെടുത്തി കടല്‍ ഭിത്തിയോ അനുയോജ്യമായ മറ്റു സംവിധാനങ്ങളിലൂടെയോ സംരക്ഷിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വരും മാസങ്ങളില്‍ കടല്‍ക്ഷോഭത്തില്‍ നിന്ന് പ്രദേശത്തെ വീടുകള്‍ സംരക്ഷിക്കാന്‍ താല്‍ക്കാലികവും പ്രായോഗികവുമായ പരിഹാരങ്ങള്‍ തേടും.
ഒന്നര വര്‍ഷത്തിനുള്ളില്‍ ഈ തീരപ്രദേശം മുഴുവന്‍ കടല്‍ ഭിത്തി നിര്‍മ്മിച്ച് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ (എ.സി.സി.ആര്‍) പഠനപ്രകാരം കേരളത്തില്‍ 60 കിലോമീറ്റര്‍ തീരപ്രദേശത്ത് സംരക്ഷണം ആവശ്യമായിവരും.
എന്‍.സി.സി. ആറുമായി ഒപ്പുവച്ച ധാരണാപത്രം പ്രകാരം ഏതുവിധത്തില്‍ സംരക്ഷണം വേണമെന്ന് നിശ്ചയിച്ച് വേണ്ടരീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അഞ്ചു വര്‍ഷത്തിനുള്ളില്‍ 5,400 കോടി രൂപ ചെലവഴിച്ച് പദ്ധതി പൂര്‍ത്തിയാക്കും. ഈ സാമ്പത്തിക വര്‍ഷം ഇതിനായി 1,500 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...