തിരുവനന്തപുരം: പാർട്ടിക്ക് മുകളിലും താഴെയും പാർട്ടി മാത്രം എന്ന കണിശക്കാരനായ പാർട്ടി പ്രവർത്തകനിൽ നിന്നും സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്ക് എത്തുകയാണ് എംവി ഗോവിന്ദൻ മാസ്റ്റർ. സംഘടനാ പ്രവർത്തനങ്ങളിൽ ഒരു വിട്ടു വീഴ്ചയുമില്ലാത്ത നേതാവെന്ന് പാർട്ടിക്കുള്ളിൽ തന്നെ അദ്ദേഹത്തെ പറ്റി അണികൾ പറയും അതാണ് പ്രകൃതം.
മന്ത്രി സ്ഥാനത്ത് നിന്നും മാറി പാർട്ടി സെക്രട്ടറിയാകുമ്പോൾ ഏറെ വർഷക്കാലം സിപിഎമ്മിനെ ജീവശ്വാസമായി കൊണ്ട് നടന്ന ഒരു കറ കളഞ്ഞ പ്രവർത്തകൻറെ വീറും വാശിയുമെല്ലാം അദ്ദേഹത്തിൽ പ്രകടമാണ്.
ALSO READ: MV Govindan Master | എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി ആകും
കണ്ണൂർ ജില്ലയിലെ മൊറാഴയിൽ 1953 ഏപ്രിൽ 23-ന് കുഞ്ഞമ്പുവിന്റെയും മാധവിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹം വിദ്യാർത്ഥി -യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തേയ്ക്കും രാഷ്ട്രീയ രംഗത്തേയ്ക്കും കടന്നുവന്നു.ഫിസിക്കല്‍ എജ്യുക്കേഷനില്‍ ഡിപ്ലോമ നേടി കായികാധ്യാപകനായി ജോലി ചെയ്തിരുന്നുവെങ്കിലും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ജോലി രാജിവെച്ചു.
1970ൽ ആണ് സിപിഎമ്മിൽ അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് നാലു മാസത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കെ.എസ്.വൈ.എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന അദ്ദേഹം ഡിവൈഎഫ്ഐയുടെ സ്ഥാപക അംഗം കൂടിയായിരുന്നു.ഡിവൈഎഫ്ഐയുടെ കേന്ദ്ര കമ്മിറ്റി അംഗവും പിന്നീട് സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു.
സി.പി.എമ്മിന്റെ കാസര്‍ഗോഡ് ഏരിയ സെക്രട്ടറിയായിരുന്നു.1991 ല്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായും 2006 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടത്. 2002-2006 കാലയളവിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. വിഭാഗീയത ശക്തമായിരുന്ന കാലഘട്ടത്തിൽ എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റും കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റുമായിരുന്നു. 1996ലാണ് ആദ്യമായി നിയമസഭാംഗമാകുന്നത്. പിന്നീട് 2001ലും 2021ലും തളിപറമ്പിൽ നിന്നും വിജയം ആവർത്തിച്ചു. ഇന്ത്യൻ തത്ത്വചിന്തയിലെ വൈരുദ്ധ്യാത്മക മെറ്റീരിയലിസം, സ്വതന്ത്ര രാഷ്ട്രീയം, ചൈനാ ഡയറി, യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം, പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ, കാർഷിക തൊഴിലാളി യൂണിയൻ - അന്നും ഇന്നും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം, മാർക്സിസ്റ്റ് ദർ യശനം ഇന്ത്യൻ പശ്ചാത്തലത്തിൽ, എന്നിങ്ങനെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
മികച്ച വാഗ്മിയും സംഘാടകനും സൈദ്ധാന്തികനുമാണ്.നിലവിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയാണ്. കുറഞ്ഞ കാലം കൊണ്ടു തന്നെ ഭരണമികവ് തെളിയിക്കാൻ ഗോവിന്ദൻ മാസ്റ്റർക്ക് കഴിഞ്ഞു. വകുപ്പുകളിൽ ശ്രദ്ധേയ മാറ്റങ്ങൾ കൊണ്ടു വരാനും കൂടുതൽ ജനസൗഹൃദമാക്കാനും കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...