തിരുവനന്തപുരം: കടുകിടെ ഒന്ന് മാറിയാലോ പിഴച്ചാലോ പൊള്ളിച്ച് കളയുന്നത് അക്ഷരങ്ങൾ തന്നെയാണ്. 2022-ൽ അശ്വത്ഥാത്മാവ് വെറും ആനയാണോ അല്ലയോ എന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി പറയുന്നതിനും വർഷങ്ങൾക്ക് മുൻപ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ ഒരു സർവ്വീസ് സ്റ്റോറി എഴുതി. സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണനായിരുന്നു അത്. എൻറെ ഐ.എ.എസ് ദിനങ്ങൾ എന്ന പേരിൽ 1986-ൽ പ്രസിദ്ധീകരിച്ച പുസ്തകം മലയാളത്തിലെ മികച്ച സർവ്വീസ് സ്റ്റോറികളിലൊന്നും സർവ്വീസ് സ്റ്റോറി എന്ന ശാഖയുടെ തുടക്കവുമായിരുന്നു.
സർവ്വീസ് സ്റ്റോറി ട്രെൻഡിങ്ങിലേക്ക് എത്തി തുടങ്ങിയ കാലത്ത് 2017-ൽ മുൻ ഡി.ജി.പി സിബി മാത്യൂസിൻറെ പുസ്തകം നിർഭയം വിവാദത്തിലായി. സംസ്ഥാനത്തെ തന്നെ മികച്ച അന്വേഷണ ഉദ്യേഗസ്ഥൻ എന്ന പേര് നേടിയ സിബി മാത്യൂസ് പുസ്തകത്തിൽ പരാമർശിച്ച സൂര്യനെല്ലി പെൺകുട്ടിയ ഭാഗമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.പിന്നീട് പെൺകുട്ടി സിബി മാത്യൂസിനെതിരെ പരാതി നൽകി. 21 വർഷം മുൻപ് നടന്ന് സംഭവത്തിൽ തന്നെയും കുടുംബത്തെയും പൊതു സമൂഹത്തിൽ സിബി മാത്യൂസ് അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.
അതേ വർഷം തന്നെ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം എഴുതിയാണ് വിജിലൻസ് ഡയറക്ടറായിരുന്ന ഡി.ജി.പി ജേക്കബ് തോമസ് കുടുക്കിലായത്. ഔദ്യോഗിക ജീവിതത്തിൽ തന്നെ വിഴുങ്ങാൻ കെൽപ്പുള്ള വമ്പൻസ്രാവുകളെ എങ്ങനെ പ്രതിരോധിച്ചുവെന്നാണ് പുസ്‌തകത്തിൽ ജേക്കബ് തോമസ് വിവരിക്കുന്നത്.സർവീസിലിരിക്കെ സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയത്.
ഔദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് കെ.സി.ജോസഫ് കത്തയച്ചു. ഇതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശന ചടങ്ങിൽ നിന്ന് പിന്മാറി പിന്നീട് ജേക്കബ് തോമസിന് ജോലി തന്നെ അതിൻറെ പേരിൽ ഉപേക്ഷിക്കേണ്ടി വന്നുവെന്നതാണ് സത്യം.ബാർ കോഴ ഉൾപ്പെടെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും മുൻ യു.ഡി.എഫ് സർക്കാരിനെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും കുറിച്ചുള്ള വിവാദ പരാമർശങ്ങളും ഉന്നതർക്കെതിരെ കടുത്ത വിമർശനങ്ങളും ജേക്കബ് തോമസ് ഉന്നയിച്ചിരുന്നു.
സിവിൽ സർവ്വീസുകാർ മാത്രം പെട്ടുപോയ കഥകളാണിത്. പിന്നെയും പലരും സർവ്വീസ് സ്റ്റോറികൾ എഴുതിയെങ്കിലും അവയൊന്നും വിവാദ തലങ്ങളിലേക്ക് പോയില്ലെന്നതാണ് സത്യം. ഇനി അറിയേണ്ടത് വെറും ആനയായ അശ്വത്ഥാത്മാവും എം.ശിവശങ്കരനും നടപടിക്ക് വിധേയമാകുമോ എന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...