തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ. ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെട്ട കുന്നംകുളത്തെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി ഉൾപ്പെടെ നാല് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു.
പതിവ് പോലെ മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. തൃപ്രയാർ, ഗുരുവായൂർ തുടങ്ങിയ പുണ്യഭൂമികളെ നമിക്കുന്നു എന്നും കേരളത്തിലേയ്ക്ക് വിഷുക്കാലത്ത് എത്താൻ കഴിഞ്ഞതിൽ തനിയ്ക്ക് അതിയായ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞു. വിഷു ദിനത്തിലാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയതെന്ന പറഞ്ഞ മോദി ഈ പുതുവർഷം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കം കുറിക്കലിന്റെ ഭാഗമാകുമെന്ന ഗ്യാരണ്ടിയും പ്രവർത്തകർക്ക് നൽകി.
ALSO READ: ഉരുകി ഉരുകി കേരളം...! 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
കേരളത്തിലെ വീടുകളിലും മോദിയുടെ ഗ്യാരൻ്റി എത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുദ്ര ലോണുകൾ വഴി സഹായം നൽകി. ജൻ ഔഷധി പ്രകാരം 80% കിഴിവിൽ മരുന്ന് നൽകും. ലോക്സഭയിൽ കേരളം ശക്തമായ ശബ്ദം കേൾപ്പിക്കും. അടുത്ത അഞ്ച് വർഷത്തേക്ക് വികസനത്തിനും പാരമ്പര്യത്തിനുമാണ് മുൻതൂക്കം നൽകുക. അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ യാഥാർത്ഥ്യമാകുകയാണെന്നും ദക്ഷിണേന്ത്യയിലേയ്ക്കും ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്ദാനം നൽകി.
കഴിഞ്ഞ 10 വർഷം കണ്ടത് വികസനത്തിന്റെ ട്രെയിലർ മാത്രമാണെന്നും ഇനി കാണാൻ പോകുന്നതാണ് സിനിമയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ഇടത്, വലത് മുന്നണികളെ കടന്നാക്രമിക്കാനും അദ്ദേഹം മറന്നില്ല. കേരള സർക്കാരിന് അഴിമതിയിലാണ് താൽപര്യമെന്ന് മോദി ആരോപിച്ചു. ഇടത്, വലത് മുന്നണികൾ സംസ്ഥാനത്തെ പുറകോട്ട് അടിക്കുകയാണ്. ബംഗാളും ത്രിപുരയും അവർ നശിപ്പിച്ചു. ഇപ്പോൾ കേരളത്തെയും നശിപ്പിക്കുകയാണ്. കേരളത്തിൽ അക്രമവും അരാജകത്വവും കൂടുകയാണെന്നും
കോളേജ് ക്യാമ്പസുകൾ സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
സിപിഎമ്മുകാർ പാവങ്ങളുടെ കോടികൾ കൊള്ളയടിച്ചെന്ന് കരുവന്നൂർ തട്ടിപ്പ് പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. വിവാഹം പോലും മുടക്കി പാവപ്പെട്ട പെൺകുട്ടികളെ വിഷമത്തിലാക്കി. പണം നഷ്ടപ്പെട്ടവർക്ക് പണം നൽകുമെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ്. കരുവന്നൂർ അഴിമതിയുടെ പുതിയ മോഡലാണെന്നും വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നത് നുണയാണെന്നും പറഞ്ഞ അദ്ദേഹം പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പും നൽകി. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയെയും പ്രധാനമന്ത്രി വിമർശിച്ചു. കോൺഗ്രസിന്റെ യുവ നേതാവ് വോട്ട് ചോദിക്കും, പക്ഷേ. സാധാരണക്കാരെ ബാധിക്കുന്ന സഹകരണ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നായിരുന്നു വിമർശനം.
കുന്നംകുളത്തെ പരിപാടിയ്ക്ക് ശേഷം ആറ്റിങ്ങൽ മണ്ഡലം ഉൾപ്പെടുന്ന കാട്ടാക്കടയിലേയ്ക്കാണ് പ്രധാനമന്ത്രി പോകുക. ഇന്ന് തമിഴ്‌നാട്ടിലും അദ്ദേഹത്തിന് പൊതുയോഗമുണ്ട്. ഈ വർഷം ജനുവരി മുതൽ ഇത് 7-ാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ഈ വർഷം ഇത് 8-ാം തവണയാണ് അദ്ദേഹം തമിഴ്‌നാട് സന്ദർശിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.