Arikkomban: പറമ്പിക്കുളം കാട്ടാനകളുടെ താവളം, ഇനി അരിക്കൊമ്പനെയും പേടിക്കണം; നാട്ടുകാർ പ്രതിഷേധത്തിൽ

Parambikkulam protest: ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളം വനത്തിലേയ്ക്ക് മാറ്റണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. 

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 03:14 PM IST
  • പറമ്പിക്കുളത്ത് പത്ത് ആദിവാസി കോളനികളിലായി 611 കുടുംബങ്ങളുണ്ട്.
  • ആകെ മൊത്തം മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്.
  • കാട്ടാനകൾ കാരണം ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാകാറുള്ള പറമ്പിക്കുളത്തേയ്ക്കാണ് അരിക്കൊമ്പനെ മാറ്റുന്നത്.
Arikkomban: പറമ്പിക്കുളം കാട്ടാനകളുടെ താവളം, ഇനി അരിക്കൊമ്പനെയും പേടിക്കണം; നാട്ടുകാർ പ്രതിഷേധത്തിൽ

പാലക്കാട്: അരിക്കൊമ്പൻറെ വരവിനെതിരെ പറമ്പിക്കുളത്ത് നാട്ടുകാരുടെ പ്രതിഷേധം. അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പറമ്പിക്കുളത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊതുവെ കാട്ടാന ശല്യമുള്ള പ്രദേശമായതിനാൽ അരിക്കൊമ്പൻറെ വരവ് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. 

ആദിവാസി മേഖലയാണ് പറമ്പിക്കുളം. ഇവിടെ പത്ത് ആദിവാസി കോളനികളിലായി 611 കുടുംബങ്ങളുണ്ട്. ഇതിന് പുറമെ പറമ്പിക്കുളം ആളിയാർ പ്രോജക്ടിൻറെ ഭാഗമായുള്ള കോളനികളുമുണ്ട്. കണക്കുകൾ പ്രകാരം ആകെ മൊത്തം മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്. തുടർച്ചയായി കാട്ടാനകൾ കൃഷി നശിപ്പിക്കുകയും ജനജീവിതത്തെ ദുരിതത്തിലാക്കുകയും ചെയ്യുന്ന പറമ്പിക്കുളത്തേയ്ക്ക് അരിക്കൊമ്പനെ കൊണ്ടുവരരുത് എന്നാണ് നാട്ടുകാരുടെ ആവശ്യം. 

ALSO READ: സംസ്ഥാനത്ത് എട്ടാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

കഴിഞ്ഞ ഒരു വർഷത്തിനിടെ മുപ്പതോളം കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്ന് മുതലമട, കൊല്ലങ്കോട് ഭാഗത്തേയ്ക്ക് ഇറങ്ങിയത്. ഈ മേഖലകളിൽ കാട്ടാനകൾ വലിയ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. കൃഷിയ്ക്ക് പ്രാധാന്യമുള്ള മേഖലയായതിനാൽ കാട്ടാനകൾ ഇറങ്ങുന്നതോടെ വ്യാപകമായ കൃഷിനാശം ഇവിടെ റിപ്പോർട്ട് ചെയ്യാറുണ്ട്. കാട്ടാനകൾ കാരണം ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാകാറുള്ള പറമ്പിക്കുളത്തേയ്ക്കാണ് ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മാറ്റുന്നത്. 

കാട്ടാന ഭീതിയുള്ള സ്ഥലമായതിനാലാണ് അരിക്കൊമ്പൻറെ വരവിനെതിരെ നാട്ടുകാർ ജനകീയ സമരത്തിലേയ്ക്ക് കടന്നിരിക്കുന്നത്. രാവിലെ 10 മണിയ്ക്ക് ആനപ്പാടിയിലാണ് ജനകീയ സമരത്തിന് തുടക്കമായത്. അരിക്കൊമ്പൻ വിഷയത്തിൽ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കെ.ബാബു എംഎൽഎ കത്തയച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ വ്യാപക പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം. 

കഴിഞ്ഞ ദിവസമാണ് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്. അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് കോടതി ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്. റവന്യു, പോലീസ്, അഗ്നിരക്ഷാ സേന എന്നിവർ വനം വകുപ്പിനെ സഹായിക്കണം. ആനയെ പിടികൂടുന്നതിൻറെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ആഘോഷം പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

പറമ്പിക്കുളം അരിക്കൊമ്പന് കഴിയാൻ അനുയോജ്യമായ ആവാസ വ്യവസ്ഥയാണെന്ന് അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. പറമ്പിക്കുളം മുതുവരച്ചാൽ ഒരുകൊമ്പൻ എന്ന സ്ഥലത്തേയ്ക്കാകും അരിക്കൊമ്പനെ മാറ്റുകയെന്നാണ് സൂചന. ആനയെ പിടികൂടി കൂട്ടിലടയ്ക്കുന്നതിനെതിരെ ചില സംഘടനകൾ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ കോടതി ഇടപെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News