Arikkomban: അരിക്കൊമ്പനെ പിടികൂടാം; പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന് ഹൈക്കോടതി

Arikkomban case: അരിക്കൊമ്പനെ പിടികൂടുന്നതിൻറെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ആഘോഷം പാടില്ലെന്ന് കോടതി വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Apr 5, 2023, 12:45 PM IST
  • വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് കോടതിയുടെ ഉത്തരവ്.
  • റവന്യു, പോലീസ്, അഗ്നിരക്ഷാ സേന എന്നിവർ വനം വകുപ്പിനെ സഹായിക്കണം.
  • കേസിൽ കേന്ദ്രസർക്കാർ കക്ഷി ചേരണമെന്ന് കോടതി.
Arikkomban: അരിക്കൊമ്പനെ പിടികൂടാം; പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന് ഹൈക്കോടതി

ഇടുക്കി: അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് കോടതിയുടെ ഉത്തരവ്. അരിക്കൊമ്പനെ മാറ്റാൻ റവന്യു, പോലീസ്, അഗ്നിരക്ഷാ സേന എന്നിവർ വനം വകുപ്പിനെ സഹായിക്കണമെന്നും ആനയെ പിടികൂടുന്നതിൻറെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ആഘോഷം പാടില്ലെന്നും കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 

അരിക്കൊമ്പൻ ഒറ്റപ്പെട്ട വിഷയമല്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ പരിഹാരം വേണം. കേസിൽ കേന്ദ്രസർക്കാർ കക്ഷി ചേരണമെന്നും പബ്ലിക് ഹിയറിംഗ് നടത്തണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാൻ അനുയോജ്യമായ ആവാസ വ്യവസ്ഥയാണെന്ന് അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. പറമ്പിക്കുളം മുതുവരച്ചാൽ ഒരുകൊമ്പൻ എന്ന സ്ഥലത്തേയ്ക്കാണ് അരിക്കൊമ്പനെ മാറ്റുക. 

ALSO READ: മധു വധക്കേസ്; 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് വിധിച്ച് കോടതി

ആനയെ പിടികൂടുന്നത് വിലക്കിയ കോടതി നിലപാടിനെതിരെ ചിന്നക്കനാൽ നിവാസികൾ വലിയ പ്രതിഷേധത്തിലായിരുന്നു. ഇതിനിടെയാണ് വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ചംഗ വിദഗ്ധ സമിതിയെ ഹൈക്കോടതി നിയോഗിച്ചത്. കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ചിന്നക്കനാലിലും ശാന്തൻപാറയിലും സന്ദർശനം നടത്തിയിരുന്നു. ജനവികാരം മനസിലാക്കിക്കൊണ്ടുള്ള റിപ്പോർട്ടാണ് വിദഗ്ധ സമിതിയുടെ ഭാഗത്ത് നിന്ന് നാട്ടുകാർ പ്രതീക്ഷിച്ചിരുന്നത്. 

ആനയെ പിടികൂടി കൂട്ടിലടയ്ക്കാനുളള നീക്കത്തിനെതിരെ ചില സംഘടനകൾ സമർപ്പിച്ച ഹർജിയെ തുടർന്നാണ് വിഷയത്തിൽ കോടതി ഇടപെട്ടത്. പിടികൂടുന്നതിന് പകരം അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് മറ്റേതെങ്കിലും കാട്ടിൽ തുറന്നുവിടുന്നതിനോടാണ് കോടതി അനുകൂല നിലപാട് സ്വീകരിച്ചത്. അരി ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ ഇഷ്ടപ്പെടുന്ന അരിക്കൊമ്പനെ മറ്റ് ഏതെങ്കിലും വന്യജീവി സങ്കേതത്തിലേയ്ക്ക് മാറ്റിയാലും വീണ്ടും ജനവാസ മേഖലകളിലേയ്ക്ക് എത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News