Bev Q ആപ്പിന് Googleൻ്റെ അനുമതി ലഭിച്ചതോടെ മദ്യവിൽപ്പന പുനഃരാരംഭിക്കാൻ സർക്കാർ തീരുമാനം. ഇന്ന് ഉച്ചമുതൽ ആപ്പ് പ്ലേസ്റ്റോറിലെത്തും. മദ്യവിതരണത്തെ കുറിച്ച് വിശദീകരണം നല്കാൻ എക്സൈസ് മന്ത്രി ഉച്ചയ്ക്ക് 3.30ന് പത്രസമ്മേളനം വിളിച്ചു.
സംസ്ഥാനത്തെ 303 ബെവ്കോ - കൺസ്യൂമർഫെഡ് മദ്യവിൽപനശാലകൾ, സ്വകാര്യ ബാറുകൾ വൈൻ പാർലറുകൾ എന്നിവയിൽ നിന്നും ആപ്പ് വഴി ടോക്കൺ നൽകി അതുമായി അടുത്തുള്ള മദ്യവിൽപ്പനശാലയിൽ നിന്നും മദ്യം വിതരണം ചെയ്യാനാണ് തീരുമാനം.
ഒരു മണിക്കൂറിൽ ഒരു കൗണ്ടറിൽ നിന്നും 50 പേർക്ക് മദ്യം വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒരു ദിവസം 4.8 ലക്ഷം ടോക്കൺ നൽകാനാണ് ആദ്യഘട്ടത്തിൽ ആലോചിക്കുന്നത്.
ബെവ്ക്യു ആപ്പിൻ്റെ പ്രവർത്തനം എങ്ങനെ?
പ്ലേ സ്റ്റോർ/ആപ് സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനിൽ പേര്, ഫോൺ നമ്പർ, പിൻകോഡ് എന്നിവ നൽകി റജിസ്റ്റർ ചെയ്യുക. മദ്യം, ബീയർ/വൈൻ എന്നിവയിൽ ആവശ്യമുള്ളതു തിരഞ്ഞെടുത്താൽ പിൻകോഡ് അനുസരിച്ച് സമീപത്തുള്ള മദ്യശാല തിരഞ്ഞെടുക്കാം. എത്തേണ്ട സമയവും ക്വിക് റെസ്പോൺസ് (ക്യുആർ) കോഡും ഫോണിൽ ലഭിക്കും. മദ്യം വാങ്ങാനെത്തുമ്പോൾ ഫോണിലെ ക്യുആർ കോഡ് ജീവനക്കാർ സ്കാൻ ചെയ്യും.
സാധാരണ ഫീച്ചർ ഫോണിലും ബുക്ക് ചെയ്യാം
<BL><SPACE><PINCODE><NAME> എന്ന ഫോർമാറ്റിൽ ബെവ്യുടെ പ്രത്യേക നമ്പറിലേക്കാണ് മെസേജ് അയയ്ക്കേണ്ടത്. മദ്യമെങ്കിൽ BL എന്നും വൈൻ എങ്കിൽ BW എന്നും ഉപയോഗിക്കണം VM-BEVCOQ എന്ന സെൻഡർ ഐഡിയിൽ നിന്ന് തിരികെ എസ്എംഎസ് ആയി ടോക്കൺ ലഭിക്കും. മദ്യശാല, എത്തേണ്ട സമയം തുടങ്ങിയവ ഇതിലുണ്ടാകും. എസ്എംഎസ് ജീവനക്കാരെ കാണിച്ചശേഷം മദ്യം വാങ്ങാം. എസ്എംഎസ് അയയ്ക്കേണ്ട നമ്പർ പ്രഖ്യാപിച്ചിട്ടില്ല.