Kudumbasree: 1087 ഓണച്ചന്തകൾ, 23 കോടിയുടെ കച്ചവടം; ഓണവിപണിയിൽ വിജയം കൊയ്ത് കുടുംബശ്രീ

ഓരോ കേന്ദ്രത്തിലും ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉല്‍പ്പന്നങ്ങളാണ് കുടുംബശ്രീ വിൽപ്പനയ്ക്കെത്തിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 31, 2023, 04:14 PM IST
  • കുടുംബശ്രീ കൃഷി നടത്തി ഉത്പാദിപ്പിച്ച പൂക്കളും വിൽപ്പനയ്ക്കുണ്ടായിരുന്നു.
  • ഇത് ഇക്കുറി ഓണം മേളകളിലെ പ്രധാന ആകർഷണമായി മാറി.
  • വരും വർഷത്തിലെ ഓണത്തിന് കൂടുതൽ വിപുലമായി തന്നെ പൂകൃഷി സംസ്ഥാനമെങ്ങും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
Kudumbasree: 1087 ഓണച്ചന്തകൾ, 23 കോടിയുടെ കച്ചവടം; ഓണവിപണിയിൽ വിജയം കൊയ്ത് കുടുംബശ്രീ

തിരുവനന്തപുരം: ഓണവിപണിയിൽ 23.09 കോടി രൂപയുടെ കച്ചവടം നടത്തി വിജയഗാഥ തീർത്ത് കുടുംബശ്രീ. കുടുംബശ്രീയുടെ വിജയത്തിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. കുടുംബശ്രീയുടെ 1087 ഓണച്ചന്തകളിലായാണ് 23.09 കോടി രൂപയുടെ കച്ചവടം നടന്നത്. 2022ൽ 19 കോടിയുടെ കച്ചവടമായിരുന്നു കുടുംബശ്രീ നടത്തിയത്. 2023 ആയപ്പോൾ നാലുകോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സിഡിഎസ് തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കുടുംബശ്രീ ഓണം വിപണന മേള നടത്തിയിരുന്നു.

ഇതിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയത് എറണാകുളം ജില്ലയിലാണ്. 3.25 കോടി രൂപയുടെ വിൽപ്പനയോടെ എറണാകുളം ജില്ല ഒന്നാം സ്ഥാനത്താണ്. മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലാണ്‌ ഏറ്റവും കൂടുതൽ മേളകൾ നടത്തിയത്‌. വിലക്കയറ്റം തടയാനുള്ള സർക്കാരിന്റെ വിപണി ഇടപെടലിൽ ശ്രദ്ധേയമായ പങ്കാണ് കുടുംബശ്രീ  വഹിച്ചതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കുടുംബശ്രീ ഓണച്ചന്തകള്‍ക്ക് മികച്ച പിന്തുണ നൽകി. കുടുംബശ്രീയുടെ 20,990 സ്വയം സഹായക സംഘങ്ങളുടെയും 28,401 ചെറുകിട സംരംഭങ്ങളുടെയും ഉൽപ്പന്നങ്ങളാണ് മേളയിൽ വിൽപ്പന നടത്തിയത്.

Also Read: Rain: മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കുടുംബശ്രീ കൃഷി നടത്തി ഉത്പാദിപ്പിച്ച പൂക്കളും വിൽപ്പനയ്ക്കുണ്ടായിരുന്നു. ഇത് ഇക്കുറി ഓണം മേളകളിലെ പ്രധാന ആകർഷണമായി മാറി. വരും വർഷത്തിലെ ഓണത്തിന് കൂടുതൽ വിപുലമായി തന്നെ പൂകൃഷി സംസ്ഥാനമെങ്ങും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ നാടെങ്ങും കുടുംബശ്രീയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്താനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. കുടുംബശ്രീയെ വിപണിയിലെ അവിഭാജ്യ സാന്നിധ്യമായി മാറ്റാനുള്ള ഇടപെടലാണ് സർക്കാരിന്റെ ഭാ​ഗത്തുനിന്നും ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.

ഉജ്വല നേട്ടമാണ് പൂകൃഷിയുടെ കാര്യത്തിൽ കുടുംബശ്രീ കൈവരിച്ചിരിക്കുന്നത്. അതിര്‍ത്തിക്കപ്പുറത്ത് നിന്നാണ് ഇത്രയും നാളും ഓണത്തിന് പൂക്കളെത്തിയിരുന്നത്. എന്നാൽ ഇക്കുറി പൂവിപണിയില്‍ ശക്തമായ സാന്നിദ്ധ്യം തീര്‍ക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം 128 ഏക്കറിലായിരുന്നു കൃഷിയെങ്കിൽ ഇത്തവണ 780 ഏക്കറിലാണ് പൂകൃഷി നടത്തിയത്. 1819 വനിതാ കര്‍ഷക സംഘങ്ങള്‍ ഇതിന്റെ ഭാ​​ഗമായി. ഓണവിപണി മുന്നില്‍ കണ്ടാണ് കുടുംബശ്രീ കൃഷി ആരംഭിച്ചത്. ഇത് കേരളമെമ്പാടും വലിയ വിജയം കണ്ടു. 186.37 ഏക്കറില്‍ കൃഷിയിറക്കിയ തൃശൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 100 സംഘങ്ങള്‍ ചേര്‍ന്നാണ് ഇവിടെ കൃഷിയിറക്കിയത്. പൂക്കൾ വിൽക്കുന്ന സ്റ്റാളുകൾ കുടുംബശ്രീയുടെ ഓണം വിപണന മേളകളിലെല്ലാമുണ്ടായിരുന്നു

ഓരോ കേന്ദ്രത്തിലും ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉല്‍പ്പന്നങ്ങളാണ് കുടുംബശ്രീ വിൽപ്പനയ്ക്കെത്തിച്ചത്. കുടുംബശ്രീ സൂക്ഷ്മ സംരംഭകരും സംഘകൃഷി സംഘങ്ങളും ഉല്‍പ്പാദിപ്പിപ്പിച്ച ഈ ഉൽപ്പന്നങ്ങൾക്ക് വലിയ തോതിൽ ആവശ്യക്കാരെത്തിയിരുന്നു. വിവിധ തരം ധാന്യപ്പൊടികള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയും മേളകളിൽ ലഭ്യമാക്കിയിരുന്നു. ഉൽപ്പന്നങ്ങൾക്ക് പുറമെ കലാപരിപാടികൾ, ഭക്ഷ്യമേള, മത്സരങ്ങൾ തുടങ്ങിയവയും മേളയോട്‌ അനുബന്ധിച്ച്‌ ഒരുക്കിയിയിരുന്നു. വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിനായി ജില്ലാതലത്തില്‍ ഒരു ലക്ഷം രൂപയും നഗര സിഡിഎസ് തലത്തില്‍ 15,000 രൂപയും ഗ്രാമപഞ്ചായത്ത് തലത്തിൽ 12,000 രൂപയുമാണ് കുടുംബശ്രീ നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വരെ നൽകാനുള്ള അനുമതിയും നൽകിയിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News