K.S.R.T.C: ഇനി 'മിന്നൽ' വേഗത്തിലെത്താം..! രാത്രികാല 'മിന്നൽ' സർവ്വീസുകൾ കൂട്ടാൻ കെ.എസ്.ആർ.ടി.സി

KSRTC Minnal Service: സെപ്തംബർ മുതൽ കൂടുതൽ നോൺ-സ്റ്റോപ്പ് 'മിന്നൽ', സെമി-സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസുകൾ പുറത്തിറക്കും.

Written by - Zee Malayalam News Desk | Last Updated : Aug 29, 2024, 12:29 PM IST
  • രാത്രി സമയങ്ങളിൽ ഓടുന്ന 'മിന്നൽ' സർവീസുകൾ മികച്ച കളക്ഷൻ നേടുന്നുണ്ടെന്ന് ഗണേഷ് കുമാർ.
  • കെഎസ്ആർടിസി 300 പുതിയ ലെയ്‌ലാൻഡ് ബസുകൾക്കായി ഓർഡർ നൽകിയിട്ടുണ്ട്.
  • പണം അടച്ചാൽ കമ്പനി ബസുകൾ വിതരണം ചെയ്യാൻ തുടങ്ങുമെന്നും മന്ത്രി.
K.S.R.T.C: ഇനി 'മിന്നൽ' വേഗത്തിലെത്താം..! രാത്രികാല 'മിന്നൽ' സർവ്വീസുകൾ കൂട്ടാൻ കെ.എസ്.ആർ.ടി.സി

ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നതും സർവീസിൽ നിന്നും വിരമിച്ചവർക്ക് പെൻഷൻ കൊടുക്കാത്തതിനാലും ഹൈക്കോടതിയിൽ കേസും ബഹളവുമായി എല്ലാ മാസവും കെഎസ്ആർടിസി വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ വരുമാനം മുന്നിൽക്കണ്ട് ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട്  മിന്നൽ സർവീസുകൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടിസി. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിയെ കരകയറ്റാൻ മിന്നൽ സർവ്വീസുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. സെപ്തംബർ മുതൽ, കോർപ്പറേഷൻ കൂടുതൽ നോൺ-സ്റ്റോപ്പ് 'മിന്നൽ', സെമി-സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസുകൾ ചുരുങ്ങിയ സ്റ്റോപ്പുകളോടെ പുറത്തിറക്കും. 

രാത്രി സമയങ്ങളിൽ ഓടുന്ന 'മിന്നൽ' സർവീസുകൾ മികച്ച കളക്ഷൻ നേടുന്നുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. നോൺ-സ്റ്റോപ്പ് സെമി-സ്ലീപ്പർ ബസുകൾക്ക് പുറമെ പാലക്കാട്-കന്യാകുമാരി, പാലക്കാട്-മൂകാംബിക തുടങ്ങിയ റൂട്ടുകളിൽ സെപ്റ്റംബർ മുതൽ നാല് മിന്നൽ സർവീസുകൾ കൂടി അവതരിപ്പിക്കും. കൂടാതെ, പുതിയ ബസുകൾ വിതരണം ചെയ്യുന്ന മുറയ്ക്ക് 40 പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ പുറത്തിറക്കുമെന്ന് ഗണേഷ് കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ALSO READ: സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസെടുത്തു

യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ വേഗത്തിൽ എത്തിച്ചേരുന്നതിന് ഈ സേവനങ്ങൾക്ക് മിനിമം സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ ലൊക്കേഷൻ കണ്ടക്ടറെ മുൻകൂട്ടി അറിയിക്കാമെന്നും അവർക്ക് എവിടെ നിന്ന് ബസിൽ കയറാനുള്ള സൗകര്യവുമുണ്ടെന്ന് മന്ത്രി അറിയിച്ചു.  അതേസമയം കൂടുതൽ ബസുകൾ അനുവദിക്കുന്നതാണ് വെല്ലുവിളിയെന്ന് മന്ത്രി പറഞ്ഞു. 

കെഎസ്ആർടിസി 300 പുതിയ ലെയ്‌ലാൻഡ് ബസുകൾക്കായി ഓർഡർ നൽകിയെങ്കിലും ഇതുവരെ പണമടച്ചിട്ടില്ല. ഇതിൽ സർക്കാർ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും പണം അടച്ചാൽ കമ്പനി ബസുകൾ വിതരണം ചെയ്യാൻ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ബസുകൾ വിതരണം ചെയ്തു തുടങ്ങിയാൽ പല ബസുകളും 'മിന്നൽ' സർവീസുകളായി നടത്തും. അടുത്ത മാസം മുതൽ നോൺ സ്റ്റോപ്പ് ബസ് സർവീസുകൾ ആരംഭിക്കാൻ ഞങ്ങൾ 30 ബസുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

ബസ് ദൗർലഭ്യം പരിഹരിക്കാൻ, നിലവിൽ സർവീസ് നടത്തുന്ന എല്ലാ 'മിന്നൽ' ബസുകളും കോർപ്പറേഷൻ നവീകരിക്കുന്നുണ്ട്. ദീർഘദൂര യാത്രകൾക്ക് സുഖപ്രദമായ ഇരിപ്പിടങ്ങൾ പോലുള്ള അധിക സൗകര്യങ്ങൾ ഏർപ്പെടുത്തും. ദീർഘദൂര ട്രെയിനുകളെ അപേക്ഷിച്ച് ഏതാണ്ട് ഒരേ സമയമെടുക്കുന്ന 'മിന്നൽ' സർവീസുകൾ 2017 ജൂണിൽ അന്നത്തെ മാനേജിംഗ് ഡയറക്ടർ എം ജി രാജമാണിക്യമാണ് ആദ്യമായി അവതരിപ്പിച്ചത്.

കെഎസ്ആർടിസി സ്വിഫ്റ്റ് ലിമിറ്റഡ് ഇൻ്റർസിറ്റി, അന്തർസംസ്ഥാന റൂട്ടുകളിൽ 269 ദീർഘദൂര ബസുകൾ സർവീസ് നടത്തുന്നുണ്ട്. പ്രതിദിനം ശരാശരി 40,000 യാത്രക്കാരാണ് ബസുകളിൽ യാത്ര ചെയ്യുന്നത്. അതേസമയം, കോർപ്പറേഷൻ നിലവിൽ ഉൾപ്രദേശങ്ങളിൽ സർവീസ് നടത്തുന്ന ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്ക് പകരം മിനി ബസുകൾ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.

300-ഓളം മിനി ബസുകൾക്കായി ടെൻഡർ നടത്തിയിട്ടുണ്ട്. ടേക്ക് ഓവർ സർവീസുകൾ കൂടാതെ ഗ്രാമീണ മേഖലകളിലും ഇവ പ്രവർത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ ബസുകളുടെ അറ്റകുറ്റപ്പണി ചെലവും ഇന്ധന ചാർജും സാധാരണ ബസുകളെ അപേക്ഷിച്ച് താരതമ്യേന കുറവായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News