തിരുവനന്തപുരം: രാജ്യത്തെ തന്നെ വോൾവോയുടെ ഏറ്റവും മികച്ച ലക്ഷ്വറി ബസ് വാങ്ങാനൊരുങ്ങുകയാണ് കെഎസ്ആർടിസി. ഇതിൻറെ ഭാഗമായി ആദ്യത്തെ ബസ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി. കെഎസ്ആർടിസിക്കായി രൂപീകരിച്ച് കെ സ്വിഫ്റ്റ് എന്ന കമ്പനിക്കുള്ളതാണ് പുതിയ ബസ്. രാജ്യത്ത് ആദ്യമായി വോൾവോയുടെ പുതിയ ശ്രേണിയിൽ നിർമ്മിച്ച ആദ്യ എട്ട് സ്ലീപ്പർ ബസുകളാണ് കമ്പനി കെഎസ്ആർടിസിക്ക് നൽകുന്നത്. എല്ലാം ദീർഘദൂര യാത്രകൾക്ക് മാത്രമായുള്ളതാണ്.
എന്താണ് പുതിയ ബസ്സിൻറെ പ്രത്യേകത
വോൾവോയുടെ ഷാസിയിൽ വോൾവോ തന്നെയാണ് ആദ്യമായി പുതിയ ബസ്സിൻറെ ബോഡി നിർമ്മിച്ചത്. സാധാരണ ഷാസികൾ മാത്രമാണ് വോൾവോ നിർമ്മിക്കാറ് പതിവ്. 14 മീറ്ററോളം നീളമുള്ള ഷാസിയിൽ 39 ബെർത്തുകളാണ് ആകെ ബസിനുള്ളത്. മികച്ച ലഗ്ഗേജ് സ്പേസും, സീറ്റിങ്ങും എടുത്ത് പറയണം. 12 സ്പീഡ് ഗിയർ ബോക്സും, ഇലക്ട്രിക് എയർ സസ്പെൻഷൻ, ഇലക്ട്രിക് ബ്രേക്കിങ്ങ് സിസ്റ്റം എന്നിവയും ബസിൻറെ ഫീച്ചറാണ്.
വോൾവോ ഡി8 കെ-6 460 എച്ച് പി ഡീസൽ എഞ്ചിനാണ് ബസ്സിൻറേത്. വോൾവോ പറയുന്ന എല്ലാ സേഫ്റ്റി ഫീച്ചറുകളുമടങ്ങുന്ന വണ്ടിയുടെ ശരാശരി വില 1.5 കോടിയാണ് പ്രതീക്ഷിക്കുന്നത്. വോൾവോ ബസ് വിപണി സജീവമാകുന്നതിനാൽ കൂടുതൽ വില വർധന വരുന്ന വർഷങ്ങളിൽ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
2017-ന് ശേഷം ഇതാദ്യമായാണ് ഇത്രയും അത്യാധുനിക ബസ് കെഎസ്ആർടിസി വാങ്ങുന്നത്. വോൾവോ കൂടാതെ അശോക് ലെയ് ലാൻറിൻറേയും 72 എയർ സസ്പെൻഷൻ ബസുകൾ കെഎസ്ആർടിസി വാങ്ങുന്നുണ്ട്. 50 കോടിരൂപയാണ് സ്വിഫ്റ്റിനായി പുത്തൻ ബസു വാങ്ങാൻ സർക്കാർ അനുവദിച്ചത്. ഇത്തരത്തിൽ 100 പുതിയ ബസ്സുകളാണ് സ്വിഫ്റ്റിനായി എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...