തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ KSRTC ബസുകള്‍ ഓടി തുടങ്ങും.
ജില്ലക്കുള്ളില്‍ പൊതുഗതാഗതം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് KSRTC സര്‍വീസുകള്‍ ആരംഭിക്കാന്‍ തുടങ്ങുന്നത്. 50% നിരക്ക് വര്‍ധനവോടെയാകും സര്‍വീസുകള്‍. യാത്ര സൗജന്യമുള്ള വിഭാഗങ്ങളും നിരക്കിന്‍റെ പകുതി നല്‍കണം.
ഇത് സംബന്ധിച്ച സര്‍ക്കാരിന്‍റെ പൊതുവിജ്ഞാപനം ഇന്ന് പുറത്തിറങ്ങുമെന്നാണ് സൂചന. ബസുകളുടെ ക്രമീകരണം ഏര്‍പ്പെടുത്താന്‍ സാവകാശം വേണ്ടതിനാലാണ് സര്‍വീസുകള്‍ നാളെ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ലോക്ക്ഡൌണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത്; മദ്യശാലകള്‍ ബുധനാഴ്ച മുതല്‍, കൂടുതലറിയാം...
ജില്ലകള്‍ക്കുള്ളിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് മാത്രമാകും സര്‍വീസുകള്‍ ഉണ്ടാകുക. നിലവില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്കാണ് സര്‍വീസ് നടത്തുന്നത്. യാത്രക്കാരന്‍റെ കൈവശമുള്ള കാര്‍ഡില്‍ കണ്ടക്ടറുടെ പക്കലുള്ള സ്കാനര്‍ ഉപയോഗിച്ച് പണം ഈടാക്കുന്ന പ്രീപെയ്ഡ് കാര്‍ഡ് സംവിധാനം ഈ സര്‍വീസില്‍ നാളെ മുതല്‍ തന്നെ ഉണ്ടാകും.
കറന്‍സി കൈമാറ്റം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന കൊറോണ വ്യാപന൦ തടയാനായാണ് പുതിയ സംവിധാനം. പ്രീപെയ്ഡ് കാര്‍ഡ് സംവിധാനം വിജയകരമാണെന്ന് കണ്ടാല്‍ സംസ്ഥാനത്ത് ഉടനീളം ഇത് വ്യാപിപ്പിക്കും.
അതേസമയം, സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള KSRTC സര്‍വീസുകള്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. ഏകദേശം 150ലധികം സര്‍വീസുകളാണ് ഇതിനായി ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കായി കഴിഞ്ഞയാഴ്ച ആരംഭിച്ച സര്‍വീസുകളാണ് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.