സർവ്വകലാശാല ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു; യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് പ്രതിപക്ഷം; ഗവർണർ ഒപ്പിട്ടേക്കില്ല

University Law Amendment Bill സഭ പിരിയുന്ന ഡിസംബർ പതിമൂന്നിന് ബില്ലുകൾ പാസാക്കാനാണ് സർക്കാർ തീരുമാനം

Written by - Abhijith Jayan | Edited by - Jenish Thomas | Last Updated : Dec 7, 2022, 06:23 PM IST
  • എന്നാൽ, യുജിസി ചട്ടങ്ങൾ നിയമമല്ലെന്നും ഇതിന് മുൻഗണന നൽകിയാൽ സംസ്ഥാനത്തിന്റെ നിയമ നിർമാണ അധികാരം നഷ്ടമാകുമെന്ന വാദം ഉയർത്തിയായിരുന്നു ബില്ലുകളെ സർക്കാർ ന്യായീകരിച്ചത്.
  • ചർച്ചകൾ പൂർത്തിയാക്കി ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഡിസംബർ 13ന് ബില്ല് പാസാക്കും.
  • ഗവർണ്ണർ ഒരു ഘട്ടത്തിൽ ചാൻസലർ സ്ഥാനം ഒഴിയാമെന്ന് പറഞ്ഞതാണെന്ന് നിയമ മന്ത്രി പി. രാജീവ് പറഞ്ഞു.
  • സ്വയം ഒഴിയാം എന്ന് പറഞ്ഞപ്പോൾ പാടില്ല എന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
സർവ്വകലാശാല ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു; യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് പ്രതിപക്ഷം; ഗവർണർ ഒപ്പിട്ടേക്കില്ല

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് നീക്കുന്ന ബില്ല് മന്ത്രി പി രാജീവ് നിയമസഭയിൽ അവതരിപ്പിച്ചു. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണിതെന്നും ആരെയും ചാൻസലറാക്കാൻ ബില്ലിലൂടെ കഴിയുമെന്ന് പറഞ്ഞ് പ്രതിപക്ഷം എതിർപ്പ് രേഖപ്പെടുത്തി. എന്നാൽ, യുജിസി ചട്ടങ്ങൾ നിയമമല്ലെന്നും ഇതിന് മുൻഗണന നൽകിയാൽ സംസ്ഥാനത്തിന്റെ നിയമ നിർമാണ അധികാരം നഷ്ടമാകുമെന്ന വാദം ഉയർത്തിയായിരുന്നു ബില്ലുകളെ  സർക്കാർ ന്യായീകരിച്ചത്. ചർച്ചകൾ പൂർത്തിയാക്കി ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഡിസംബർ 13ന് ബില്ല് പാസാക്കും.

സർവകലാശാല ഭേദഗതി ബിൽ യുജിസി ചട്ടങ്ങൾക്ക്  വിരുദ്ധമാണെന്നും പ്രത്യക്ഷമായ പിഴവുകൾ പോലും പരിഹരിക്കാതെയാണ് തട്ടിക്കൂട്ടിയതെന്ന വിമർശനവുമായാണ് പ്രതിപക്ഷം നിയമമന്ത്രിയുടെ ബില്ല് അവതരണത്തെ നേരിട്ടത്. തുടക്കത്തിൽ തന്നെ പ്രതിപക്ഷം തടസവാദം ഉന്നയിച്ചു. ധനകാര്യ മെമ്മോറാണ്ടം അപൂർണ്ണമാണ്. പ്രോ ചാൻസലറായ മന്ത്രി ചാൻസലറുടെ താഴെയാണോയെന്നതിൽ പോലും അവ്യക്തത നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ ബില്ലിൽ വ്യക്തതവരണമെന്നും പ്രതിപക്ഷ നേതാവ്. നിയമനത്തിന് തിരഞ്ഞെടുപ്പ് പ്രക്രിയയില്ലെന്ന് പറഞ്ഞ സതീശൻ ചാൻസലറാകേണ്ട ആളുടെ യോഗ്യത പോലും ബില്ലിൽ പറയുന്നില്ലെന്നും വിമർശിച്ചു. 

ALSO READ : Cliff House Gun Fire : ക്ലിഫ് ഹൗസില്‍ വെടിപൊട്ടിയ സംഭവം; എസ്ഐക്ക് സസ്പെൻഷൻ

വിസിയുടെയും പ്രോ വിസിയുടെയും കാലാവധി ഒരുമിച്ച് അവസാനിക്കുമെന്ന യു.ജി.സി ചട്ടത്തിന് വിരുദ്ധമാണ് ബില്ലെന്നായിരുന്നു പ്രധാന വിമർശനം. നിയമ നിർമ്മാണത്തെ പിഴവുകൾ പറഞ്ഞ് എതിർത്തപ്പോഴും ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്നതിനെ പ്രതിപക്ഷം എതിർത്തതുമില്ല.

ഗവർണ്ണർ ഒരു ഘട്ടത്തിൽ ചാൻസലർ സ്ഥാനം ഒഴിയാമെന്ന് പറഞ്ഞതാണെന്ന് നിയമ മന്ത്രി പി. രാജീവ് പറഞ്ഞു. സ്വയം ഒഴിയാം എന്ന് പറഞ്ഞപ്പോൾ പാടില്ല എന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാൻസലർ സ്ഥാനത്ത് നിന്ന് മാറരുതെന്ന് പറഞ്ഞ് ഗവർണറുടെ കാലുപിടിച്ചത് സർക്കാരാണെന്ന് വി.ഡി സതീശൻ മറുപടി നൽകി. ഈ വിഷയത്തിൽ കോൺഗ്രസിനും മുസ്ലിം ലീഗിനും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം ഭരണപക്ഷത്തിന്റെ വിമർശനങ്ങളോട് പ്രതികരണം.

ബില്ലുകൾ ഒപ്പിട്ടില്ലെങ്കിൽ സർക്കാർ കോടതിയെ സമീപിക്കുന്നതിനെയും പ്രതിപക്ഷം പിന്തുണച്ചു. ചാൻസലറുടെ യോഗ്യതയും പ്രായ പരിധിയും പോലും വ്യക്തമാക്കിയില്ലെന്ന വിമർശനങ്ങൾ സർക്കാർ മുഖ്യമായും നേരിട്ടത് രാഷ്ട്രീയം പറഞ്ഞ് തന്നെ. യുജിസി ചട്ടമടക്കമുള്ള കേന്ദ്ര സബോർഡിനേറ്റ് നിയമങ്ങൾക്ക്  പ്രാധാന്യം നൽകിയാൽ അധികാരം കേന്ദ്ര സർക്കാരിലേക്ക് ചുരുങ്ങുമെന്ന അപകടം ചൂണ്ടിക്കാട്ടി ആയിരുന്നു
ബിൽ അവതരിപ്പിച്ച മന്ത്രി പി രാജീവിന്റെ പ്രതിരോധം. 

ALSO READ : Vizhinjam Strike: വിഴിഞ്ഞം സമരം പിൻവലിച്ചു; വാടക പൂർണമായി സർക്കാർ നൽകും, പൂർണ്ണ തൃപ്തിയില്ലെന്ന് ലത്തീൻ അതിരൂപത

കൂടാതെ, യുജിസി ചട്ടങ്ങളാണ് സംസ്ഥാന നിയമസഭയ്ക്ക് മുകളിലെങ്കിൽ എന്തിനാണ് പിന്നെ നിയമസഭയെന്നും അത് ഗുരുതര പ്രത്യാഘാതമാക്കും ഉണ്ടാകുകയെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ കലാമണ്ഡലം ചാൻസലർ നിയമനം ചൂണ്ടിക്കാട്ടിയാണ് അയോഗ്യരെ നിയമിക്കുന്നതായുള്ള വിമർശനങ്ങളെ സർക്കാർ  പ്രതിരോധിച്ചത്.

ഏറെനേരം നീണ്ട വാദപ്രതിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. ഗവർണറെ നീക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ട്. രാഷ്ട്രീയ നോമിനികളെ വെക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. യുജിസി നിർദ്ദേശം മറികടന്നുള്ള ബില്ല് നിയമപരമായി നിലനിൽക്കില്ലെന്നും പിൻവലിക്കണമെന്നും ചർച്ചയുടെ ആമുഖത്തിൽ പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കി.

ഇനി ചെയ്യാൻ പോകുന്ന കാര്യം വേറെ ആളെ കൊണ്ട് ചെയ്യിച്ചാൽ പോരേയെന്നായിരുന്നു വിഡി സതീശന്റെ ചോദ്യം. നേരത്തെ ചോദിച്ചിരുന്നെങ്കിൽ യുഡിഎഫ് ചർച്ച ചെയ്ത് നിർദ്ദേശം മുന്നോട്ട് വയ്ക്കുമായിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ പിടിച്ചുവെക്കരുതെന്ന് വി.ഡി സതീശൻ പറഞ്ഞപ്പോൾ ആ നിലപാടിന് നന്ദിയെന്നായിരുന്നു നിയമമന്ത്രിയുടെ മറുപടി.

നിയമനിർമാണം സർക്കാരിന് അധിക ചെലവുണ്ടാക്കുമെന്നടക്കം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച പ്രധാന തടസവാദങ്ങൾ ഉൾപ്പടെ തള്ളിയാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. തുടർന്ന് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ഭേദഗതി വേണമോയെന്ന് സബ്ജക്ട് കമ്മിറ്റി പരിശോധിക്കും. സഭ പിരിയുന്ന ഡിസംബർ പതിമൂന്നിന് ബില്ലുകൾ പാസാക്കാനാണ് സർക്കാർ തീരുമാനം. പ്രതിപക്ഷവും ഭരണപക്ഷവും ചേർന്ന് ബില്ല് പാസാക്കിയാലും ഗവർണർ ഒപ്പിടാൻ സാധ്യതയില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News