തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. വരും മണിക്കൂറുകളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശിയടച്ചേക്കുമെന്നാണ് പ്രവചനം. പൊതുജനങ്ങളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, നാല് ദിവസത്തിനകം കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു, മൂന്നു പേരെ രക്ഷപ്പെടുത്തി. കായംകുളത്ത് ശക്തമായ കാറ്റിൽ മരം വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു. കാക്കനാട് ഇൻഫോപാർക്കിൽ രണ്ടാമതും വെള്ളക്കെട്ട്. തലശ്ശേരി മാഹി ബൈപ്പാസിൽ വെള്ളം കയറി. തൃക്കാക്കരയിൽ 20 വീടുകളിൽ വെള്ളം കയറി. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മതിലിന്റെ ഒരു ഭാഗം നെയ്യാറിലേക്ക് ഇടിഞ്ഞു. ദേശീയപാതയിൽ വെള്ളം കയറി പലയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കും ഗതാഗതതടസ്സവും അനുഭവപ്പെട്ടു.
കനത്തമഴയിൽ മധ്യ കേരളത്തിലെ ഏറ്റവുമധികം ദുരിതം അനുഭവിച്ചത് കൊച്ചി നിവാസികളാണ്. കൊച്ചിയിൽ രാവിലെ 9.10 മുതൽ 10.10 വരെ മാത്രം പെയ്തത് 100 മില്ലി മീറ്റർ മഴയാണ്. 11 മണി മുതൽ 12 മണി വരെ 98.4 മില്ലി മീറ്റർ മഴയും ലഭിച്ചു. മഴയിൽ പലയിടത്തും ഗതാഗതക്കുരുക്കും വെള്ളക്കെട്ടും രൂക്ഷമായി.
എം.ജി റോഡ്, കാക്കനാട് ഇൻഫോപാർക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. കാക്കനാട് വാഴക്കാല മാർക്കറ്റ് വെള്ളത്തിൽ മുങ്ങി. മാർക്കറ്റിൽ മീൻ, മാംസം, പച്ചക്കറികൾ തുടങ്ങിയവ വെള്ളത്തിൽ നശിച്ചു. അങ്കമാലിയിൽ റോഡരികിൽ പാർക്ക് ചെയ്ത ഇരുചക്ര വാഹനങ്ങൾ ഒഴുകിപ്പോയി. നഗരത്തിലെ പ്രധാന റോഡുകളിൽ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.
തെക്കൻ കേരളത്തിലും മഴ കനത്ത് പെയ്യുകയാണ്. പലയിടത്തും ഇന്നലെ മുതൽ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നഗരമേഖലകളിൽ അടക്കം വെള്ളക്കെട്ട് തുടരുകയാണ്. നെടുമങ്ങാടും, വെമ്പായത്തും, കാട്ടാക്കടയിലും വീടുകളിലും വെള്ളം കയറി. ശക്തമായ മഴ കാരണം ജില്ല ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു.
വർക്കല ക്ലിഫിന് സമീപത്തെ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു. ക്ലിഫ് ഇടിഞ്ഞുവീണ സാഹചര്യത്തിലാണ് നടപടി. മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ക്ലിഫിന് സമീപത്തെ ഗതാഗതവും നിരോധിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകരയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഒരു ഭാഗം നെയ്യാറിലേക്ക് ഇടിഞ്ഞു. പാലിയോട് മരം വീണ് വീട് തകർന്നു, ആർക്കും പരിക്കില്ല. വർക്കല പാപനാശത്തെ ബലിമണ്ഡപത്തോട് ചേർന്ന് കുന്നിടിഞ്ഞു. കാട്ടാക്കട - നെടുമങ്ങാട് റോഡിൽ വെള്ളം കയറി. കൈതകോണത്ത് വീടുകളിലും വെള്ളം കയറി.
കൊല്ലത്തും സമാനമാണ് സ്ഥിതി. കല്ലുവാതുക്കൽ, കരീക്കോട്, ചാത്തന്നൂർ, കുരീപുഴ ഭാഗങ്ങളിൽ കടകളിലും വീടുകളിലും വെള്ളം കയറി. ഹൈവേയിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ മരംവീണും ഗതാഗതം തടസപ്പെട്ടു. ചീരങ്കാവിന് സമീപം രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ഇതോടെ ഗതാഗതം വഴി തിരിച്ചു വിട്ടു. വാളകത്ത് എം.സി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു.
കനത്ത മഴയിൽ വേങ്ങൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥി എൽദോസ് മരിച്ചു. മാവേലിക്കര ഓലക്കെട്ടിയിൽ തെങ്ങ് കടപുഴകി വീണ് അരവിന്ദ് (31) മരിച്ചു. ആലപ്പുഴ ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് മരം കടപുഴകി വീണ് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടർന്നാണ് മരം കടപുഴകി വീണത്. ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി മരം മുറിച്ച് മാറ്റി.
കനത്ത മഴയിൽ കോട്ടയത്ത് മലയോര മേഖലയിലും പടിഞ്ഞാറൻ മേഖലയിലും മഴ ശക്തമാണ്. മീനച്ചലാറ്റിൽ ജലനിരപ്പ് ഉയർന്നു. കോട്ടയം മൂന്നിലവ് രണ്ടാറ്റുമൂന്നിയിൽ റോഡ് വെള്ളത്തിലായി. പാലാ ഈരാറ്റുപേട്ട റോഡിൽ പനക്കപ്പാലത്ത് വെള്ളം കയറി. പാലാ ടൗണിലും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. തീക്കോയി കല്ലത്ത് മണ്ണിടിച്ചിൽ ഉണ്ടായി. വാഗമൺ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈക്കം - തവണകടവ് ജങ്കാർ സർവീസ് നിർത്തിവച്ചു. ഈരാറ്റുപേട്ടയ്ക്കടുത്ത് ഇടമുറക്ക് ചോലക്കല്ല് മലയിൽ ഉരുൾപൊട്ടൽ ഉണ്ടായി. കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, കേരളത്തിൽ ഇത്തവണ അതിവർഷത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കേന്ത്യയിലും മധ്യേന്ത്യയിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കും. ജൂണിലും ജൂലായിലും കൂടുതൽ മഴ പ്രതീക്ഷിക്കാം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മൺസൂൺ രണ്ടാം ഘട്ട പ്രവചനത്തിലാണ് നിരീക്ഷണം.
അതിനിടെ, വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലേക്ക് എത്തിച്ചേർന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കൊച്ചിയിൽ കനത്ത മഴ പെയ്യാൻ കാരണം ലഘു മേഘവിസ്ഫോടനമെന്നാണ് കുസാറ്റിലെ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. മഴമാപിനിയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy