തിരുവനന്തപുരം: പോലീസിന് വീഴ്ചപറ്റിയെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ഹാങ് ഓവര്‍ മൂലമാണ് തെറ്റുകള്‍ സംഭവിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
വീഴ്ചപറ്റുന്നവര്ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.അവര്‍ക്ക് സംരക്ഷണമുണ്ടാകില്ല എന്ന സന്ദേശമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫിന്റെ നയം ചില പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊളളാത്തതാണ് കാരണം. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
ജനത്തോട് മോശമായി പെരുമാറരുതെന്ന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയതിനെ എന്തോ വലിയ കുഴപ്പമായി പറയുന്നുണ്ട്. ഡി.ജി.പി ആയിരുന്ന ഒരാള്‍ക്ക് ഉപദേശകനായിക്കൂടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കാപ്പ നിയമം രാഷ്ട്രീയക്കാര്‍ക്ക് ബാധകമാകില്ല. യുഎപിഎ അസാധാരണ കേസുകളില്‍ മാത്രമേ ചുമത്താവൂ. ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തി പോലീസ് ഡാറ്റാ ബാങ്ക് എത്രയും വേഗത്തിൽ തയാറാക്കും. ഭീകര സംഘടനകളിൽ മലയാളികൾ ചേർന്ന സംഭവവുമായി ബന്ധപ്പെട്ട് കാണാതായവരെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.