തിരുവനന്തപുരം: രാജ്യത്ത് വിദ്യാർത്ഥികളുടെ ഏറ്റവും കൊഴിഞ്ഞുപോക്ക് കുറവുള്ള സംസ്ഥാനമാണ് കേരളമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വളരെ മികച്ചതും രാജ്യത്തിനാകെ മാതൃകയായതുമായ സ്കൂൾ സംവിധാനമാണ് കേരളത്തിലേതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ 2016 മുതൽ നടത്തുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും ഇതിന്റെ ഭാഗമാണ്.
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 3000 കോടി രൂപ ചെലവഴിച്ചു. കിഫ്ബി,പ്ലാൻ,മറ്റു ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് ഈ വികസന പ്രവർത്തനം നടത്തിയതെന്ന് മന്ത്രി പറഞ്ഞു.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ അക്കാദമികമായ മുന്നേറ്റം ഉണ്ടാക്കാനും പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്കരണം നമ്മുടെ ടെക്സ്റ്റ് ബുക്കുകളെ കാലത്തിന് അനുസരിച്ചുള്ളതാക്കും . അതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും പാഠപുസ്തകങ്ങളിൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...