ജിഷയുടെ കൊലപാതകം: സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്രം

Last Updated : May 9, 2016, 10:44 AM IST
ജിഷയുടെ കൊലപാതകം: സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്രം

പെരുമ്പാവൂരില്‍ ദളിത്‌ കുടുംബത്തില്‍പ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തില്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. കേരളത്തില്‍ കേരളത്തില്‍ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്, അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ലെന്നും ആഭ്യന്തരം കൈകാര്യം ചെയ്യുന്നതിൽ   യു.ഡി.എഫ് സര്‍ക്കാർ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജിഷയുടെ മരണത്തില്‍ തനിക്ക് അതിയായ ദുഖമുണ്ടെന്നും . കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊല്ലം ചാത്തന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

അതേസമയം,ജിഷയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ജനാധിപത്യ വനിതാ സംഘടന സംസ്ഥാന സെക്രട്ടറി അഡ്വ. ടി.ബി. മിനി ഹൈ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഫലപ്രദമല്ലെന്ന് കാട്ടിയാണ് ഹര്‍ജി നല്‍കിയത്. എ.ഡി.ജി.പി. കെ. പദ്മകുമാര്‍, റൂറല്‍ എസ്.പി. ജി.എച്ച്. യതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.5 സി.ഐമാരും, 7 എസ്.ഐ.മാരുമുള്‍പ്പെടുന്ന മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. അതേസമയം ജിഷയുടെ പോസ്റ്റ്‌മാര്‍ട്ടത്തില്‍ വീഴ്ചയുണ്ടായതിനെ പറ്റി അന്വേഷിക്കാന്‍ ആരോഗ്യ-വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

Trending News