തിരുവനന്തപുരം: പിജെ ജോസഫ് ചെയർമാനായ കേരള കോൺഗ്രസിൽ രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് കഴിഞ്ഞ കുറെ നാളുകളായി നിലനിൽക്കുന്നത്. പാർട്ടിയെ ശക്തമായി മുന്നോട്ട് നയിക്കാൻ പിജെ ജോസഫിന് കഴിയുന്നില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പാരാതി. മുതിർന്ന നേതാവ് ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിടാൻ തയ്യാറെടുക്കുകയാണിപ്പോൾ. തോമസ് ഉണ്ണിയാടൻ, കോട്ടാക്കര പൊന്നച്ചൻ, വിക്ടർ ടി തോമസ് എന്നിവരും ഉടൻ പാർട്ടി വിടും.
ജോസഫ് വിഭാഗം വിടുന്ന നേതാക്കളിൽ ഒരു വിഭാഗം ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന. ബിജെപി ദേശീയ നേതൃത്വവുമായി നേതാക്കൾ പലവട്ടം ചർച്ച നടത്തിക്കഴിഞ്ഞു. ബിജെപി സംസ്ഥാന ഘടകത്തെ മറി കടന്നാണ് കേന്ദ്ര നേതാക്കളുമായി നേരിട്ട് ചർച്ചകൾ പുരോഗമിക്കുന്നത്. കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളിലെ പദവികളാണ് ഇവർ ബിജെപി നോതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിലുള്ള പിന്തുണ ചൂണ്ടികാട്ടിയാണ് വിലപേശൽ. കേരളത്തിൽ ബിജെപിക്ക് ചുവടുറപ്പിക്കാൻ ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണയും നേതാക്കൾ വാഗ്ദാനം ചെയ്യുന്നു.
നേരത്തെ ജോസഫ് വിഭാഗവുമായി ഇടഞ്ഞ ഒരു വിഭാഗം നേതാക്കൾ കേരള കോൺഗ്രസ് എമ്മിൽ ലയിക്കാൻ ശ്രമം നടത്തിയെങ്കിലും ചർച്ചകൾ ഫലം കണ്ടിരുന്നില്ല. നിർണായക ഘട്ടത്തിൽ പാർട്ടി വിട്ടുപോയവരെ തിരികെ എടുക്കേണ്ടതില്ലെന്ന ജോസ് കെ മാണിയുടെ നിലപാടാണ് അവർക്ക് തിരിച്ചടിയായത്. അതുകൊണ്ട് തന്നെ ഇപ്പോൾ പാർട്ടി വിടാൻ തയ്യാറെടുക്കുന്നവരും ജോസ് കെ മാണിയുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിലേക്ക് പോയാൽ കാര്യമായ പ്രയോജനം ലഭിക്കില്ല എന്നാണ് നേതാക്കളുടെ വിലയിരുത്തൽ. അവസാന ആശ്രയം എന്ന നിലയിലാണ് ബിജെപിയെ തിരഞ്ഞെടുത്തത്. എന്നാൽ ബിജെപി കേരള ഘടകത്തിന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...