തിരുവനന്തപുരം: കൊവിഡ് (Covid- 19)വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം (Tourism) മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ബജറ്റിൽ പ്രത്യേക ഊന്നൽ നൽകി പ്രഖ്യാപനങ്ങൾ. മലബാർ ലിറ്റററി ടൂറിസം നടപ്പാക്കും. മലയാളത്തിലെ പ്രമുഖ എഴുത്തുകാരിലൂടെ പ്രശസ്തമായ സ്ഥലങ്ങൾ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുക.
തുഞ്ചത്ത് എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, വൈക്കം മുഹമ്മദ് ബഷീർ, ഒവി വിജയൻ, എംടി വാസുദേവൻ നായർ തുടങ്ങിയവരുടെ കൃതികളിലൂടെ പ്രശസ്തമായ സ്ഥലങ്ങളെ കൂട്ടിയിണക്കിയാണ് പദ്ധതി. തൃത്താല, പൊന്നാനി, ഭാരതപ്പുഴയുടെ തീരം, എഴുത്തച്ഛൻ സ്മാരകം, ബേപ്പൂർ എന്നിവ ചേർത്താണ് ലിറ്റററി ടൂറിസം (Literary Tourism) നടപ്പാക്കുക.
കൊല്ലത്ത് ബയോ ഡൈവേഴ്സിറ്റി പാക്കേജ് (Biodiversity package) നടപ്പാക്കും. അഷ്ടമുടി കായൽ, മൺറോ തുരുത്ത്, കൊട്ടാരക്കര, മീൻപുടിപ്പാറ, മുട്ടറപരുത്തിമല, ജഡായുപാറ, തെന്മല, അച്ചൻകോവിലാർ എന്നിവയെ ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക. രണ്ട് ടൂറിസം സർക്യൂട്ടുകൾക്കുമായി 50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ടൂറിസം വകുപ്പിന് മാർക്കറ്റിങ്ങിന് നിലവിലുള്ള നൂറ് കോടിക്ക് പുറമെ 50 കോടി രൂപ അധികമായി നൽകും. കേരള ഫിനാൻഷ്യൽ കോർപറേഷൻ 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ടൂറിസം പുനരുജ്ജീവനത്തിന് ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. പുനരുജ്ജീവന പാക്കേജ് നടപ്പാക്കാൻ സർക്കാർ വിഹിതമായി 30 കോടി രൂപ വകയിരുത്തും. അന്തരിച്ച മുൻ മന്ത്രിമാരായ ആർ ബാലകൃഷ്ണപിള്ളയ്ക്കും കെആർ ഗൗരിയമ്മയ്ക്കും സ്മാരകം നിർമിക്കും. ഇതിനായി രണ്ട് കോടി രൂപ വീതമാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...