തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചെന്ന പരാതിയിൽ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ജയരാജനെതിരേ കേസെടുക്കേണ്ടെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുക മാത്രമാണ് ഇ.പി ജയരാജൻ ചെയ്തത്. ജയരാജനെതിരേ പരാതി നൽകിയത് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതികളുടെ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനു വേണ്ടിയാണെന്ന് ബോധ്യമായി. അതിനാലാണ് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
അതേസമയം വിഷയത്തിൽ മുഖ്യമന്ത്രിയ്ക്കും സർക്കാരിനും ഇരട്ടി നീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പോലീസ് കേസ് എടുക്കാൻ തയ്യാറായില്ലെങ്കിൽ നിയമപരമായ നടപടി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: Saji Cheriyan : പിണറായി സർക്കാരിന്റെ രണ്ടാം ഇന്നിങ്സിലെ ആദ്യ വിക്കറ്റ്; സജി ചെറിയാൻ
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് നാരായണൻ എന്നിവർ വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു. ഈ സമയം വിമാനത്തിൽ ഉണ്ടായിരുന്ന ഇ.പി ജയരാജൻ ആക്രമണം തടയാൻ ശ്രമിച്ചു. ഈ സംഭവത്തെയാണ് അദ്ദേഹം മർദ്ദിച്ചതായി ആരോപിച്ചത്. നിത്യാനന്ദ കെ.യു, ദിൽജിത്ത് എന്നിവർ ഈ വിഷയത്തിൽ ഇ-മെയിൽ മുഖാന്തിരം പരാതി നൽകിയെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിന് ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവരെ പ്രതികളാക്കി വലിയതുറ പോലീസ് കേസെടുത്തിട്ടുണ്ട്. അൺ ലോഫുൾ ആക്ട്സ് എഗൈയിൻസ്റ്റ് സിവിൽ ഏവിയേഷൻ ആക്ട് 1982 പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ അനുസരിച്ചും ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
കേസിലെ ഒന്നും രണ്ടും പ്രതികൾ കോടതിയിലോ പോലീസ് കസ്റ്റഡിയിലോ ഉണ്ടായിരുന്നപ്പോഴോ ഇപി ജയരാജനെതിരേ പരാതി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അല്ല ജയരാജനെതിരേ കേസ് എടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ ഉണ്ട്. ഇതിനെ നിയമപരമായി നേരിടാൻ കോൺഗ്രസ് തീരുമാനിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കോടതിയെ സമീപിക്കാനാണ് സാധ്യത.
Rahul Gandhi: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് വൻ സ്വീകരണം
കൽപ്പറ്റ: Rahul Randhi Office Attack Case: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണ കേസിൽ റിമാഡിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികൾക്ക് ഗംഭീര വരവേൽപ്പ് നൽകി. ദിവസങ്ങളായി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതികൾക്ക് എസ്എഫ്ഐ-സിപിഎം പ്രവർത്തകരാണ് സ്വീകരണം നൽകിയത്.
സ്വീകരണം നൽകാനായി ഡിവൈഎഫ്ഐ ജില്ലാ നേതാക്കളും എത്തിയിരുന്നു. മുദ്രാവാക്യം മുഴക്കിയും ചുവപ്പും വെള്ളയും നിറത്തിലുള്ള റിബണുകൾ കൊണ്ടുള്ള മാല കഴുത്തിൽ അണിയിച്ചുമാണ് ഇവർക്ക് വരവേൽപ്പ് നൽകിയത്. ഇവർക്ക് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവർത്തകരും അടക്കം 29 പേരാണ് ജൂൺ 26 ന് അറസ്റ്റിലായത്. ഇവർക്കെതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു. 12 ദിവസം റിമാൻഡിൽ കഴിയേണ്ടിവന്ന ഇവർക്ക് ഇന്നലെയാണ് പുറത്തിറങ്ങാൻ കഴിഞ്ഞത്. വിദ്യാർത്ഥികളുടെ പരീക്ഷകൂടി കണക്കിലെടുത്താണ് 50000 രൂപയുടെ ബോണ്ടിൽ ഇവർക്ക് ജാമ്യം നൽകിയത്. ഒപ്പം ജില്ല വിട്ടുപോകരുതെന്നും എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ പ്രതികൾ ഹാജരാകണമെന്നും ജാമ്യ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.