തിരുവനന്തപുരം: എട്ട് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച 58 കാരന് 41 വർഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടാക്കട താലൂക്കിൽ വിളപ്പിൽ, തട്ടത്തുമല, മാടമ്പാറ, പെരുവിക്കോണം ദേവി നിലയത്തിൽ ശ്രീനിവാസൻ (58) നെ ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്.
വിളപ്പിൽ ശാല പോലീസ് സ്റ്റേഷൻ പരിധിയിൽ 2016 ഡിസംബറിലാണ് കേസിന് ആസ്പതമമായ സംഭവം നടന്നത്. അതിജീവിതയെയും സഹോദരനെയും പ്രതിയുടെ വീട്ടിൽ വിളിച്ചു വരുത്തി സഹോദരനെ പുറക്കിയ ശേഷമാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. നിരവധി തവണ കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചിരുന്നു.
കുട്ടി എതിർത്തപ്പോൾ കസേരയിൽ കൈ കെട്ടി ഇരുത്തി വായിൽ തുണി തിരുകിയ ശേഷമണ് പീഡിപ്പിച്ചത്. വിവരം പുറത്ത് പറയാതിരിക്കാൻ കുട്ടിയുടെ അമ്മയെ ഭീക്ഷണിപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കൾ വിവരം അറിഞ്ഞ് വിളപ്പിൽശാല പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിയുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ സമൂഹത്തിൻ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് വിധി ന്യായത്തിൽ പറഞ്ഞു. അതിജീവിതയുടെ സഹോദരൻ കൃത്യത്തിന് ദൃക്സാക്ഷിയായിരുന്നു. പിഴ തുക അതിജീവിതക്ക് നൽകുന്നതിന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ പ്രമോദ് ഹാജരായി. അന്നത്തെ മലയിൻകീഴ് ഇൻസ്പെക്ടർ ആയിരുന്ന ജയകുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂവിൻ്റെ ഭാഗത്ത് നിന്നും 16 സാക്ഷികളെയും 15 രേഖകളും ഹാജരാക്കി. ശിശുദിന ദിവസമായ നവംബർ 14 ന് ആണ് വിധി പ്രസ്താവിച്ചത്.