ന്യൂഡൽഹി: അബ്ദുൾ നാസർ മദനിക്കെതിരെ കർണാടക സർക്കാരിന്റെ സത്യവാങ്മൂലം. കേരളത്തിലേക്ക് പോകാൻ മദനിയെ അനുവദിക്കരുതെന്നും കേരളത്തിലെത്തിയാൽ ഭീകരസംഘടനകളുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്നുമാണ് കർണാടക സർക്കാരിന്റെ വാദം. മദനിയെ സ്വതന്ത്രമാക്കിയാൽ വീണ്ടും ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും മറ്റ് നിരവധി കേസുകളും മദനിക്കെതിരെ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കർണാടക സർക്കാർ സുപ്രീംകോടതിയിൽ നൽകിയ 26 പേജുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് മദനി നൽകിയ ഹർജിയിലാണ് കർണാടകയുടെ സത്യവാങ്മൂലം. ബെംഗളൂരു സ്ഫോടനക്കേസ് വിചാരണ പൂർത്തിയാകുന്നത് വരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മദനിയെ സുപ്രീംകോടതിയെ സമീപിച്ചത്.
ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദനി ഹർജി നൽകിയത്. എന്നാൽ അബ്ദുൾ നാസർ മദനി അപകടകാരിയായ മനുഷ്യനാണെന്നായിരുന്നു സുപ്രീംകോടതി (Supreme Court) ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അഭിപ്രായപ്പെട്ടത്. അബ്ദുൾ നാസർ മദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നുമായിരുന്നു എസ്എ ബോബ്ഡെ പറഞ്ഞത്. തടുർന്ന് കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. ബെംഗളൂരു നഗരത്തിന് പുറത്ത് പോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഒച്ചിഴയുന്ന വേഗതയിലാണ് വിചാരണ നീങ്ങുന്നത്. ബെംഗളൂരുവിലെ വിചാരണക്കോടതിയിൽ ജഡ്ജിയും ഇല്ല. 2014 ജൂലൈയിലാണ് സുപ്രീംകോടതി അബ്ദുൾ നാസർ മദനിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ALSO READ: മാതാവിനെ സന്ദര്‍ശിക്കാന്‍ മദനിക്ക് അനുമതി
എന്നാൽ ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയാനിരിക്കെ നീതി പ്രതീക്ഷിക്കാവുന്ന സഹചര്യമില്ലെന്നും അപകടകാരിയെന്ന് അടിസ്ഥാന രഹിതമായി മുൻവിധി പറഞ്ഞ ആളാണ് കേസ് പരിഗണിക്കാനിരിക്കുന്നതെന്നും പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി പറഞ്ഞു. സാധാരണ കോടതി നടപടികൾക്ക് വിരുദ്ധമായി കർണാടകയ്ക്ക് നോട്ടീസ് നൽകുന്നതിന് മുൻപ് തന്നെ പച്ചക്കള്ളങ്ങൾ നിറഞ്ഞ എതിർ സത്യവാങ്മൂലം കർണാടക പ്രോസിക്യൂഷൻ കോടതിയിൽ നൽകിയെന്നും മദനി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മദനി ഇക്കാര്യങ്ങൾ പറഞ്ഞത്.
കർണാടക (Karnataka) സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മദനിയുടെ അഭിഭാഷകൻ ആരോപിച്ചു. മറ്റ് നിരവധി കേസുകളും മദനിയുടെ പേരിൽ ഉണ്ടെന്നത് ഉൾപ്പെടെ നിരവധി അസത്യങ്ങളാണ് കർണാടക സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. വിവിധ കോടതികൾ കുറ്റവിമുക്തമാക്കിയ കേസുകളാണ് മദനിയെ എതിർക്കാനായി കർണാടക കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് മദനി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...