കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിനായി ഭൂമിയേറ്റെടുക്കാനുള്ള നടപടികൾ റവന്യു വകുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയിലെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ഏജന്‍സികളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. ഡിസംബർ 31 നകം അപേക്ഷിക്കാനാണ് അറിയിപ്പ്. ഭൂമിയേറ്റെടുക്കുന്നതിന് കണ്ടിന്‍ജന്‍സി ചാര്‍ജ് ഒഴിവാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണു റവന്യു വകുപ്പ് ഏറ്റെടുക്കല്‍ നടപടികളിലേക്കു കടന്നത്.
റണ്‍വേ വികസനത്തിനും റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ വര്‍ധിപ്പിക്കാനുമായി 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന 7 ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമടക്കം ആകെ 14.5 ഏക്കര്‍ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ 74 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആര്‍എഫ്സിടിഎല്‍എആര്‍ആര്‍ ആക്ട് 2013 അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നത്. മെച്ചപ്പെട്ട നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസവും പുന:സ്ഥാപനവും ഉറപ്പുവരുത്തുന്നതാണ് നിയമം.
നഷ്ടപ്പെടുന്ന ഭൂമിക്ക് വിപണി വിലയുടെ ഇരട്ടി തുകയും കെട്ടിടങ്ങള്‍ക്ക് കെട്ടിട വിലയുടെ ഇരട്ടി തുകയും നഷ്ടപരിഹാരമായി നല്‍കുമെന്ന് മന്ത്രി വി അബ്ദു റഹ്മാന്‍ വ്യക്തമാക്കി. കൂടാതെ പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമായി താമസ വീട്ടില്‍ നിന്നും കുടിയിറക്കപ്പെടുന്നവര്‍ക്ക് ഒറ്റത്തവണ ധനസഹായമായി 3 ലക്ഷം രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഉപജീവന ഗ്രാന്റായി ഒരു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഗതാഗത ചെലവായി 50000 രൂപ, ഒറ്റത്തവണ അലവന്‍സായി 50,000 രൂപ എന്നിങ്ങനെ ആകെ 4.60 ലക്ഷം രൂപ ലഭിക്കും. കന്നുകാലിത്തൊഴുത്ത് പോലുള്ളവയ്ക്ക് 50,000 രൂപയും നല്‍കും.
സംസ്ഥാന സര്‍ക്കാര്‍ ആറു മാസത്തിനകം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കൈമാറും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിമാനത്താവള കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡോ. എം.പി അബ്ദുസ്സമദ് സമാദാനി എം.പി, എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹിം, ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...