സിപിഎം ഗുണ്ടകള്‍ കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചത് കാടത്തമെന്ന് കെ.സുധാകരന്‍

സിപിഎം ക്രിമിനലുകളെ ഉപയോഗിച്ച് തെരുവില്‍  കായികമായി നേരിടാമെന്ന് മുഖ്യമന്ത്രി കരുതുന്നെങ്കില്‍ അത് മൗഢ്യമാണ്

Written by - Zee Malayalam News Desk | Last Updated : Jun 13, 2022, 07:24 PM IST
  • മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണങ്ങളില്‍ കേരളീയ സമൂഹത്തോട് മറുപടി പറയാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്
  • പോലീസിനെയും സിപിഎം ഗുണ്ടകളെയും അഴിച്ച് വിട്ട് നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെത്
സിപിഎം ഗുണ്ടകള്‍ കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചത് കാടത്തമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസിന്റെ സാന്നിധ്യത്തില്‍ സിപിഎം ഗുണ്ടകള്‍ക്ക് മര്‍ദ്ദിച്ചത് കാടന്‍ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ കെഎസ്‌യു ജില്ലാ സെക്രട്ടറി ഫര്‍ഖാനെ സിപിഎം അക്രമികള്‍ക്ക് മര്‍ദ്ദിക്കാന്‍ പോലീസ് അവസരം ഒരുക്കിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരിടാന്‍ മുഖ്യമന്ത്രിക്കും പോലീസിനും സിപിഎം ഗുണ്ടകള്‍ക്കും ആരാണ് അധികാരം നല്‍കിയതെന്നും സുധാകരൻ പറഞ്ഞു.

ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും ഉള്‍പ്പെടെ ഏതെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം ക്രിമിനലുകളെ ഉപയോഗിച്ച് തെരുവില്‍  കായികമായി നേരിടാമെന്ന് മുഖ്യമന്ത്രി കരുതുന്നെങ്കില്‍ അത് മൗഢ്യമാണെന്നും എന്തുവിലകൊടുത്തും കോണ്‍ഗ്രസ് അതിനെ നേരിടുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.മുഖ്യമന്ത്രി കറുപ്പ് നിറത്തോട് എന്തിനാണ് ഇത്രയേറെ അലര്‍ജി പ്രകടിപ്പിക്കുന്നത്. ഏകഛത്രാധിപതിയെപ്പോലെ ഭരിക്കാമെന്നത് മുഖ്യന്ത്രിയുടെ വ്യാമോഹം മാത്രമാണ്. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിലുണ്ടെന്ന കാര്യം മുഖ്യമന്ത്രി വിസ്മരിക്കരുത്.

KSUDHAKARAN

കൊലപാതകവും മോഷണവും ഉള്‍പ്പെടെ ക്രൈം നിരക്ക് ഉയര്‍ന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ ക്രമസമാധാനപാലനത്തിന് പോലും ആവശ്യത്തിന് പോലീസ് ഇല്ലെന്നിരിക്കെയാണ് വന്‍ പൊലീസ് സന്നാഹവുമായുള്ള മുഖ്യമന്ത്രിയുടെ ഊരുചുറ്റല്‍. - കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണങ്ങളില്‍ കേരളീയ സമൂഹത്തോട് മറുപടിപറയാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്.  തീക്കൊള്ളിക്കൊണ്ട് തല ചൊറിയുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെത്. ഇത് അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ അതിന്റെ പരിണിതഫലം ഈ സര്‍ക്കാര്‍ നേരിടേണ്ടിവരും.ജനാധിപത്യത്തെ മുഖ്യമന്ത്രി കശാപ്പുചെയ്യുകയാണ്.

Also Read: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടിച്ച് തള്ളി താഴെയിട്ട് ഇപി ജയരാജൻ

പോലീസിനെയും സിപിഎം ഗുണ്ടകളെയും അഴിച്ച് വിട്ട് നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെത്. സുരക്ഷയുടെ പേരില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന മുഖ്യമന്ത്രി കേരളത്തിനാകെ അപമാനമാണ്.മുഖ്യമന്ത്രിയുടെ സമയത്തിന് മാത്രമല്ല പൊതുജനങ്ങളുടെ സമയത്തിനും വിലയുണ്ടെന്ന് ഓര്‍മിക്കുന്നത് ഉചിതമായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News