ഭക്തിസാന്ദ്രമായി ജഗന്നാഥ രഥയാത്ര; വൻ ഭക്തജന തിരക്ക്

Huge crowd of devotees in Jagannath Rathayatra: കൃഷ്ണാവബോധ സമിതിയായ ഇസ്കോണിന്‍റെ നേതൃത്വത്തിലായിരുന്നു രഥയാത്ര സംഘടിപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 11:56 AM IST
  • ഇന്നലെ വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം പിഎംജിയിലെ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് രഥയാത്ര നഗര മധ്യത്തിലൂടെ കിഴക്കേക്കോട്ട് ശ്രീ പത്മാനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലെത്തി പ്രിയദർശിനി ഹാളിൽ സമാപിച്ചു.
  • ഭഗവാൻ ശ്രീകൃഷ്ണന്റെയും സഹോദരി സുഭദ്രാ ദേവിയുടെയും ബലഭദ്രന്‍റെയും ഏറ്റവും ആനന്ദ ദായകമായ രൂപമാണ് ജഗന്നാഥ രഥയാത്രയിൽ എത്തുന്നത്.
ഭക്തിസാന്ദ്രമായി ജഗന്നാഥ  രഥയാത്ര; വൻ ഭക്തജന തിരക്ക്

തിരുവന്തപുരം: പദ്മനാഭന്‍റെ മണ്ണിൽ ഭക്തിരസാമൃതം നിറച്ച് ജഗന്നാഥ രഥയാത്ര നടന്നു. ഇന്നലെ വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം പിഎംജിയിലെ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് രഥയാത്ര നഗര മധ്യത്തിലൂടെ കിഴക്കേക്കോട്ട് ശ്രീ പത്മാനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലെത്തി പ്രിയദർശിനി ഹാളിൽ സമാപിച്ചു. അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയായ ഇസ്കോണിന്‍റെ നേതൃത്വത്തിലായിരുന്നു രഥയാത്ര സംഘടിപ്പിച്ചത്. പുരി ജഗന്നാഥന്‍റെ നഗര പ്രദക്ഷിണമായ രഥയാത്രയാണ് അനന്തപുരിയുടെ മണ്ണിലും നടന്നത്.

പ്രത്യേകം തയ്യാറാക്കിയ രഥത്തിൽ ഭഗവാൻ ജഗന്നാഥനും സുഭദ്രാ ദേവിയും ബലഭദ്രനും ഭക്ത ജനങ്ങൾക്ക് അനുഗ്രഹമേകി. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രതീകമായ 16ാമത് രഥയാത്രയ്ക്കാണ്  അനന്തപുരി സാക്ഷിയായത്. ഭഗവാൻ ശ്രീകൃഷ്ണന്റെയും സഹോദരി സുഭദ്രാ ദേവിയുടെയും ബലഭദ്രന്‍റെയും ഏറ്റവും ആനന്ദ ദായകമായ രൂപമാണ് ജഗന്നാഥ രഥയാത്രയിൽ എത്തുന്നത്. പിഎംജിയിലെ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ നടന്ന ഭക്തിപൂർണമായ സത്സംഗ ഉത്ഘാടന ചടങ്ങിൽ ഇസ്കോൺ പള്ളിച്ചൽ പ്രസിഡന്‍റ് ശ്രീ ജഗത് സാക്ഷി ദാസിനും കാലചക്ര കൃഷ്ണദാസിനുമൊപ്പം  പ്രശസ്ത ചലച്ചിത്ര താരം സേതു ലക്ഷ്മിയും പങ്കുകൊണ്ടു.

അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി സ്ഥാപകാചാര്യൻ എ.സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദരാണ് പുരി ജഗന്നാഥന്‍റെ രഥയാത്ര ലോകത്തിന്‍റെ മുഴുവൻ രഥോത്സവമാക്കിത്തീർത്തത്. നൂറ് കണക്കിന് ഭക്ത ജനങ്ങൾ ഭഗനാന്‍റെ രഥം വലിക്കുവാനും നാമ സങ്കീർത്തനം ചെയ്യുവാനുമായി ഒത്തുകൂടി. രഥം നീങ്ങിയ പാതയോരത്തെത്തിയ ജനങ്ങൾക്കായി കൃഷ്ണാവബോധ പ്രചരണവും മധുരവും ഭക്ത ജനങ്ങൾ വിതരണം ചെയ്തു. രാധാ സമേതനായ ഗോപാല കൃഷണന്‍റെ ഫ്ലോട്ടും ശ്രീ ഹനുമാൻ സ്വാമിയുടെ രൂപം ധരിച്ചരും കോമരങ്ങളും ചെണ്ടമേളവും രഥോത്സവത്തിന് അകമ്പടിയായി.

പത്മനാഭ സ്വമി ക്ഷേത്രത്തിന് മുന്നിലെത്തി മധുരമായ നാമ സങ്കീർത്തനത്തിന് ശേഷം രഥയാത്ര പ്രിയദർശിനി ഹാളിൽ സമാപിച്ചു. ശേഷം സത്സംഗവും പ്രഭാഷണവും പ്രസാദ വിതരണവും നടന്നു. ഇന്ന് വൈകുന്നേരം തിരുവനന്തപും കാട്ടാക്കടിയിലും ജഗന്നാഥ രഥോത്സവം നടക്കും. ജങ്ഷനിൽ നിന്നാരംഭിച്ച് കാട്ടാൽ ദേവീ ക്ഷേത്രത്തിൽ സമാപിക്കും. 

Trending News