ഇടുക്കി: റവന്യൂ ഉത്തരവിന്റെ മറവിൽ ഇടുക്കിയിൽ വനഭൂമിയിൽ (Forest land) നിന്നടക്കം മരങ്ങൾ മുറിച്ച് കടത്തിയെന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. തിരുവനന്തപുരം ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ഷാനവാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം (Investigation team) ഇടുക്കിയിലെത്തി.
മരംമുറിക്കുന്നതിന് അനുമതിയുണ്ടെന്ന വ്യാജേന ചിന്നക്കനാലിൽ നിന്ന് 144 മരങ്ങളാണ് മുറിച്ച് കടത്തിയത്. പരാതി ഉയർന്നതോടെ ഏതാനും പേരെ അറസ്റ്റ് ചെയ്തെങ്കിലും മുറിച്ച് മാറ്റിയ തടി മുഴുവൻ കണ്ടെത്തിയില്ല. മരം മുറിക്ക് കൂട്ട് നിന്ന് ഉദ്യോഗസ്ഥരിലേക്കും ഉന്നതരിലേക്കും അന്വേഷണം വ്യാപിപ്പിച്ചില്ല. ഇടുക്കിയിലെ റെയ്ഞ്ച് ഓഫീസുകളിലെത്തി മരംമുറി സംബന്ധിച്ച രേഖകൾ അന്വേഷണ സംഘം ആദ്യം പരിശോധിക്കും.
ALSO READ: മുട്ടിൽ മരംമുറിക്കേസ്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി
ഉടുമ്പഞ്ചോലയിൽ റോഡ് വികസനത്തിന്റെ പേരിൽ അമ്പതോളം വൻമരങ്ങളാണ് മുറിച്ച് കടത്തിയതെന്നാണ് റിപ്പോർട്ട്. അനുമതി വാങ്ങാതെ മരം മുറിച്ച പൊതുമരാമത്ത് വകുപ്പ് (Public works department) ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ വനംവകുപ്പ് കേസെടുത്തു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് മരം മുറിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നു. എന്നാൽ അത്തരത്തിൽ ഒരു ഉത്തരവ് പുറത്തിറക്കിയിട്ടില്ലെന്നും നിർദേശം നൽകിയിട്ടില്ലെന്നുമാണ് കളക്ടർ വ്യക്തമാക്കുന്നത്.
മരംമുറിക്കേസിൽ അന്വേഷണ സംഘം ആദ്യം പരിശോധന നടത്തുന്നത് കുമളി ഫോറസ്റ്റ് റേഞ്ചിലാണ് (Forest range). അതേസമയം, മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട റവന്യൂവകുപ്പിന്റെ ഉത്തരവ് സദുദ്ദേശപരമായിരുന്നുവെന്ന് മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്തും ദുരുപയോഗം ചെയ്തും മരം മുറിച്ചെങ്കിൽ നടപടി ഉണ്ടാകുമെന്നും ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി.
ALSO READ: മുട്ടിൽ മരം മുറിക്കേസ് അന്വേഷണത്തിന് സ്റ്റേ ഇല്ല; പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി
ഉത്തരവിന് വിരുദ്ധമായി മരംമുറി നടന്നതോടെയാണ് ഉത്തരവ് പിൻവലിച്ചത്. കർഷക സംഘടനകളുടെയും കൃഷിക്കാരുടെയും അഭിപ്രായങ്ങൾ മാനിച്ചായിരുന്നു റവന്യൂ ഉത്തരവ്. മരവ്യാപാരികൾ ഓഫീസുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഒരു റോജിയേയും അറിയില്ലെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.