തിരുവനന്തപുരം: തോളിൽ ചുവന്ന ഡെലിവറി ബാഗ്, ടീ ഷർട്ട്, സ്കൂട്ടറിൽ സമയത്തിനെത്താൻ ഒാട്ടം. ഒാൺലൈനിൽ ഒാർഡർ ചെയ്ത ഭക്ഷണം എത്തിക്കുന്ന രണ്ട് വനിതകളുടെ കാഴ്ച സമ്മാനിക്കുന്നത് തിരുവനന്തപുരം നഗരമാണ്. നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും മറ്റെല്ലാരെയും പോലെ തന്നെ ഇവരുടെയും സാന്നിധ്യമുണ്ടാകും. പൊതുവേ, സ്ത്രീ സാന്നിധ്യം കുറവായ ഓൺലൈൻ ഫുഡ് ഡെലിവറി ടീമിൽ വ്യത്യസ്തയാർന്ന അനുഭവസാക്ഷ്യമാണ് ഈ രണ്ട് പെൺപടകളും.
നഗരത്തിലെ ഏറ്റവും മുതിർന്ന ഓൺലൈൻ ഫുഡ് ഡെലിവറി വനിതയാണ് എസ്. ബിന്ദു. തിരുമല സ്വദേശിനിയാണ് ബിന്ദു. വീട്ടുജോലിയിൽ തുടങ്ങി തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ ജോലിയും ചെയ്തിട്ടും കുടുംബം പോറ്റാൻ പെടാപ്പാട് പെടുന്നുണ്ട് ഇവർ. ഭക്ഷണവിതരണത്തിനിറങ്ങി തിരിച്ചിട്ട് മൂന്നേമുക്കാൽ കൊല്ലമായി. ആരിൽ നിന്നും മോശം അനുഭവമോ, ജീവിതത്തിൽ മറക്കാനാവാത്ത നല്ല അനുഭവമോ ഈ രംഗത്ത് തനിക്കുണ്ടായിട്ടില്ലെന്ന് ബിന്ദു പറയും.
ബിന്ദുവിനെ പോലെ മറ്റൊരു വ്യത്യസ്തയാർന്ന മുഖമാണ് അനില. ഓൺലൈൻ ഫുഡ് ഡെലിവറിയിൽ വരുമാനം കണ്ടെത്തിയാണ് അനില ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ജീവിതത്തിന്റെ പടവുകൾ താണ്ടാൻ കഷ്ടപ്പെടുകയാണീ പെൺകുട്ടി.
കൊവിഡ് മഹാമാരി അനിലക്ക് സമ്മാനിച്ചത് തീരാ ദുരിതവും നിറയെ വിഷമഘട്ടങ്ങളുമായിരുന്നു. എന്നാൽ, ആദ്യഘട്ടത്തിലെയും രണ്ടാംഘട്ടത്തിലെയും കൊവിഡ് കാലത്തേക്ക് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കുമ്പോൾ ഇപ്പോഴും അനിലയുടെ മനസ്സിൽ ആധിയുണ്ട്. സങ്കടക്കടലിൽ നിന്ന് മുക്തയാവാൻ മനസ്സിനെ പരുവപ്പെടുത്തി ഓരോ ദിനവും തള്ളിനീക്കിയിരുന്നത് ഒാർത്തെടുക്കുകയാണ് അനില. ഒമിക്രോൺ വ്യാപനമുണ്ടെങ്കിലും ജാഗ്രത മുൻകരുതലുകൾ ഉൾപ്പെടെ സ്വീകരിച്ചാണ് ജോലി ചെയ്യുന്നത്. ജീവിത പടവുകൾ ചവിട്ടിക്കയറി മാറ്റത്തിന്റെ പ്രതിബിംബമാവുന്നുണ്ട് ഈ മിടുമിടുക്കി.
കായംകുളം നൂറനാട് പടനിലം സ്വദേശിയായ അനിലയുടെ ജീവിതത്തിൽ പണം വില്ലനായത് വളരെ പെട്ടെന്നായിരുന്നു. പണം തകർത്തത് ഒരു കുടുംബത്തിന്റെയാകെ ജീവിത സാക്ഷാത്ക്കാരങ്ങളെയാകെയാണ്. അച്ഛൻ മധുസൂദനനും അമ്മയും അനിലയും സഹോദരിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു ഇവരുടേത്. അമ്മ ദീർഘനാൾ വൃക്കരോഗിയായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ പിന്നീട് അമ്മ മരിച്ചു.
അമ്മ സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയായിരുന്നു. പത്തുവർഷത്തോളം അമ്മ അവിടെ സേവനമനുഷ്ഠിച്ചു. പലയിടങ്ങളിൽ നിന്നായി കടംവാങ്ങിയായിരുന്നു അമ്മയുടെ ചികിത്സാചെലവുകൾ മുന്നോട്ടുപോയത്. അച്ഛൻ ദുബായിലെ ഒരു കമ്പനിയിൽ സുരക്ഷാ ജീവനക്കാരനായിരുന്നു. ഓൺലൈൻ ഡെലിവറി ടീമായ സൊമാറ്റോയിൽ ജോലിക്ക് കയറിയിട്ട് ഒരു വർഷം പിന്നിടുന്നു.
പെട്ടെന്ന് ജോലിസ്ഥലത്തെത്താൻ പേരൂർക്കടയിൽ വീടെടുത്ത് താമസിക്കുന്നു. കൂട്ടിന് മറ്റു രണ്ടു സ്ത്രീകളുമുണ്ട്. പ്രതിമാസം പതിനയ്യായിരത്തോളം രൂപ ഓൺലൈൻ ഫുഡ് ഡെലിവറിയിലൂടെ ഈ മിടുമിടുക്കി സമ്പാദിക്കുന്നു.
ജോലിയും ജീവിതവും മറ്റ് തരക്കേടുകൾ ഇല്ലാതെ ഒപ്പത്തിനൊപ്പം മുന്നോട്ടു കൊണ്ടു പോകുന്നു. ഭക്ഷണ വിതരണ സ്ഥാപനത്തിൽ പെൺകുട്ടികളായി അധികം ആളുകൾ കുറവാണ്. എങ്കിലും പ്രാരാബ്ധങ്ങൾക്കിടയിൽ ഈ മിടുമിടുക്കി എല്ലായിടത്തും പരമാവധി ഓടിയെത്താൻ ശ്രമിക്കാറുണ്ട്.
ഭക്ഷണ വിതരണത്തിനിടെ ചിലർ സ്നേഹം കൊണ്ട് ടിപ്പും നൽകാറുണ്ട്. യാത്രയ്ക്കിടയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ കാണുമ്പോൾ ആ ചെറിയ തുക അവർക്ക് കൈമാറും. അങ്ങനെ വ്യത്യസ്തതയാർന്ന നന്മയുടെ നിറകുടമായി പുഞ്ചിരിക്കുന്ന മുഖമായി അനിലയും കടന്നു പോകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...