Hema Committee Report: ഹേമ കമ്മിറ്റി റിപ്പോ‍ർട്ട്; ഹൈക്കോടതി ഇടപെടുന്നു, പ്രമുഖരുടെ പേരുകൾ മറനീക്കി പുറത്തേയ്ക്ക്?

High court on Hema Committee Report: മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച്, നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തുടങ്ങി നിരവധി ഗുരുതരമായ വിഷയങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 22, 2024, 05:19 PM IST
  • ഗുരുതരമായ മൊഴികള്‍ പല നടിമാരും നല്‍കിയിട്ടുണ്ട്.
  • വഴങ്ങാത്തവര്‍ക്ക് സിനിമയിൽ അവസരങ്ങള്‍ ലഭിക്കില്ല.
  • ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും ആധാരം ലൈംഗികത.
Hema Committee Report: ഹേമ കമ്മിറ്റി റിപ്പോ‍ർട്ട്; ഹൈക്കോടതി ഇടപെടുന്നു, പ്രമുഖരുടെ പേരുകൾ മറനീക്കി പുറത്തേയ്ക്ക്?

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സിനിമാ മേഖലയിലെ ചര്‍ച്ചാ വിഷയം. മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന കടുത്ത വെല്ലുവിളികളെല്ലാം മറനീക്കി പുറത്തുവന്നത് ഞെട്ടലോടെയാണ് സിനിമാ ആരാധകരും കേരളക്കര ഒന്നടങ്കവും കണ്ടുനിന്നത്. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷമുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 

മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച്, നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍, മാനസിക പീഡനങ്ങള്‍, ലിംഗ അനീതി, സൗകര്യങ്ങളുടെ അപര്യാപ്തത, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, ലഹരി ഉപയോഗം തുടങ്ങി നിരവധി ഗുരുതരമായ വിഷയങ്ങളാണ് 233 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 49-ാമത്തെ പേജിലെ 96-ാമത്തെ പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിരുന്നു. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് സർക്കാർ പുറത്തുവിട്ടത്.

ALSO READ: ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽ

സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും ഉള്‍പ്പെടെയുള്ള ലൈംഗിക താത്പ്പര്യങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന രീതിയില്‍ അധികാര ക്രമം മലയാള സിനിമാ മേഖലയിലുണ്ടെന്ന നിരവധി മൊഴികളാണ് കമ്മിറ്റിയ്ക്ക് ലഭിച്ചത്. അവസരം ലഭിക്കണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന ഗുരുതരമായ മൊഴികള്‍ പല നടിമാരും നല്‍കിയിട്ടുണ്ട്. വഴങ്ങാത്തവര്‍ക്ക് അവസരങ്ങള്‍ ലഭിക്കില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും ലൈംഗികത ആധാരമാക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ പ്രമുഖ നടന്‍മാര്‍ ഉള്‍പ്പെടെ ഉണ്ടെന്ന അത്യന്തം ഗുരുതരമായ പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതോടെ പ്രമുഖ നടന്‍മാര്‍ ആരൊക്കെയാണെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ കൊടുമ്പിരി കൊള്ളുന്നത്. ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരി​ഗണിച്ചുകൊണ്ട് ഹൈക്കോടതി കൂടെ ഇടപെട്ടതോടെ വിഷയം പുതിയ തലങ്ങളിലേയ്ക്ക് വഴിമാറുകയാണ്. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്താണ് ഇനി ചെയ്യാന്‍ പോകുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹര്‍ജിയിലെ സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞ കോടതി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസിന് നേരിട്ട് കേസ് എടുക്കാന്‍ കഴിയുന്ന കുറ്റങ്ങള്‍ ഉണ്ടോയെന്ന് കോടതി ചോദിച്ചു. മൊഴി നല്‍കിയവര്‍ക്ക് നേരിട്ട് മുമ്പില്‍ വരാന്‍ താത്പ്പര്യം ഉണ്ടോയെന്ന നിര്‍ണായകമായ ചോദ്യമാണ് റിപ്പോര്‍ട്ടിലെ പ്രമുഖരുടെ നെഞ്ചിടിപ്പേറ്റുന്നത്. അത്തരത്തില്‍ ഒരാള്‍ മുന്നോട്ട് വന്നാല്‍ മലയാള സിനിമയില്‍ പല തരത്തിലുള്ള പൊട്ടിത്തെറികളും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് കൃത്യമായ നിലപാട് ഉണ്ടെന്ന് വ്യക്തമാക്കി മന്ത്രി കെ.എന്‍ ബാലഗോപാല്‍ കൂടി രംഗത്തെത്തിയതോടെ വിഷയം ചൂടുപിടിച്ചിരിക്കുകയാണ്. സ്വമേധയാ കേസ് എടുക്കാന്‍ നിയമമുണ്ടെന്നും നിയമ നടപടികള്‍ സ്വീകരിക്കാന്‍ തടസമില്ലെന്നും മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. കേസ് എടുക്കണമെന്ന ആവശ്യത്തിൽ മൊഴി നൽകിയാൽ നടപടി സ്വീകരിക്കുമെന്ന 
നിലപാടിലാണ് സര്‍ക്കാര്‍. വരും ദിവസങ്ങളിൽ മൊഴി നൽകിയവരിൽ ആരെങ്കിലും പരാതിയുമായി ധൈര്യസമേതം മുന്നോട്ട് വന്നാൽ അത് മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത സങ്കീ‍ർണതകളിലേയ്ക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കും എന്നതിൽ സംശയമില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News