തൃശൂർ: മഴക്കെടുതികളെ നേരിടുന്നതിന് സര്‍വ്വ സജ്ജമായി നിലനില്‍ക്കുന്നതിന് എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്‍. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തൃശ്ശൂര്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ള ജനങ്ങളെ എത്രയും വേഗം മാറ്റിപാര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചാലക്കുടി മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ എംഎല്‍എ സനീഷ് കുമാര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശനം നടത്തി പ്രതികരിക്കുകയായിരുന്നു മന്ത്രി.
ചാലക്കുടി പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിന് ഒഴുകിയെത്തിയ മരങ്ങള്‍ നീക്കം ചെയ്യും. വില്ലേജുകളിലെ സ്‌കൂള്‍ ബസുകള്‍ ഉപയോഗിച്ച് ആളുകളെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പികുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും മന്ത്രി അറിയിച്ചു. അടുപ്പിച്ചു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. 2018 ലെ പ്രളയം ഏറെ ബാധിച്ച ഒരു പ്രദേശം കൂടെയാണ് ചാലക്കുടി. അതുകൊണ്ട് തന്നെ അടിയന്തരമായ ഒരു ഇടപെടല്‍ ചാലക്കുടിയില്‍ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്യാമ്പിലേക്ക് മാറുന്നവര്‍ നിര്‍ബന്ധമായും ജാഗ്രതാ നിര്‍ദേശങ്ങള്‍ കഴിയുന്നതുവരെ അവിടെ തന്നെ തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു.
Read Also: Viral Video: കാമുകന്റെ മുന്നിൽ വെച്ച് കാമുകിയെ ഉമ്മ വച്ചു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ക്യാമ്പില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ളവ ഒരുക്കും. റവന്യൂ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ളവര്‍ അവിടെ തന്നെ തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു. വെള്ളം കയറിയ ചാലക്കുടി ശാന്തിപുരം ഡിവൈന്‍ കെയര്‍ സെന്റര്‍, ഡിവൈന്‍ ഡീഅഡിക്ഷന്‍ സെന്റര്‍ എന്നിവിടങ്ങളിലും ചാലക്കുടി വെട്ടുകടവ് പാലത്തില്‍ മരംകുടുങ്ങിയ പ്രദേശത്തും മന്ത്രി കെ രാജനും എംഎല്‍എ സനീഷ് കുമാറും കലക്ടര്‍ ഹരിത വി കുമാറും സന്ദര്‍ശനം നടത്തി. അടിയന്തര ഘട്ടങ്ങളില്‍ റവന്യൂമന്ത്രിയുടെ ഓഫീസിലെയും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലെയും കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസമായി പെയ്യുന്ന തോരാമഴയിൽ തൃശ്ശൂരിന്‍റെ തീരദേശത്ത് പ്രളയ സമാനമായ വെള്ളക്കെട്ട് രൂപപ്പെട്ടു. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കാനകൾ കവിഞ്ഞൊഴുകി വെള്ളം റോഡുകളിൽ പരന്നൊഴുകുന്നതിനാൽ ചിലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ചെന്ത്രാപ്പിന്നി സെൻ്ററിൽ കാന നിറഞ്ഞ് ദേശീയപാതയിലൂടെ ഒഴുകുന്നതിനാൽ ഇവിടേയും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നാട്ടുകാരും പോലീസും ചേർന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പ്രദേശത്തെ ഇരുപതോളം കടകളിൽ വെള്ളം കയറിയത് മൂലം സ്ഥാപനം തുറക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
ചെന്ത്രാപ്പിന്നി എസ്.എൻ.വിദ്യാഭവൻ സ്‌കൂളും, പരിസര പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിലാണ്. ചെന്ത്രാപ്പിന്നി അലുവതെരുവിന് തെക്ക് ഭാഗത്ത് ഇരുനില വീടിൻ്റെ അടിത്തറ ഭാഗികമായി തകർന്നു. കാഞ്ഞാണി സ്വദേശി സുനിൽ കുമാറിൻ്റെ ഉടമസ്ഥതയിലുള്ള വീടിൻ്റെ ഒരുഭാഗമാണ് കാനയിലേക്ക് തകർന്ന് വീണത്. കയ്‌പമംഗലം കൂരിക്കുഴി സലഫി നഗറിന് സമീപം ഇരുനൂറിലധികം വീടുകൾ വെള്ളത്തിലായി. കയ്‌പമംഗലം കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്.
പെരിഞ്ഞനം പടിഞ്ഞാറ് വെള്ളക്കെട്ടിലകപ്പെട്ട കുടുംബങ്ങളെ രാവിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ക്യാമ്പുകളിലേക്ക് മാറ്റി. കിഴക്കൻ മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്. എടത്തിരുത്തി, കയ്‌പമംഗലം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പലരും ക്യാമ്പിൽ വരാതെ ബന്ധു വീടുകളിലേക്കും മാറിയിട്ടുണ്ട്. മഴ തുടർന്നാൽ കൂടുതൽ പേർ ക്യാമ്പുകളിലെത്താൻ സാധ്യതയുണ്ട്. ക്യാമ്പുകളിലുള്ളവർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...