സർക്കാരിന് തിരിച്ചടി; ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി

ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി. ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഹൈക്കോടതി വിമർശിച്ചു

Written by - Zee Malayalam News Desk | Last Updated : Apr 16, 2021, 12:28 PM IST
  • രണ്ട് കേസുകളിലും യാതൊരു തുടർനടപടികളും പാടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്
  • പരാതിക്കാർക്ക് ആർക്കെങ്കിലും ഹൈക്കോടതി ഉത്തരവിന് ശേഷവും പരാതി നിലനിൽക്കുന്നുണ്ടെങ്കിൽ ഈ കേസ് പരി​ഗണിക്കുന്ന പ്രത്യേക കോടതിയെ സമീപിക്കാം
  • ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി
  • ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഹൈക്കോടതി വിമർശിച്ചു
സർക്കാരിന് തിരിച്ചടി; ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് (Crime Branch) രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും അന്വേഷണവും ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും റദ്ദാക്കിയത്. ഇഡിയുടെ ഹർജി പരി​ഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. എഫ്ഐആറുകൾ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ (High Court) ഉത്തരവ് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ്.

ഏതെങ്കിലും തരത്തിൽ കൃത്രിമ തെളിവ് ഉണ്ടാക്കാൻ ഇഡി ശ്രമിച്ചെന്ന് ആരോപണമുണ്ടെങ്കിൽ കേസ് പരി​ഗണിക്കുന്ന കോടതിയിലാണ് ക്രൈംബ്രാഞ്ച് പരാതി നൽകേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും അന്വേഷണ ഏജൻസികൾ തമ്മിൽ നടക്കുന്ന നിയമപോരാട്ടത്തിലെ വഴിത്തിരിവാണ് ഈ ഉത്തരവ്. കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നിട്ടില്ല. ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി. ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഹൈക്കോടതി വിമർശിച്ചു.

ALSO READ: Swapna Suresh നെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (Enforcement Directorate) രണ്ട് എഫ്ഐആറുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നത്. ഒന്ന് സ്വപ്ന സുരേഷിന്റെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ടതായിരുന്നു. രണ്ടാമത്തേത് സ്വർണക്കടത്ത് കേസ് (Gold Smuggling Case) പ്രതിയായ സന്ദീപ് നായർ കോടതിയിൽ നൽകിയിരിക്കുന്ന മൊഴിയുമായി ബന്ധപ്പെട്ടതാണ്. ഈ മൊഴിയിലും ശബ്ദരേഖയിലും പറഞ്ഞിരിക്കുന്നത് മുഖ്യമന്ത്രി അടക്കം സംസ്ഥാന സർക്കാരിന്റെ തലപ്പത്ത് ഇരിക്കുന്ന പ്രധാന നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിക്കുന്നുവെന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജതെളിവുണ്ടാക്കാൻ ഇഡി ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഈ എഫ്ഐആറുകളാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

ക്രൈംബ്രാഞ്ചിന്റെ നടപടിക്കെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ അന്വേഷണത്തെ ബാധിക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഇഡി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസിക്ക് കേന്ദ്ര അന്വേഷണ ഏജൻസിയുടെ അധികാരപരിധിയിൽ കടന്ന് കയറാൻ കഴിയില്ലെന്നും ഇഡി ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ അം​ഗീകരിച്ചുകൊണ്ടാണ് എഫ്ഐആറുകൾ നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

ALSO READ: ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ED നൽകിയ ഹർജിയിൽ ഇന്ന് വിധി

ഈ രണ്ട് കേസുകളിലും യാതൊരു തുടർനടപടികളും പാടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്. പരാതിക്കാർക്ക് ആർക്കെങ്കിലും ഹൈക്കോടതി ഉത്തരവിന് ശേഷവും പരാതി നിലനിൽക്കുന്നുണ്ടെങ്കിൽ ഈ കേസ് പരി​ഗണിക്കുന്ന പ്രത്യേക കോടതിയെ സമീപിക്കാം. അവിടെ തുടർ നിയമനടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിൽ ഒരാൾ സന്ദീപ് നായരാണ്. കോടതിക്ക് മുമ്പാകെ, മുഖ്യമന്ത്രിക്ക് എതിരെ അടക്കം മൊഴി നൽകാൻ ഇഡി നിർബന്ധിക്കുന്നുവെന്ന് സന്ദീപ് നായർ കത്ത് നൽകിയിരുന്നു. ഇതിൽ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പ്രത്യേക കോടതി മുമ്പാകെ ബോധിപ്പിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്.

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ പ്രത്യേക കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. പ്രത്യേക കോടതി ജഡ്ജിക്ക് ഇത് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ അന്വേഷണത്തിന് ഉത്തരവിടാം. ഇത് പരിശോധിക്കാൻ എത്രയും പെട്ടെന്ന് സ്പെഷ്യൽ കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News